കോവിഡ് പരിശോധനയ്‌ക്കെത്തിയവര്‍ നല്‍കിയത് തെററായ വിവരങ്ങള്‍; രോഗികളെ കണ്ടെത്താനാവാതെ ആരോഗ്യപ്രവര്‍ത്തകര്‍

ലഖ്‌നൗ : കോവിഡ് 19 പരിശോധനയ്‌ക്കെത്തിയവര്‍ തെററായ വിവരങ്ങള്‍ നല്‍കിയതിനെ തുടര്‍ന്ന് രോഗികളെ കണ്ടെത്താനാവാതെ ലഖ്‌നൗവിലെ ആരോഗ്യപ്രവര്‍ത്തകര്‍. കഴിഞ്ഞ ഒമ്പതു ദിവസങ്ങളിലായി കോവിഡ് 19 സ്ഥിരീകരിച്ച 2,290 രോഗികളാണ് പരിശോധനാ സമയത്ത് പേരും മേല്‍വിലാസവും ഫോണ്‍ നമ്പറും ഉള്‍പ്പടെ തെറ്റായ വിവരങ്ങള്‍ നല്‍കിയത്.

ഇതേതുടര്‍ന്ന് ഉത്തര്‍പ്രദേശ് പോലീസിന്റെ സഹായം തേടിയ ആരോഗ്യ പ്രവര്‍ത്തകര്‍ 1,171 പേരെ കണ്ടെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ 1119 രോഗികളെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. ഇത്തരത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

‘കൊറോണ വൈറസ് വ്യാപനം തടയുന്നതിന് വേണ്ടി ആയിരക്കണക്കിന് ടെസ്റ്റുകളാണ് നടത്തുന്നത്. ലഖ്‌നൗവില്‍ പലയിടങ്ങളിലായി ക്യാമ്പുകള്‍ രൂപീകരിച്ച് പരിശോധനകള്‍ നടത്തുന്നുണ്ട്. എന്നാല്‍ പരിശോധനയ്‌ക്കെത്തുന്നവരില്‍ ചിലര്‍ തെറ്റായ പേരും മേല്‍വിലാസവും ഫോണ്‍നമ്പറമാണ് നല്‍കുന്നത്. ഇവരെ കുറിച്ച് അന്വേഷിക്കുമ്പോഴാണ് തന്നതെല്ലാം തെറ്റായ വിവരങ്ങാണെന്ന് തിരിച്ചറിയുന്നത്. ഇതുവരെ 1171 പേരെ കണ്ടെത്താന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. മറ്റുള്ളവരെ കണ്ടെത്താനുളള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. കോവിഡ് 19 പരിശോധന നടത്തുന്നതിന് മുമ്പുതന്നെ എല്ലാ ആശുപത്രികളും ലാബുകളും രോഗിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉറപ്പുവരുത്തണമെന്ന് നിര്‍ദേശിക്കുന്നു.’ ലഖ്‌നൗ കമ്മിഷണര്‍ സുജിത് പാണ്ഡെ പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular