ചൈനയിൽ പുതിയ വൈറസ്: വില്ലനായി ചെള്ളുകള്‍; 7 മരണം, 60 പേർക്ക് രോഗം

ബെയ്ജിങ്: കൊറോണ വൈറസിനു പിന്നാലെ ചൈനയിൽ പുതിയ വൈറസ് ബാധ. ഒരിനം ചെള്ള് കടിക്കുന്നതുമൂലം ഉണ്ടാകുന്ന വൈറസ് ബാധിച്ച് ഏഴു പേർ മരിച്ചതായും 60 പേർക്ക് രോഗം ബാധിച്ചതായും വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബുനിയ വൈറസ് വിഭാഗത്തില്‍പെടുന്ന സിവെർ ഫിവർ വിത്ത് ത്രോംബോസൈറ്റോഫീനിയ സിൻഡ്രോം (എസ്‌എഫ്‌ടി‌എസ്) എന്ന വൈറസാണിത്. ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിലെ 37 പേർക്കും അൻഹുയി പ്രവിശ്യയിൽ 23 പേർക്കുമാണ് വൈറസ് ബാധിച്ചത്.

ജിയാങ്‌സുവിന്റെ തലസ്ഥാനമായ നാൻ‌ജിങ്ങിലെ വാങ് എന്ന സ്ത്രീക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. പനി, ചുമ തുടങ്ങിയ ലക്ഷണങ്ങളുടെ ആശുപത്രിയിൽ പ്രവേശിച്ച ഇവർക്ക് ശരീരത്തിലെ രക്ത പ്ലേറ്റ്‌ലെറ്റുകളുടെയും ല്യൂകോസൈറ്റിന്റെയും കുറവ് കണ്ടെത്തി. ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷം വാങ്ങിനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.

കഴിഞ്ഞ നവംബറിൽ തായ്‌വാനിൽ ആദ്യത്തെ എസ്‌എഫ്‌ടി‌എസ് കേസ് സ്ഥിരീകരിച്ചിരുന്നു. രോഗം സ്ഥിരീകരിച്ച 70 കാരന് പനിയും ഛർദ്ദിയും ഉണ്ടായിരുന്നു. അദ്ദേഹം രാജ്യാന്തര യാത്രകളൊന്നും നടത്തിയിരുന്നില്ല. പക്ഷേ പതിവായി കുന്നുകളിലേക്ക് യാത്ര നടത്തിയിരുന്നു. ഇതേത്തുടർന്ന്, മരങ്ങളുള്ള പ്രദേശങ്ങളിലും ചെള്ളുകൾ ഉണ്ടാവാൻ സാധ്യതയുള്ള മറ്റു പ്രദേശങ്ങളിലും ഷോർട്സ് ധരിക്കുന്നത് ഒഴിവാക്കാൻ തായ്‌വാൻ സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ പൊതുജനങ്ങള്‍ക്ക് നിർദേശം നല്‍കിയിരുന്നു.

എസ്‌എഫ്‌ടി‌എസ് വൈറസ് പുതിയ വൈറസ് അല്ലെന്നും 2011 ൽ ബുനിയ വൈറസ് വിഭാഗത്തിൽപെടുന്ന ഇതിന്റെ പതോജെനുകളെ വേർതിരിച്ചതാണെന്നും പറയുന്നു. എന്നാൽ, ചെള്ളിൽ നിന്ന് മനുഷ്യരിലേക്ക് പകർന്നതാകാനിടയുള്ള വൈറസ് മനുഷ്യനിൽ നിന്ന് മനുഷ്യരിലേക്ക് പകരാനുള്ള സാധ്യത ഒഴിവാക്കാനാവില്ലെന്ന് സെജിയാങ് സർവകലാശാലയുടെ കീഴിലുള്ള ആശുപത്രിയിലെ ഡോക്ടർ ഷെങ് ജിഫാങ് പറഞ്ഞു. രക്തത്തിലൂടെയോ കഫം വഴിയോ വൈറസ് പകരാം. ജാഗ്രത പാലിക്കുന്നിടത്തോളം കാലം പകർച്ചവ്യാധിയെക്കുറിച്ച് പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും ഡോക്ടർമാർ പറയുന്നു.

എസ്‌എഫ്‌ടി‌എസിന്റെ ഇൻകുബേഷൻ കാലാവധി 7 മുതൽ 14 ദിവസമാണ്. പനി, ക്ഷീണം, ഓക്കാനം, വയറുവേദന, വിശപ്പില്ലായ്മ എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ. നിലവിൽ എസ്‌എഫ്‌ടി‌എസിനായി മരുന്നുകളൊന്നുമില്ലെന്നും എന്നാൽ കാര്യക്ഷമമായ ചികിത്സയിലൂടെ മരണനിരക്ക് കുറയ്ക്കാൻ കഴിയുമെന്നുമാണ് റിപ്പോർട്ടുകള്‍.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7