കോവിഡും വിഷപ്പാമ്പിന്റെ കടിയും അതിജീവിച്ച് പാണത്തൂരില്‍ നിന്നുള്ള ഒന്നര വയസ്സുകാരി. പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ 11 ദിവസത്തെ ചികിത്സയ്ക്കു ശേഷം പിഞ്ചുബാലിക വീട്ടിലെത്തി.
ജൂലായ് 21-ന് അര്‍ധരാത്രിയിലാണ് പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയില്‍ കുഞ്ഞിനെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. ബിഹാറില്‍ അധ്യാപകരായ ദമ്പതിമാരും മക്കളും പാണത്തൂര്‍ വട്ടക്കയത്തെ വീട്ടില്‍ ക്വാറന്റീനിലായിരുന്നു. ജനാല തുറക്കവേയാണ് ബാലികയുടെ കൈരവിരലില്‍ അണലിയുടെ കടിയേറ്റത്.
ചികിത്സയ്ക്കിടെ നടത്തിയ സ്രവപരിശോധനയിലാണ് കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ചികിത്സയ്ക്കുശേഷം ആരോഗ്യം വീണ്ടെടുത്തതോടെ ഐ.സി.യു.വില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റി. പാമ്പുകടിയേറ്റ കൈവിരല്‍ സാധാരണനിലയിലേക്ക് വരികയും കോവിഡ് രോഗമുക്തി നേടുകയും ചെയ്തതോടെയാണ് ഞായറാഴ്ച ആശുപത്രി വിട്ടത്.
10 വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് കോവിഡ് ബാധിച്ചാല്‍ മാറ്റിയെടുക്കുക പ്രയാസകരമെന്നാണ് ലോകാരോഗ്യ സംഘടനയുടെ പറയുന്നത്. നേരത്തെ ഒരുവയസ്സും 10 മാസവും പ്രായമുള്ള കുട്ടിയും രണ്ടുവയസ്സുള്ള മറ്റൊരു കുട്ടിയും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് കോവിഡ് രോഗമുക്തി നേടിയിട്ടുണ്ട്. ശിശുരോഗവിഭാഗം മേധാവി ഡോ. എം.ടി.പി. മുഹമ്മദിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘമാണ് കുഞ്ഞിനെ ചികിത്സിച്ചത്.
follow us: PATHRAM ONLINE LATEST NEWS