മൂന്നാർ : രാജമല പെട്ടിമുടിയിൽ മണ്ണിടിച്ചിലിൽ കാണാതായ 17 പേരുടെ മൃതദേഹങ്ങൾകൂടി കണ്ടെത്തി. ഇതോടെ മരിച്ചവരുടെ എണ്ണം 43 ആയി. ആറു മാസം പ്രായമായ കുട്ടിയുടേത് ഉള്‍പ്പെടെയുള്ള മൃതദേഹമാണ് ഞായറാഴ്ച കണ്ടെടുത്തത്. അരുണ്‍ മഹേശ്വരന്‍ (39), പവനത്തായി (53), ചെല്ലദുരൈ (53), തങ്കമ്മാള്‍ ഗണേശന്‍ (45), തങ്കമ്മാള്‍ (45) , ചന്ദ്ര (63), മണികണ്ഠന്‍ (22), റോസ്ലിന്‍ മേരി (53) കപില്‍ ദേവ് (25) അഞ്ജു മോള്‍ (21), സഞ്ജയ് (14), അച്ചുതന്‍ (52), ലക്ഷണശ്രീ (7), ഗായത്രി (25), സരസ്വതി (60), ഏസയ്യ (55) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. എട്ട് പേരുടെ മൃതദേഹം സമീപത്തെ അരുവിയിൽ നിന്നാണ് കണ്ടെടുത്തത്.
പ്രതികൂല കാലാവസ്‌ഥയെ തുടർന്ന് നിർത്തിവച്ച രക്ഷാപ്രവർത്തനം ഞായറാഴ്ച രാവിലെ വീണ്ടും തുടങ്ങി. 23 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ഉരുൾപൊട്ടലുണ്ടായ സ്ഥലത്ത് 200 ദുരന്തനിവാരണ സേനാംഗങ്ങൾ തിരച്ചിൽ നടത്തുന്നുണ്ട്. ജില്ലാ പൊലീസ് സേനയുടെ പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് സ്ക്വാഡും പരിശോധനയിൽ പങ്കെടുക്കുന്നു.
കേന്ദ്രമന്ത്രി വി.മുരളീധരൻ, മന്ത്രി കെ.രാജു, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവർ സംഭവ സ്ഥലം സന്ദർശിക്കും. കനത്ത മഴയും പ്രതികൂല കാലാവസ്ഥയും തടസ്സമാകുമ്പോഴും പെട്ടിമുടിയുടെ മണ്ണിലമർന്നവരെ കണ്ടെത്താനുള്ള തിരച്ചിൽ അതിസാഹസികമായി നടക്കുകയാണ്. ചവിട്ടിയാൽ അരയൊപ്പം വിഴുങ്ങുന്ന ചെളി നീക്കം ചെയ്തുള്ള രക്ഷാപ്രവർത്തനം അഗ്നിശമന സേനയുടെയും ദുരന്ത നിവാരണ സേനയുടെയും നേതൃത്വത്തിലാണു നടക്കുന്നത്.
പ്രതിസന്ധിയിലും പോരാടുന്ന ഈ മനുഷ്യരുടെ കരുത്തിലാണ് പകുതിയോളം ആളുകളെ എങ്കിലും കണ്ടെത്താനായത്. രാഷ്ട്രീയ, സന്നദ്ധ സംഘടനകളിൽ അംഗങ്ങളായ പ്രവർത്തകരും പിന്തുണയുമായി ഇവിടെയുണ്ട്. മണ്ണിനടിയിലെ ജീവനുകൾക്കായി വിശ്രമമില്ലാതെ പരതുന്ന രക്ഷാപ്രവർത്തകരോട് പക്ഷേ, പ്രകൃതി കരുണ കാണിക്കുന്നില്ല. മഴയായും മഞ്ഞായും കാറ്റായും രക്ഷാപ്രവർത്തനം കൂടുതൽ ദുഷ്കരമാക്കുകയാണ് കാലാവസ്ഥ.
പ്രദേശത്ത് വീണ്ടും ചെറിയ മണ്ണിടിച്ചിൽ ഉണ്ടാകുന്നുണ്ട്. കുത്തൊഴുക്കായി മലവെള്ളം എത്തിയതും വെല്ലുവിളിയായി. പെട്ടിമുടിയിലെ 3 ഏക്കർ പ്രദേശത്താണ് കല്ലും മണ്ണും നിറഞ്ഞത്. ഇതിൽ അവസാനഭാഗത്തായിരുന്നു പെട്ടിമുടി ലയങ്ങൾ. മണ്ണുമാന്തി യന്ത്രങ്ങൾക്കു സഞ്ചരിക്കാൻ ചതുപ്പുപ്രദേശങ്ങളിൽ മരങ്ങൾ മുറിച്ചിട്ടു വഴിയൊരുക്കി. മണ്ണിനടിയിൽ കുടുങ്ങിയവരെ കണ്ടെത്താൻ നാട്ടുകാരുടെ സഹായത്തോടെ ലയങ്ങളുടെ സ്ഥാനം കണക്കാക്കി.
7 മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചാണ് തിരച്ചിൽ. പ്രദേശത്ത് വൈദ്യുതി ഇതുവരെ പുനഃസ്ഥാപിക്കാത്തതിനാൽ രാത്രി തിരച്ചിൽ തുടരാന്‍ കഴിയുന്നില്ല. ഇതിനു പുറമെ ഉരുൾപൊട്ടൽ സാധ്യതയുമുണ്ട്. കാലാവസ്ഥ അനുകൂലമായില്ലെങ്കിൽ മൃതദേഹങ്ങൾ കണ്ടെടുക്കൽ ഇനിയും വൈകുമെന്നാണ് ആശങ്ക.