തമിഴ്നാട്ടില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക്

ചെന്നൈ: തമിഴ്നാട്ടില്‍ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക് അടുക്കുന്നു. 2,96,901 പേര്‍ക്കാണ് ഇതുവരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇന്ന് മാത്രം 5,994 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

119 പേരാണ് ഞായറാഴ്ച മാത്രം രോഗം ബാധിച്ച് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 4,927 ആയതായി സംസ്ഥാന ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.

6,020 പേരാണ് ഇന്ന് രോഗമുക്തരായി ആശുപത്രി വിട്ടത്. ഇതോടെ സംസ്ഥാനത്ത് രോഗമുക്തരായവരുടെ എണ്ണം 2,38,638 ആയി. 53,336 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

അതിനിടെ കര്‍ണാടക ആരോഗ്യവകുപ്പ് മന്ത്രി ബി ശ്രീരാമലുവിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

ബംഗളുരു ശിവാജി നഗറിലെ ബൗറിങ് ആശുപത്രിയിലാണ് മന്ത്രി ഇപ്പോഴുള്ളത്. രോഗമുക്തി നേടി ഉടന്‍ കര്‍മനിരതനാകാന്‍ കഴിയുമെന്ന ആത്മവിശ്വാസം ഉണ്ടെന്ന് മന്ത്രി ട്വീറ്റ് ചെയ്തു. യെദ്യൂരപ്പ മന്ത്രിസഭയില്‍ കോവിഡ് ബാധിതനാകുന്ന ആറാമത്തെയാളാണ് ശ്രീരാമലു.

Similar Articles

Comments

Advertismentspot_img

Most Popular