തിരുവനന്തപുരം: കടുത്ത വരള്‍ച്ചയ്ക്ക് അറുതിവരുത്തി ഈ ആഴ്ച തന്നെ കാലവര്‍ഷം കേരളതീരം തൊടും. തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷക്കാറ്റ് മുന്നോട്ട് നീങ്ങുന്നതാണ് പ്രതീക്ഷയ്ക്ക് വക നല്‍കുന്നത്. ബുധനാഴ്ചക്ക് ശേഷം ഏതു നിമിഷവും മഴ സംസ്ഥാനത്ത് സജീവമാകുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ പ്രവചനം. സാധാരണ മെയ് അവസാനമോ ജൂണ്‍ ആദ്യമോ ആണ് കാലവര്‍ഷം കേരളത്തിലെത്തേണ്ടത്. എന്നാല്‍ ഇക്കുറി കാലവര്‍ഷക്കാറ്റ് ആന്‍ഡമാന്‍ മേഖലയിലെത്താന്‍ അല്‍പ്പം വൈകി.
ബംഗാള്‍ ഉള്‍ക്കടല്‍ വഴി ശ്രീലങ്കയ്ക്ക് തെക്ക് കാലവര്‍ഷക്കാറ്റ് എത്തി. അതുവഴി വരും ദിവസങ്ങളില്‍ ശ്രീലങ്കയില്‍ കനത്ത മഴ ലഭിക്കും. അറബിക്കടലില്‍ അനുകൂല ഘടകങ്ങള്‍ രൂപപ്പെടുന്നതിനാല്‍ പടിഞ്ഞാറന്‍ കാറ്റിന്റെ വേഗം വര്‍ധിക്കും. നിലവില്‍ അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദ്ദ മേഖലകള്‍ രൂപപ്പെട്ടിട്ടുണ്ട്. ഇപ്പോഴത്തെ വിലയിരുത്തല്‍ പ്രകാരം കാലവര്‍ഷത്തിന്റെ അരങ്ങേറ്റം ശക്തമായിരിക്കില്ലെങ്കിലും പിന്നീട് മെച്ചപ്പെടും.
ജൂണ്‍ മുതല്‍ സെപ്തംബര്‍വരെയാണ് മണ്‍സൂണ്‍ കാലം. കേരളമുള്‍പ്പെടുന്ന തെക്കന്‍ മേഖലയില്‍ കാലവര്‍ഷത്തില്‍ 92 ശതമാനം മഴ ലഭിക്കുമെന്നും വകുപ്പ് പറയുന്നു. ആഗസ്തില്‍ രാജ്യത്ത് 99 ശതമാനം മഴ ലഭിക്കുമെന്നും പ്രവചനമുണ്ട്. കഴിഞ്ഞ വര്‍ഷം മെയ് 29 നായിരുന്നു കാലവര്‍ഷം കേരളത്തിലെത്തിയത്. 2017ല്‍ മെയ് 30 നും. ജൂണ്‍ എട്ടിനായിരുന്നു 2016 ലെ കാലവര്‍ഷ പ്രവേശം.