ക്രിസ്മസ് തലേന്നും പരാതി; ഇടിയേറ്റ് മുഖവുമായി പോലീസിൽ പരാതി നൽകി ;അമ്മയും സാക്ഷിയാണ്, മകൾക്കേറ്റ മുറിവുകൾക്ക്…

വിവാഹ ശേഷം 8 വർഷത്തെ കാത്തിരിപ്പിന് ഒടുവിലാണു ജോയിക്കും മേഴ്സിക്കും മെറിൻ പിറന്നത്. പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മിടുക്കു കാട്ടിയ മെറിൻ സ്വന്തം ഇഷ്ടത്തിനാണു നഴ്സിങ് പഠനം തിരഞ്ഞെടുത്തത്.നാട്ടുകാർക്കും ഏറെ പ്രിയപ്പെട്ടവളായിരുന്നു മെറിൻ. ഏറെ ആഘോഷത്തോടെയാണു മെറിനെ വിവാഹം ചെയ്ത് അയച്ചതും. വിവാഹ ജീവിതത്തിൽ മെറിൻ ഏറെ കഷ്ടപ്പെട്ടതായി അമ്മ മേഴ്സി പറയുന്നു. ഭർത്താവ് മെറിനെ ഉപദ്രവിക്കുന്നതു നേരിൽക്കണ്ടിട്ടുണ്ടെന്നും അമ്മ പറഞ്ഞു.

മകൾ നോറ ജനിച്ച സമയത്തു പരിചരണത്തിനായി മേഴ്സി യുഎസിൽ പോയിരുന്നു. അന്നും ഫിലിപ്പിന്റെ പെരുമാറ്റം പലപ്പോഴും വളരെ പരുഷമായിരുന്നു. മെറിന്റെ നേരെ ദേഹോപദ്രവം കൂടിയപ്പോൾ അവിടെ പൊലീസിനെ അറിയിച്ചിരുന്നു. പൊലീസ് പരിശോധനയിൽ ഫിലിപ്പിന്റെ സോക്‌സിനുള്ളിൽ നിന്നു കത്തി കണ്ടെത്തി. പിന്നീട് കേസ് ഒത്തുതീർക്കുകയാണു ചെയ്തത്. ഫിലിപ്പിനൊപ്പം ജീവിതം മുന്നോട്ടുകൊണ്ടുപോകാനാണു മെറിൻ ശ്രമിച്ചിരുന്നതെന്നും മേഴ്സി പറഞ്ഞു.

കഴിഞ്ഞ ക്രിസ്മസിന്റെ തലേ ദിവസം മെറിനും പിതാവും ചങ്ങനാശേരി പൊലീസ് സ്റ്റേഷനിൽ പരാതിയുമായി പോയിരുന്നു. ഡിസംബർ 19നു നോറയുമായി നാട്ടിലെത്തിയ ഫിലിപ്പും മെറിനും ചങ്ങനാശേരിയിൽ ഫിലിപ്പിന്റെ വീട്ടിലായിരുന്നു. ഇവിടെവച്ചു മുഖത്ത് ഇടിയേറ്റതോടെയാണു മെറിൻ പരാതി നൽകാൻ തയാറായത്. എന്നാൽ പിന്നീട് ഇതും പരസ്പരം സംസാരിച്ച് ഒത്തുതീർത്തതായി ബന്ധുക്കൾ പറയുന്നു. ഇതിനുശേഷമാണു മെറിൻ വിവാഹമോചനത്തിനായി ഏറ്റുമാനൂരിലെ കുടുംബക്കോടതിയെ സമീപിച്ചത്.

ഈ വർഷം ജനുവരി 12ന് ഒരുമിച്ച് യുഎസിലേക്കു മടങ്ങാനായാണ് ഇരുവരും എത്തിയത്. എന്നാൽ പുതുവൽസര ദിനത്തിൽ ഫിലിപ്പ് തിരിച്ചുപോയി. ഇനി വൈകിയാൽ ജോലി നഷ്ടപ്പെടുമെന്ന അവസ്ഥയിൽ ജനുവരി 29നു മെറിനും മടങ്ങി. നോറയെ മോനിപ്പള്ളിയിലെ വീട്ടിൽ നിർത്തിയിട്ടാണു മെറിൻ പോയത്. അന്നാണു മെറിനെ വീട്ടുകാർ അവസാനമായി കണ്ടതും. കേസ് കൊടുത്തതിനാൽ സൂക്ഷിക്കണമെന്ന് അന്നേ പറഞ്ഞിരുന്നതായും മേഴ്സി ഓർക്കുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7