ബാലഭാസ്കർ:ഒഴിവാക്കാൻ കഴിയുമായിരുന്ന മരണം; മാധ്യമപ്രവർത്തകൻ ഫേസ്ബുക്ക് പോസ്റ്റ്

ബാലഭാസ്കർ:ഒഴിവാക്കാൻ കഴിയുമായിരുന്ന മരണം

ഓരോ മരണത്തിനും കാരണമുണ്ട്, അസ്വാഭാവിക മരണമാണെങ്കിൽ പ്രത്യേകിച്ചും, മരണ കാരണങ്ങൾ എന്തൊക്കെയാണെന്ന് അറിയാനുള്ള അന്വേഷണ യാത്രയിൽ നിർണായകമാണ് പോസ്റ്റ് മോർട്ടം. ബാലഭാസാകറിന്റെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിലെ വസ്തുതകൾ നിരത്തി ആദ്യം തന്നെ അച്ഛൻ കെ സി ഉണ്ണി പറഞ്ഞിരുന്നു ‘മരണം ഒഴിവാക്കാൻ കഴിയുമായിരുന്നു’വെന്ന്. പിന്നെ എങ്ങനെയാണ് മരണം സംഭവിച്ചത്. ആരുടെയൊക്കയോ വീഴ്ചയും ചികിത്സ സംബന്ധിച്ച് കൈക്കൊണ്ട ഏകപക്ഷീയ തീരുമാനങ്ങളുമാണ് ബാലഭാസ്കർ എന്ന പ്രതിഭയുടെ മരണത്തിന് കാരണമെന്ന് വ്യക്തമാക്കുന്നതായിരുന്നു പോസ്റ്റ് മോർട്ടത്തിലെ കണ്ടെത്തലുകൾ.

എന്തൊക്കെയായിരുന്നു ആ കണ്ടെത്തലുകൾ ?
മരണത്തിന് കാരണമായത് തലയ്ക്കും നെഞ്ചിനുമേറ്റ പരുക്കുകളാണെന്ന് അടിവരയിടുന്നതാണ് തിരുവനന്തപുരം മെഡിക്കൽ കോളജിലെ പോലീസ് സർജൻ ഡോ. കെ വത്സല നടത്തിയ പോസ്റ്റമോർട്ടവും അവർ തയ്യാറാക്കിയ റിപ്പോർട്ടും. റിപ്പോർട്ടിലെ ആദ്യ ഭാഗത്ത് മരണത്തിന് മുന്നെ സംഭവിച്ച മുറിവുകളെക്കുറിച്ച് പറയുന്നുണ്ട്. 23 മുറിവുകളാണ് ബാലഭാസ്കറിന്റെ ശരീരത്തിൽ കണ്ടെത്തിയതെന്ന് ഡോ. കെ വത്സല ചൂണ്ടിക്കാട്ടുന്നു.

ആ മുറിവുകൾ ഏതൊക്കെ?

(മരിക്കുന്നതിന് മുന്നേ സംഭവിച്ച 23 മുറിവുകൾ)

1) മൂക്കിന്റെ തുടക്കത്തിൽ നിന്ന് 12 സെ മി മുകളിലായി തലയ്ക്ക് മുകളിൽ തൊലിപ്പുറമെ 6.5×3.5 സെമി വലുപ്പത്തിലുള്ള ഉരവ്, തലയിലെ മുകൾ ഭാഗത്തെ ചർമ്മത്തിന് അക വശത്ത് 23×9.5×0.3 സെമി വലുപ്പത്തിൽ ഇരുവശവും ഉൾപ്പെട്ട ചതവ്.

2) തലയുടെ വലതുഭാഗത്തായി ചെവിക്ക് മുകളിലും
9x9x0.3 സെ മി വലുപ്പത്തിൽ ചതവ്. തലച്ചോറിന്റെ വൈറ്റ് മാറ്ററിൽ ( മസ്തിഷ്കം അടക്കം) കുത്തു കുത്ത് പോലുള്ള രക്ത സ്രാവം, തലച്ചോറിൽ നീർക്കെട്ടും.

3) കഴുത്തിലെ അഞ്ചാമത്തെ കശേരു ഒടിഞ്ഞിരുന്നു. അതിനടിയിലെ സുഷ്മന നാഡി മൃദുലമായും നീർക്കെട്ട് അവസ്ഥയിലും കാണപ്പെട്ടു. (കശേരുക്കളിൽ പ്ലേറ്റ് ആന്റ് സ്ക്രൂ ചെയ്തിരുന്നു ).

4) കഴുത്തിന്റെ മുൻഭാഗത്ത് വലതുവശത്ത് 5 സെമി നീളത്തിൽ ഉണങ്ങുന്ന മുറിവ് .

5)വലതു കൈപ്പത്തിക്ക് മുകളിൽ പുറക് വശത്ത് ചെറിയ ഉരവ് .

6) വലതു കൈപ്പത്തിയിൽ 10x9x0.5 സെമി വലുപ്പത്തിൽ ചതവ്.

7)വലതു തുടയുടെ വെളിയിൽ 25 സെമി നീളത്തിൽ മുറിവ്( staple ചെയ്തിരുന്നു).

8) വലതു തുടയുടെ വെളിയിൽ 3 സെമി നീളത്തിൽ മുറിവ് ( Staple ചെയ്തിരുന്നു).

9) വലത് ഇടുപ്പെല്ല്, വലതു പൃഷ്ഠം,വലതു തുടയുടെ മുകൾ ഭാഗത്തിന് വെളിയിൽ 24x11x4 സെമി വലുപ്പത്തിൽ ചതവ്.തുടയെല്ല് പൊട്ടിയിരുന്നു.

10) വലത് കാൽവണ്ണയുടെ വെളിയിൽ മുട്ടിന് താഴെ 4×1.5 സെമി നീളത്തിൽ ഉരവ്.

11) വലതു കാൽ വണ്ണയിൽ 6×5 സെമി വലുപ്പത്തിൽ കുഞ്ഞു കുഞ്ഞു ഉരവുകൾ.

12 )വലതുകാൽവണ്ണയുടെ അകത്ത് 0.8×0.5 സെമി വലുപ്പത്തിൽ ഉരവ്.

13) വലതുകാൽവണ്ണയുടെ അകത്ത് 0.8×0.1സെമി വലുപ്പത്തിൽ ഉരവ്.

14 )വലതു കാൽപ്പത്തിയുടെ പുറകിൽ 7×1.5×0.5 സെമി ചതവ്.

15) ഇടത് കാൽ വണ്ണയുടെ 23 സെമി മുകളിൽ ഇടത് കാൽവണ്ണയുടെ മുൻഭാഗത്ത് 5×5 സെമി ഉരവോടുകൂടിയ ചതവ്.

16) ഇടത് കൈത്തണ്ടയുടെ പിറക് വശം ഉൾഭാഗത്തായി 4×0.2 സെമി ഉരവ്.

17)ഇടത് കൈത്തണ്ടയുടെ പിറക് വശം 4.5x 2 സെമി ഉരവ് wrist ന് 10 സെമി മുകളിലായി.

18) ഇടത് കൈമുട്ടിന് 16 സെമി താഴെ പുറകുവശത്ത് 4.5x2x0.5 സെമി ചതവ്.

19) കഴുത്തിന് താഴെ നടുക്ക് ശ്വാസം പോകാൻ ട്യൂബ് ഇട്ടതിന്റെ മുറിവ് .

20) നെഞ്ചിന്റെ വലതുഭാഗത്ത് വളിയിലായി 9x9x0.5 സെമി ഉരവോടു കൂടി ചതവ്. കക്ഷത്തിന് 19 സെമി താഴെ.

21) 5 ഉം 6 ഉം വാരിയെല്ലുകൾ പൊട്ടിയിട്ടുണ്ട്. മുൻഭാഗത്ത് വലതുവശത്താണ് പൊട്ടൽ .

22) ഇടതു വശത്തെ ശ്വാസ കോശത്തിന് മുകളിലും താഴെയും മധ്യഭാഗത്തും കുഞ്ഞ് കുഞ്ഞ് കീറലുകൾ , ഇടതുവശത്തെ ശ്വാസകോശം ചുരുങ്ങിയിരുന്നു.ഇടതുവശത്ത് നെഞ്ചും വയറും വേർതിരിക്കുന്ന മാംസ പേശി വയറിനുള്ളിലേക്ക് 10 സെമി ആഴത്തിൽ മാറി പോയിരുന്നു. നെഞ്ചിൻ കൂടിനുള്ളിൽ വായു തങ്ങി നിൽക്കുന്നുണ്ടായിരുന്നു.

23) നെഞ്ചിന്റെ മധ്യഭാഗത്ത് മുൻവശം 8×7സെമി തൊലിപ്പുറമെയുള്ള ചതവ്. ‌

ഈ ചതവുകളും ഒടിവുകളും ഉരവുകളും
വാഹനാപകടത്തിൽ ആർക്കും സംഭവിക്കാം. എന്നാൽ ഇവയൊക്കെ മാരകമാകുന്നത് അല്ലെങ്കിൽ മരണത്തിന് കാരണമാകുന്നത് ചികിത്സ കൃത്യ സമയത്ത് കിട്ടാതെ വരുമ്പൊഴോ ചികിത്സ കൃത്യമാകാതെ വരുമ്പൊഴോ ആണെന്ന് ആരോഗ്യ രംഗത്തുള്ളവർ വ്യക്തമാക്കുന്നുണ്ട്
ഇവിടെയാണ് ബാലഭാസ്കറിന്റെ പിതാവും ബന്ധുക്കളും ആരോപിക്കുന്ന ചില കാര്യങ്ങൾ ശ്രദ്ധേയമാകുന്നത്.

എന്തൊക്കെയാണ് ആരോപണങ്ങൾ ?

അപകടം നടന്ന വിവരം ഏറ്റവും ഒടുവിലറിഞ്ഞത് ഒരു പക്ഷെ ബാലഭാസ്കറിന്റെ അച്ഛനും ബന്ധുക്കളുമാണ്. അവരെ ഇക്കാര്യങ്ങളൊന്നും യഥാസമയം അറിയിച്ചിരുന്നില്ല. കൂടാതെ തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടറോട് സംസാരിച്ച ബാലുവിനെ അവിടെ നിന്ന് ഒരു സ്വകാര്യ ആശുപത്രിയിലേക്ക് ധൃതിപ്പെട്ട് കൊണ്ടു പോയത് എന്തിനാണെന്ന് ബന്ധുക്കൾക്ക് ഇതുവരെ മനസ്സിലായിട്ടില്ല. ഒരു പക്ഷെ അപ്പോൾ തന്നെ ചികിത്സ ആരംഭിച്ചിരുന്നുവെങ്കിൽ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നുവെന്ന് കുടുംബം വിശ്വസിക്കുകയും ചെയ്യുന്നു.

ഡോ. ഫൈസലാണ് തിരുവനന്തപുരം മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്നത് അദ്ദേഹം ക്രൈം ബ്രാഞ്ചിന് നൽകിയ മൊഴി പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാണ്, ആശുപത്രിയിലെത്തുമ്പോൾ ബാലഭാസാസ്കറിന് ബോധം ഉണ്ടായിരുന്നു, എല്ലാം തിരിച്ചറിയാൻ കഴിയുന്നുണ്ടായിരുന്നു.

ഡോക്ടർ ഫൈസലിന്റെ മൊഴി എന്തായിരുന്നു?
കാഷ്വാലിറ്റി ഡ്യൂട്ടിക്കിടെ പുലര്‍ച്ചെയാണ് ഓര്‍ത്തോ വിഭാഗത്തിനു മുന്നില്‍ ട്രോളിയില്‍ ബാലഭാസ്‌കറിനെ ഡോക്ടർ ഫൈസൽ കാണുന്നത് .എന്താണ് സംഭവിച്ചതെന്ന് ഡോക്ടർ ബാലഭാസ്കറിനോട് അന്വേഷിച്ചു.”കാറില്‍ ഉറങ്ങുകയായിരുന്നെന്നും വലിയ ശബ്ദം കേട്ടാണ് ഉണര്‍ന്നതെന്നും” ബാലഭാസ്‌കര്‍ ഡോക്ടറോട് പറഞ്ഞു.
പുറമേ ഗുരുതരമായ മുറിവുകള്‍ ശ്രദ്ധയിൽപെട്ടിരുന്നില്ലെന്ന് ഡോക്ടറും സാക്ഷ്യപ്പെടുത്തുന്നു.

ഇതിനിടെ അപകടത്തില്‍ പരുക്കേറ്റ ഭാര്യ ലക്ഷ്മി നിലവിളിക്കുന്നുണ്ടായിരുന്നു. അത് ലക്ഷ്മിയുടെ ശബ്ദമല്ലേ എന്നും അവരുടെ ആരോഗ്യ നില
എങ്ങനെയുണ്ടെന്നും ബാലഭാസ്‌കര്‍ ഡോക്ടറോട് അന്വേഷിച്ചിരുന്നു.അവർക്ക് കുഴപ്പമില്ലെന്ന് ഡോക്ടർ ഫൈസൽ ബാലഭാസ്കറിനെ അറിയിക്കുകയും ചെയ്തു.മകളെ തിരക്കിയ ബാലഭാസ്കറിനോട് കുഞ്ഞിനെ ഇവിടെ കൊണ്ടുവന്നിട്ടില്ലെന്നും ഡോക്ടർ പറഞ്ഞിരുന്നു.

ഈ സംഭാഷണത്തിന് ശേഷമാണ് തനിക്ക്
കൈകള്‍ ചലിപ്പിക്കാന്‍ കഴിയുന്നില്ലെന്നും തളര്‍ന്നു പോയെന്നും ബാലഭാസ്‌കര്‍ ഡോക്ടറോട് പറഞ്ഞത്.തുടർന്ന്
സ്‌കാനിങ്ങിന് കൊണ്ടുപോകാന്‍ തുടങ്ങിയപ്പോഴാണ് ബന്ധുക്കളെന്ന് സ്വയം പരിചയപ്പെടുത്തിയ ചലർ ആംബുലൻസുമായെത്തി ബാലഭാസ്കറിനെ കൂട്ടിക്കൊണ്ട് പോയത്. ആംബുലന്‍സിലേക്കു കയറ്റുമ്പോഴും ബാലഭാസ്‌കറിന് ബോധമുണ്ടായിരുന്നതായും ഡോക്ടര്‍ ഓർക്കുന്നുണ്ട് .

അപകട വിവരം അറിയിച്ചില്ലെന്ന് മാത്രമല്ല, ഏത് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യണം എന്ന കാര്യത്തിൽ ഒരു കൂടിയാലോചനയ്ക്കും മാനേജർ പ്രകാശ് തമ്പി തയ്യാറായിരുന്നില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നതിന്റെ അടിസ്ഥാനവും ഈ വസ്തുതകളാണ്.
സ്വകാര്യ ആശുപത്രിയിലെത്തിയപ്പോഴും ബന്ധുക്കൾക്ക് നേരിട്ടത് കടുത്ത അവഗണന തന്നെയായിരുന്നു.
ബന്ധുക്കളെ ആശുപത്രിയിൽ നിന്ന് ആട്ടിയകറ്റാനുള്ള ശ്രമം വിജയിച്ചില്ലെങ്കിലും ഐസിയുവിലും മറ്റും ബന്ധുക്കളെക്കാൾ സ്വാധീനം ഉറപ്പിക്കാൻ മറ്റുള്ളവർക്കാണ് കഴിഞ്ഞിരുന്നത്.ഇതിനിടയിലും ബാലഭാസ്കറിന്റെയും ലക്ഷ്മിയുടെയും വീട്ടുകാർ തമ്മിൽ ഭയങ്കര പകയാണെന്ന് ‘പാണപ്പാട്ടുകൾ’ പാടാനും ചിലർ രംഗത്തുണ്ടായിരുന്നു.

അപകടത്തിൽ ബാലഭാസ്കറിന് സംഭവിച്ച പരുക്കുകളുടെ എത്രയോ മടങ്ങ് വലിയ പരുക്കുകളുമായി എത്തുന്നവർ പോലും തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സ കഴിഞ്ഞ് സുഖമായി തിരികെ വീട്ടിൽ പോകുന്നുണ്ട്.

എന്റെ അനുഭവം

എന്റെ ഏറ്റവും അടുത്ത ബന്ധുവിന്
വാഹനാപകടത്തിൽ ഗുരുതര പരുക്കേറ്റ സംഭവമാണ് ഓർമ വരുന്നത്. നെറ്റിമുതൽ ഉച്ചിവരെ നെടുകെ പിളർന്ന് രക്തം വാർന്ന് കിടന്ന അദ്ദേഹത്തെ പൊലീസാണ്
നഗരത്തിലെ ഒരു സ്വാകാര്യ ആശുപത്രിയിൽ ആദ്യം എത്തിച്ചത്.അവിടെ മരിച്ചുവെന്ന് വിധിയെഴുതിയ ശേഷമാണ് ആംബുലൻസിൽ മെഡിക്കൽ കോളജിലെത്തിക്കുന്നത്. ഞാനും സുഹൃത്ത് ബിജു മുരളീധരനും മാത്രമാണ് ആശുപത്രിയിൽ ഉണ്ടായിരുന്നത്. സിപിഐ യിലെ പികെ രാജു നൽകിയ ഡോക്ടറുടെ നമ്പറിൽ വിളിച്ച് എങ്ങനെയെങ്കിലും ജീവൻ
രക്ഷിക്കണമെന്ന് പറഞ്ഞതും കുറെ പേപ്പറുകളിൽ ഒപ്പിട്ടു കൊടുക്കുകയും ചെയ്തു. പിന്നീട് അവിടെ ഏതൊക്കെ ഡോക്ടർമാർ എത്തിയെന്ന് അറിയില്ല.. മരിച്ചുപോയെന്ന സ്വകാര്യ ആശുപത്രി വിധിയെഴുതിയ അദ്ദേഹത്തിന് 48 മണിക്കൂർ കഴിഞ്ഞപ്പോൾ ബോധം തിരിച്ചു കിട്ടി.ഒരാഴ്ച കഴിഞ്ഞപ്പോൾ വീട്ടിലുമെത്തി.

ബന്ധുക്കളുടെ പക്ഷം

ബാലഭാസ്കറിനെ മെഡിക്കൽ കോളജിലെത്തിച്ച സമയം ചികിത്സ തുടങ്ങണമായിരുന്നു. അല്ലങ്കിൽ എവിടെ ചികിത്സ വേണമെന്ന് ബന്ധുക്കളോട് ആലോചിക്കാമായിരുന്നു. ഇത് രണ്ടും സംഭവിച്ചില്ലെന്ന പിതാവ് കെസി ഉണ്ണിയുടെ ആരോപണം ക്രൈം ബ്രാഞ്ച് മുഖവിലയ്ക്കെടുത്തതുമില്ല.

മെഡിക്കൽ കോളജിലായിരുന്നു ചികിത്സയെങ്കിൽ ഇങ്ങനെ വന്നവർക്കും പോയവർക്കും സംശയ നിഴലിലുള്ളവർക്കും കപട ബന്ധുത്വം ചമഞ്ഞ് സ്വന്ത ഇഷ്ടപ്രകാരം എല്ലാം ഹൈജാക്ക് ചെയ്യാൻ കഴിയുമായിരുന്നില്ല. ആൾക്കൂട്ടം കൂടി ഫാൻസുകാരുടെ ഇഷ്ടങ്ങളും ഊഹങ്ങളും പ്രചരിപ്പിച്ച് കുടുംബത്തെ കണ്ണീർക്കടലിലാക്കാനും കഴിയുമായിരുന്നില്ല. ബാലഭാസ്കറിന്റെ കഥ ഇങ്ങനെ ആവുകയും ഇല്ലായിരുന്നു.

https://www.facebook.com/1655186194712569/posts/2832477483650095/

Similar Articles

Comments

Advertismentspot_img

Most Popular