കൊച്ചി : സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യപ്രതികളിൽ ഒരാളായ സ്വപ്ന സുരേഷ് നല്‍കിയ മൊഴികളിൽ ചില രാഷ്ട്രീയക്കാരുടെ പേരുകളുമുണ്ടെന്നു സൂചന. സ്വർണക്കടത്തിന് സഹായിച്ച രാഷ്ട്രീയക്കാരുടെയും യുഎഇ കോൺസുലേറ്റിലെ ഉന്നതരുടെയും പേരുകൾ ഉൾപ്പെട്ടിട്ടുണ്ട് എന്നാണു വിവരം. ഈ മൊഴിപ്പകർപ്പ് സ്വപ്ന ആവശ്യപ്പെട്ടതനുസരിച്ച് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചു.
പിന്നീടൊരു ഘട്ടത്തിൽ മൊഴിയിൽ കൃത്രിമത്വം കാണിക്കപ്പെടാതിരിക്കുക ലക്ഷ്യമിട്ടാണ് സ്വപ്ന തന്റെ മൊഴി കോടതിയിൽ സമർപ്പിക്കാൻ ആവശ്യപ്പെട്ടത് എന്നാണ് വിവരം. ഇത് മുദ്രവച്ച് കോടതിയിൽ സൂക്ഷിച്ചിരിക്കുകയാണ്. എൻഐഎ അറസ്റ്റ് ചെയ്ത സ്വപ്നയെയും സന്ദീപിനെയും കസ്റ്റംസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തശേഷം കഴിഞ്ഞ ദിവസം റിമാൻഡ് ചെയ്തിരുന്നു. ഇരുവരും ജുഡീഷ്യൽ കസ്റ്റഡിയിലാണ് ഉള്ളത്.
ഇരുവരെയും അടുത്ത ദിവസം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണ സംഘത്തിന് കൈമാറിയേക്കും. ഇതിനായി ബുധനാഴ്ച കോടതിയിൽ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതിനു മുന്നോടിയായി കസ്റ്റംസ് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനാണ് ഇവരുടെ മൊഴി കോടതിയിൽ സമർപ്പിച്ചത്. ഇത് അസാധാരണ നടപടിയായാണു വിലയിരുത്തുന്നത്.
സ്വര്‍ണക്കടത്തിനു നേരത്തെ പ്രതികളെ സഹായിച്ചിട്ടുണ്ടെന്ന് മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയ പെരിന്തല്‍മണ്ണ സ്വദേശി അബ്ദുല്‍ ഹമീദ് കസ്റ്റംസിനു മുന്നിലെത്തി. ഉച്ചയ്ക്കു ശേഷമാണ് കൊച്ചി കസ്റ്റംസ് ഓഫിസിൽ ഇയാൾ എത്തിയത്. സ്വർണക്കടത്തിനു പ്രതികൾ തന്നെ ഉപയോഗിച്ചതും വിദേശത്തു നിന്ന് കടത്തുന്നതിനുള്ള ആളുകളെ എങ്ങനെ കണ്ടെത്തുന്നു തുടങ്ങിയ വിവരങ്ങൾ ഇദ്ദേഹം മാധ്യമങ്ങളോട് തുറന്നു പറഞ്ഞിരുന്നു.
കൂടുതൽ ആളുകൾ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ അന്വേഷണം തന്നിലേക്കും എത്തിയേക്കാം എന്ന ഭീതിയിലാണ് അബ്ദുൽ ഹമീദ് കസ്റ്റംസിനു മുന്നിലെത്തി മൊഴി കൊടുക്കാൻ തീരുമാനിച്ചതെന്നാണു റിപ്പോർട്ട്.