പ്രശസ്ത സംവിധായകന്‍ എസ് എസ് രാജമൗലിയും കുടുംബവും കൊവിഡ് മുക്തരായി. രോഗബാധിതരായി രണ്ട് ആഴ്ചകള്‍ക്കു ശേഷമാണ് രാജമൗലിയുടെയും കുടുംബത്തിന്റെയും കൊവിഡ് ടെസ്റ്റ് നെഗറ്റീവായത്. കൊവിഡ് മുക്തമായ വിവരം തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലാണ് രാജമൗലി പങ്കുവച്ചത്. ജൂലായ് 29നാണ് ഇദ്ദേഹത്തിനും കുടുംബത്തിനും കൊവിഡ് ബാധ സ്ഥിരീകരിക്കപ്പെട്ടത്.
2 ആഴ്ചത്തെ ക്വാറന്റീന്‍ അവസാനിച്ചിരിക്കുന്നു. ലക്ഷണങ്ങളില്ല. ടെസ്റ്റ് ചെയ്തപ്പോള്‍ എല്ലാവര്‍ക്കും നെഗറ്റീവാണ്. പ്ലാസ്മ ദാനം ചെയ്യുന്നതിനു മതിയായ ആന്റിബോഡികള്‍ ഉത്പാദിപ്പിക്കപ്പെടാന്‍ 3 ആഴ്ച കാത്തിരിക്കണമെന്ന് ഡോക്ടര്‍ പറഞ്ഞു’- രാജമൗലി തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ കുറിച്ചു
2001ല്‍ സ്റ്റുഡന്റ് നമ്പര്‍ വണ്‍ എന്ന സിനിമയിലൂടെയാണ് രാജമൗലി സിനിമാ മേഖലയില്‍ എത്തുന്നത്. മഗധീര (2009), ഈഗ (2012) എന്നീ സിനിമകള്‍ അദ്ദേഹത്തെ തെലുങ്ക് സിനിമയിലെ സൂപ്പര്‍ സംവിധായകനാക്കി. ബാഹുബലി ചിത്രങ്ങളിലൂടെ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സംവിധായകരില്‍ ഒരാള്‍ എന്ന നേട്ടവും അദ്ദേഹത്തിനു സ്വന്തമായി.