ദിഷയുടെ ദേഹത്ത് അസ്വാഭാവിക പരുക്കുകൾ; പോസ്റ്റ്മോർട്ടം വൈകിയോ? പൊലീസിനെ സംശയം

മുംബൈ : ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മുൻ മാനേജർ ദിഷ സാലിയന്റെ മരണത്തിൽ മുംബൈ പൊലീസിന്റെ നിലപാട് സംശയകരമെന്ന് ആരോപണം. ദിഷയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തു വന്നതോടെ മുംബൈ പൊലീസിന്റെ വീഴ്ചകൾ അക്കമിട്ടു രംഗത്തു വന്നിരിക്കുകയാണ് ദേശീയ മാധ്യമങ്ങൾ.

സുശാന്ത് ജീവനൊടുക്കിയതിന് ഒരാഴ്ച മുൻപ് ജൂൺ 8 നാണ് മുംബൈ മലാഡിലെ കെട്ടിട സമുച്ചയത്തിൽനിന്നു വീണു മരിച്ച നിലയിൽ ദിഷയെ കണ്ടെത്തിയത്. സുശാന്ത് മരിച്ചപ്പോൾ അതിനെ ദിഷയുടെ മരണവുമായി ബന്ധിപ്പിക്കേണ്ടതില്ലെന്നായിരുന്നു മുംബൈ പൊലീസിന്റെ നിലപാട്. അന്വേഷണം തൃപ്തികരമല്ലെന്ന് ആരോപിച്ച് സുശാന്തിന്റെ പിതാവ് ബിഹാർ പൊലീസിനു പരാതി നൽകി.

ബിഹാർ പൊലീസിനോട് തുടക്കം മുതൽ മുംബൈ പൊലീസ് കാട്ടിയ നിസ്സഹകരണം സംശയകരമാണെന്ന് മാധ്യമങ്ങളടക്കം ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി, ദിഷ സാലിയന്റെ മരണവുമായി ബന്ധപ്പെട്ട ഫയലുകൾ ബിഹാർ പൊലീസിന് കൈമാറാനാകില്ലെന്ന് മുംബൈ പൊലീസ് വ്യക്തമാക്കി. സുശാന്തിന്റെ കാമുകിയും ഇപ്പോൾ ആരോപണ വിധേയയുമായ റിയ ചക്രവർത്തിയുടെ മാനേജരായും ദിഷ പ്രവർത്തിച്ചിട്ടുണ്ട്.

ഇതാണ് നടന്റെയും ദിഷയുടെയും മരണങ്ങൾ തമ്മിൽ ബന്ധമുണ്ടോ എന്നന്വേഷിക്കാൻ ബിഹാർ പൊലീസിനെ പ്രേരിപ്പിച്ചത്. ദിഷയുടെ മരണം സംബന്ധിച്ച പല നിർണായക വിവരങ്ങളും നശിപ്പിക്കാൻ മുംബൈ പൊലീസ് ശ്രമിച്ചെന്നു തുടക്കം മുതൽ പരാതി ഉണ്ടായിരുന്നു. രണ്ടു മരണങ്ങളും തമ്മിൽ ബന്ധമുണ്ടോയെന്ന് പരിശോധിക്കണമെന്ന ബിഹാർ പൊലീസിന്റെ ആവശ്യത്തെ ഫയലുകൾ കാണാനില്ലെന്ന ഒഴുക്കൻ മറുപടിയുമായാണ് മുംബൈ പൊലീസ് പ്രതിരോധിച്ചത്.

പക്ഷേ ദിഷയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തു വന്നതോടെയാണ് മുംബൈ പൊലീസിന്റെ വീഴ്ചകൾ വ്യക്തമാക്കി ദേശീയ മാധ്യമങ്ങൾ രംഗത്തെത്തിയത്. തലയ്ക്കേറ്റ പരുക്കുകൾ കൂടാതെ ദിഷയുടെ ശരീരത്തിൽ ചില അസ്വാഭാവിക പരുക്കുകൾ കൂടി കണ്ടെത്തിയതായി കഴിഞ്ഞ ദിവസം പുറത്തു വന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാണ്. ജൂൺ 8 ന് മരിച്ച ദിഷയുടെ പോസ്റ്റ്മോർട്ടം ജൂൺ 11 ന് ആണ് നടന്നത്. അതു വൈകിപ്പിച്ചത് ബോധപൂർവമാണെന്നും പരാതിയുയർന്നിരുന്നു.

മൃതദേഹത്തിലുണ്ടായിരുന്ന വസ്ത്രങ്ങൾ പരിശോധനയ്ക്ക് അയയ്ക്കാനോ തുടർപരിശോധനയ്ക്കായി സൂക്ഷിക്കാനോ മുംബൈ പൊലീസ് തയാറായില്ല. ഇത് വിമർശനത്തിന് കാരണമായി. തെളിവെടുപ്പിന് ഫൊറൻസിക് സംഘമെത്താതിരുന്നതും സംശയകരമായിരുന്നു. ദിഷയുടെ മരണത്തിൽ തന്റെ പേര് വലിച്ചിഴയ്ക്കുന്നതിനെതിരെ നടൻ സൂരജ് പാഞ്ചോളി രംഗത്തെത്തി. തന്റെയും ദിഷയുടേതും എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രങ്ങൾ സുഹൃത്ത് അനുശ്രീ ഗൗറിന്റെതെന്നു വ്യക്തമാക്കിയ സൂരജ് ജീവിതത്തിൽ ഒരിക്കൽ പോലും ദിഷയെ കണ്ടിട്ടില്ലെന്നും പറഞ്ഞു.

ദിഷയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ അസ്വാഭാവികത ഒന്നുമില്ലെന്നും മുംബൈ പൊലീസിന്റെ അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നുമാണ് ദിഷയുടെ കുടുംബം പറയുന്നത്. കേസ് അട്ടിമറിക്കാൻ മഹാരാഷ്ട്ര സർക്കാർ തലത്തിൽ ശ്രമങ്ങളുണ്ടെന്നും ദിഷയുടെ കുടുംബത്തിനു മേൽ സമ്മർദം ഉണ്ടെന്നുമുള്ള ആരോപണവുമായി ബിജെപി രംഗത്തത്തി.

Similar Articles

Comments

Advertisment

Most Popular

കോഴിക്കോട് ജില്ലയില്‍ 690 പേര്‍ക്ക് കോവിഡ്

കോഴിക്കോട് ജില്ലയില്‍ ഇന്ന് 690 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിയ ഒരാൾക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 15 പേര്‍ക്കുമാണ് പോസിറ്റീവായത്. 39 പേരുടെ ഉറവിടം...

കോട്ടയം ജില്ലയിൽ 322 പേർക്ക് കോവിഡ് :318 പേർക്കും സമ്പർക്കത്തിലൂടെ രോഗം കം

കോട്ടയം ജില്ലയില്‍ 322 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. 318 സമ്പര്‍ത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ നാലു പേര്‍ മറ്റു ജില്ലക്കാരാണ്. രണ്ട് ആരോഗ്യ പ്രവര്‍ത്തകരും സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ...

എറണാകുളം ജില്ലയിൽ 655 പേർക്ക് കൊവിഡ്

എറണാകുളം :ജില്ലയിൽ ഇന്ന് 655 പേർക്ക് രോഗം സ്ഥിരീകരിച്ചു. *വിദേശം / ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവർ- 17* • ജാർഖണ്ഡ് സ്വദേശി (53) • ഡൽഹി സ്വദേശി...