കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ എല്ലാ ഭാഗത്തും അലംഭാവമുണ്ടായെന്ന് മുഖ്യമന്ത്രി. രോഗവ്യാപനം തടയുന്നതിനുളള പ്രവര്‍ത്തനങ്ങളില്‍ വിട്ടുവീഴ്ചയുണ്ടായി. ഉത്തരവാദികളായവര്‍ ഇക്കാര്യം കുറ്റസമ്മതത്തോടെ ഒാര്‍ക്കണമെന്നും ഇനി കര്‍ശന നടപടിയെന്നും പ്രതിപക്ഷത്തെക്കൂടി ഉന്നം വച്ച് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.
സംസ്ഥാനത്തെ കോവിഡ് രോഗവ്യാപനത്തില്‍ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയും പ്രതിപക്ഷത്തെ കുറ്റപ്പെടുത്തിയുമായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍. രോഗവ്യാപനം തടയുന്നതില്‍ അലംഭാവവും വിട്ടു വീഴ്ചയുമുണ്ടായി. കാരണങ്ങള്‍ പറഞ്ഞ് മാനസിക വിഷമം ഉണ്ടാക്കുന്നില്ലെന്നും ഉത്തരവാദികള്‍ ആയവരെങ്കിലും കുറ്റബോധത്തോടെ ഒാര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തെ ഉന്നം വച്ച് പറഞ്ഞതിങ്ങനെ. ‘ഇതൊന്നും സാരമില്ല എന്ന തോന്നല്‍ ജനങ്ങളിലുണ്ടാക്കി. തെറ്റായ സന്ദേശം ജനങ്ങളിലെത്തി. കാരണങ്ങള്‍ പറഞ്ഞ് വിഷമമുണ്ടാക്കുന്നില്ല ഉത്തരവാദികള്‍ കുറ്റബോധത്തോടെ ഒാര്‍ക്കണം’.
കര്‍ശന ക്വാറന്റീന്‍, സാമൂഹിക അകലം എന്നിവ പാലിക്കുന്നതില്‍ ഗൗരവം കുറയാനിടയാക്കിയതും രോഗവ്യാപനത്തിന് കാരണമായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പരാതികള്‍ ഉണ്ടായാല്‍ ഇനി കര്‍ക്കശ നടപടി സ്വീകരിക്കും. നേരത്തെ തിരുവനന്തപുരത്തെ രോഗവ്യാപനം സംസ്ഥാനത്തിനാകമാനം നാണക്കേടുണ്ടാക്കിയെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചിരുന്നു.
സമ്പര്‍ക്ക വ്യാപനം നിയന്ത്രണാതീതമായി തുടരുകയും കോവിഡ് പ്രതിരോധത്തിലെ വീഴ്ചകള്‍ക്കെതിരെ പ്രതിപക്ഷം ആക്രമണം ശക്തമാക്കുമ്പോഴുമാണ് മുഖ്യമന്ത്രിയുടെ പരസ്യ കുറ്റപ്പെടുത്തലെന്നതും ശ്രദ്ധേയമാണ്. 102 കുടുംബാംരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കവേ വിവിധ വകുപ്പുകളുടെ മന്ത്രിമാരുടേയും ഉന്നത ഉദ്യോഗസ്ഥരുടേയും സാന്നിധ്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.