കുത്തൊഴുക്കിൽ നീന്തി ഓമനയുടെ രക്ഷപ്പെടൽ; ദുരൂഹത നീങ്ങിയില്ല;50 കിലോമീറ്ററോളം എങ്ങനെ ഈ അമ്മ ഒഴുകിയെത്തിയത് അവിശ്വസനീയമായി തുടരുന്നു

തിരുവല്ല : ‘ചരിത്രം സൃഷ്ടിച്ച’ രക്ഷപ്പെടലിന്റെ അദ്ഭുതം നിറഞ്ഞ ആശ്വാസത്തിൽ മണിമല സ്വദേശിനി ഓമന(68) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ സുഖം പ്രാപിച്ചുവരുന്നു. ആറ്റിലൂടെ കിലോമീറ്ററുകളോളം ഒഴുകി മണിക്കൂറുകൾ പിന്നിട്ട് തിരുവല്ലയിൽ രക്ഷാതീരമണിഞ്ഞ ഓമന സുരേന്ദ്രന് കണ്ണിനു നേരിയ പരുക്കും ഓർമയ്ക്ക് അൽപം മങ്ങലുമേ ഇപ്പോൾ ബുദ്ധിമുട്ടുള്ളൂ. അതേസമയം, 10 പഞ്ചായത്തും ഒരു നഗരസഭയും കടന്ന് 50 കിലോമീറ്ററോളം എങ്ങനെ ഇൗ അമ്മ ഒഴുകിയെത്തിയത് അവിശ്വസനീയമായി തുടരുന്നു.

കോട്ടയം ജില്ലയിലെ മണിമല പഞ്ചായത്ത് 15–ാം വാർഡിലെ തൊട്ടിയിൽ വീട്ടിൽ മകൻ രാജേഷിനും കുടുംബത്തോടും ഒപ്പമാണ് ഓമന താമസിക്കുന്നത്. അലക്കുകല്ല് നീക്കാൻ ശ്രമിക്കുന്നതിനിടയിൽ വെള്ളത്തിൽ വീണ് ഒഴുക്കിൽപ്പെട്ടതാകാമെന്നു മകൻ പറഞ്ഞു. രാവിലെ ആറരയോടെ ഉണർന്നപ്പോൾ അമ്മയെ കാണാനില്ലായിരുന്നു. തുടർന്ന് പൊലീസിലും പരാതി നൽകി. വളർന്നത് കടവിന് സമീപമായതിനാൽ ബാല്യം മുതലേ നീന്തൽ അറിയാവുന്ന ആളാണ് ഓമനയെന്നു ബന്ധുക്കളും പറഞ്ഞു.

കാലവർഷം ശക്തി പ്രാപിച്ച് 20 അടിയോളം വെള്ള ഉയർന്ന ദിവസമാണ് സംഭവം. അപകടകരമാം വിധം ഒഴുകുന്ന മണിമലയാറ്റിലൂടെ മണിക്കൂറോളം ഒഴുകിയ ഓമന അറിഞ്ഞോ അറിയാതെയും നീന്തിയത് മണിമലയാറിന്റെ പകുതി ദൂരമാണ്. പെരുവന്താനത്തുനിന്നു ഉത്ഭവിക്കുന്ന നദി പമ്പയുടെ കൈവഴിയുമായി പുളിക്കീഴിൽ സംഗമിക്കുമ്പോൾ 96 കിലോമീറ്റർ പിന്നിടുന്നു. ഓമന ഒഴുകിയത് 50 കിലോ മീറ്ററോളവും. പാറക്കെട്ടുകളും ചുഴികളും നിറഞ്ഞ നദിയിലൂടെ എങ്ങനെ ഒഴുകി എത്തിയെന്നത് ഉത്തരം കിട്ടാത്ത ചോദ്യമാണ്. രണ്ട് ആനകൾ മുങ്ങിത്താഴ്ന്നിട്ടുള്ള നദിയാണിത്.

കോട്ടയം ജില്ലയിലെ മണിമല, വെള്ളാവൂർ, പത്തനംതിട്ട ജില്ലയിലെ കോട്ടാങ്ങൽ, ആനിക്കാട്, മല്ലപ്പള്ളി, പുറമറ്റം, കല്ലൂപ്പാറ, ഇരവിപേരൂർ, കവിയൂർ, കുറ്റൂർ എന്നീ പഞ്ചായത്തുകളും തിരുവല്ല നഗരസഭയും കടന്നാണ് രക്ഷാ പ്രവർത്തകരുടെ കൈകളിൽ ഇവർ എത്തുന്നത്. കുറ്റൂർ റെയിൽവേ മേൽപാലത്തിനു സമീപം വച്ചാണ് ഇവർ ഒഴുകി വരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7