കോവിഡ് വ്യാപനം; പശ്ചിമകൊച്ചി പൂര്‍ണമായും അടച്ചു, നഗരത്തിലേക്കു പുറപ്പെട്ടവര്‍ കുടുങ്ങി

കൊച്ചി: കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കൊച്ചി കോര്‍പ്പറേഷന്റെ ഒന്നു മുതല്‍ 28 വരെയുള്ള വാര്‍ഡുകള്‍ പൂര്‍ണമായും അടച്ചു. തോപ്പുംപടി ബിഒടി പാലം രാവിലെ പൊലീസ് എത്തി അടച്ചതോടെ നഗരത്തിലേക്കു പുറപ്പെട്ടവര്‍ ഇവിടെ കുടുങ്ങി. ഞായറാഴ്ച വൈകിട്ട് പാലം അടച്ച് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും രാവിലെ ഏഴുമണിയോടെ പാലം തുറന്നിട്ടതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയത്.

പാലം തുറന്നതറിഞ്ഞ് അരൂരില്‍നിന്ന് ഇടക്കൊച്ചി വഴി കൊച്ചി നഗരത്തിലേക്ക് പുറപ്പെട്ടവരാണ് വഴിയില്‍ കുടുങ്ങിപ്പോയത്. എട്ടുമണിയോടെയാണ് വീണ്ടും പൊലീസെത്തി വഴി അടച്ചത്. തുടര്‍ന്ന് രാവിലെ ഒമ്പതുമണി ആയപ്പോഴേക്ക് തിരക്ക് രൂക്ഷമായി. നിരവധി ബസുകളും സ്വകാര്യ വാഹനങ്ങളും ഇരുചക്ര വാഹനയാത്രക്കാരും ഇവിടെ കുടുങ്ങി.

പശ്ചിമ കൊച്ചി പൂര്‍ണമായും അടയ്ക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ച തന്നെ ബിഒടി പാലം അടച്ചിരുന്നു. തുടര്‍ന്ന് രാവിലെ ഏഴിന് തുറന്നതോടെ ബസുകളും സര്‍വീസ് നടത്തിയിരുന്നു. ഇതു സംബന്ധിച്ച വാര്‍ത്തകളും പുറത്തുവന്നിരുന്നു. ലോക്ഡൗണ്‍ സംബന്ധിച്ച കൃത്യമായ നിര്‍ദേശം ജനങ്ങളില്‍ എത്താതിരുന്നതാണ് ആളുകള്‍ എറണാകുളത്തേക്ക് പോകാന്‍ ഇതുവഴി എത്തിയത് എന്നാണ് വ്യക്തമാകുന്നത്.

മട്ടാഞ്ചേരി, ഫോര്‍ട് കൊച്ചി, പള്ളുരുത്തി പ്രദേശങ്ങളില്‍ കോവിഡ് വ്യാപനം ശക്തമായിരിക്കുകയാണ്. ഇത് നിയന്ത്രിക്കാന്‍ കൊച്ചി പൂര്‍ണമായും അടച്ചിടേണ്ട സാഹചര്യമുണ്ട് എന്നാണ് ജനപ്രതിനിധികളുടെയും പ്രതികരണം. കഴിഞ്ഞ ദിവസം 82ലേറെ കോവിഡ് പോസിറ്റീവ് ഫോര്‍ട് കൊച്ചിയില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്ന. ഇതോടെയാണ് 28 ഡിവിഷനുകള്‍ പൂര്‍ണമായും അടച്ചിടാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്.

അതേസമയം, കണ്ടെയ്ന്‍മെന്റ് സോണില്‍നിന്ന് ഒരു കാരണവശാലും ആളുകളെ പുറത്തേക്കു വിടില്ലെന്ന് ജില്ലാ കലക്ടര്‍ എസ്. സുഹാസ് അറിയിച്ചു. അവശ്യ സേവനങ്ങള്‍ക്ക് അനുമതിയുണ്ട്. രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ തുറക്കും. ഫോര്‍ട് കൊച്ചി ഒരു വലിയ ക്ലസ്റ്ററാക്കി കണ്ടെയ്ന്‍മെന്റ് സോണാക്കാന്‍ ഞായറാഴ്ച വൈകിട്ടോടെയാണ് തീരുമാനിച്ചത്. ഇത് നടപ്പാക്കാന്‍ പൊലീസിനു സമയം വേണ്ടിവന്നു എന്നതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയത്. ദേശീയപാത ആയതിനാല്‍ പൂര്‍ണമായും അടച്ചിടുക പ്രായോഗികമല്ലെന്ന് കലക്ടര്‍ പറഞ്ഞു.

ബിഒടി പാലത്തില്‍ പൊലീസ് ചെക് പോസ്റ്റ് സ്ഥാപിച്ച് കര്‍ശന നിയന്ത്രണത്തില്‍ ആയിരിക്കും വാഹനങ്ങള്‍ കടത്തി വിടുക. പുറത്തുനിന്നുള്ള ജനങ്ങള്‍ക്കു കണ്ടെയ്ന്‍മെന്റ് സോണിലേക്കു പോകുന്നതിനോ അതിനുള്ളിലുള്ളവര്‍ക്ക് പുറത്തേക്കു പോകുന്നതിനോ അനുമതിയില്ല. കണ്ടെയ്ന്‍മെന്റ് സോണില്‍ ജനങ്ങള്‍ക്ക് അവശ്യ വസ്തുക്കള്‍ വിതരണം ചെയ്യുന്നതിന് ട്രക്കുകള്‍ക്ക് പോകുന്നതിന് തടസമില്ല. ദീര്‍ഘദൂര! കെഎസ്ആര്‍ടിസി ബസുകളെയും ഇതുവഴി കടത്തി വിടും. എന്നാല്‍ അരൂരില്‍നിന്ന് എറണാകുളത്തേക്കു വരുന്നവര്‍ ബൈപ്പാസ് വഴി പോകാനാണ് നിര്‍ദേശം.

ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകരുത് എന്നതിനാലാണ് പൊലീസ് ചെക്‌പോസ്റ്റ് സ്ഥാപിച്ചിരിക്കുന്നത്. നിലവില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഹോട്‌സ്‌പോട്ടുള്ളത് പശ്ചിമ കൊച്ചിയിലായിരുന്നു. ഇവിടം മൊത്തമായി ഒരു ക്ലസ്റ്ററാക്കിയത് ഇവിടെ രോഗ വ്യാപനം ശക്തമായതിനാലാണ്. ആലുവ ക്ലസ്റ്ററില്‍ നിയന്ത്രണത്തിലാക്കിയതു പോലെ പശ്ചിമ കൊച്ചിയെയും നിയന്ത്രിക്കേണ്ട സാഹചര്യമുണ്ടായി. ഇങ്ങനെ ഇവിടെ രോഗവ്യാപനം നിയന്ത്രിക്കാനാകും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും കലക്ടര്‍ എസ്. സുഹാസ് പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular