ന്യൂഡൽഹി: കോവിഡ് സ്ഥിരീകരിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതിനെ വിമർശിച്ച് കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂർ. അധികാരത്തിലുള്ളവരുടെ പരിലാളനയും രക്ഷാകർതൃത്വവും പൊതു സ്ഥാപനങ്ങൾക്കു ആവശ്യമാണെന്നും തരൂർ ട്വിറ്ററിൽ അഭിപ്രായപ്പെട്ടു.
‘അസുഖം വന്നപ്പോൾ നമ്മുടെ ആഭ്യന്തര മന്ത്രി ഡൽഹിയിലെ എയിംസ് തിരഞ്ഞെടുക്കാതെ അയൽ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലേക്കു പോയതിൽ ആശ്ചര്യം തോന്നുന്നു. പൊതുജനത്തിന്റെ ആത്മവിശ്വാസം ഉയർത്താൻ, പൊതുസ്ഥാപനങ്ങൾക്കു ഭരണത്തിലുള്ളവരുടെ രക്ഷാകർതൃത്വവും പരിലാളനയും ആവശ്യമാണ്.’– തരൂർ പറഞ്ഞു. ആധുനിക ഇന്ത്യയുടെ ക്ഷേത്രങ്ങളിലൊന്ന് എന്ന ആശയത്തിലൂന്നി മുൻ പ്രധാനമന്ത്രി ജവാഹർ ലാൽ നെഹ്റു 1956ൽ എയിംസ് സ്ഥാപിച്ചതിന്റെ ചിത്രം സഹിതമുള്ള ട്വീറ്റിനുള്ള മറുപടിയായാണു തരൂരിന്റെ അഭിപ്രായം.
നേർത്ത കോവിഡ് ലക്ഷണങ്ങളോടെ താൻ ആശുപത്രിയിൽ ചികിത്സയിലാണെന്ന് അമിത് ഷാ തന്നെയാണു കഴിഞ്ഞദിവസം ട്വിറ്ററിലൂടെ അറിയിച്ചത്. പ്രാഥമിക ലക്ഷണങ്ങൾ കാണിച്ചപ്പോൾത്തന്നെ ഷാ ടെസ്റ്റിനു വിധേയനായിരുന്നു. ആരോഗ്യസ്ഥിതി ഭേദപ്പെട്ട നിലയിലാണെന്നും ഡോക്ടർമാരുടെ നിർദേശ പ്രകാരം ആശുപത്രിയിൽ പ്രവേശിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി. 55കാരനായ ഷാ ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലാണു ചികിത്സയിലുള്ളത്.