പുതിയ ജൈവയുധമോ..? ആയിരക്കണക്കിന് വീടുകളിലേക്ക് ചൈനയില്‍നിന്നുള്ള വിത്ത് പായ്ക്കറ്റുകള്‍; യുഎസിനെ തകര്‍ക്കാന്‍ പുതിയ നീക്കം..?

കോവിഡിന് പിന്നാലെ യുഎസിനെ തകര്‍ക്കാന്‍ പുതിയ നീക്കം ചൈന തുടങ്ങിയോ..? യുഎസിലെ ആയിരക്കണക്കിനു വീടുകളിലെ മെയിൽ ബോക്സുകളിലേക്ക് പുതിയൊരു ഭീഷണിയെത്തിയിരിക്കുകയാണ്–വിത്തു പായ്ക്കറ്റുകൾ. പർപ്പിൾ നിറത്തിലുള്ള അജ്ഞാത ലേപനം പുരട്ടിയാണ് പലതരം പൂക്കളുടെയും കടുകിന്റെയും ഉൾപ്പെടെ വിത്തുകൾ യുഎസിലെ വീടുകളിൽ ലഭിച്ചിരിക്കുന്നത്. മിക്ക വിത്തുപായ്ക്കറ്റുകളും അയച്ച വിലാസം ചൈനയിൽനിന്നാണ്. ചൈനീസ് അക്ഷരങ്ങളും ഇതോടൊപ്പമുണ്ട്. യുഎസ് കാർഷിക വകുപ്പ് ഇതുവരെ കണ്ടെത്തിയത് ഒരു ഡസനോളം ഇനം ചെടികളുടെ വിത്തുകളാണ്. അവയിൽ പലതും യുഎസിൽ ഇന്നേവരെ കാണാത്തത്. അതൊന്നും ആരും ഓർഡർ ചെയ്തിട്ടുമല്ല ലഭിച്ചതും.

കൃഷി ചെയ്താൽ പ്രാദേശിക ആവാസവ്യവസ്ഥയെതന്നെ തകിടം മറിക്കുന്ന ഇനങ്ങളും ഇക്കൂട്ടത്തിലുണ്ട്. പുതിയ ജൈവായുധമാണോ ഇതെന്ന ആശങ്ക ഉൾപ്പെടെ നിലനിൽക്കുന്ന സാഹചര്യത്തിൽ സംഭവത്തെപ്പറ്റി കൂടുതൽ അന്വേഷണം നടത്തുകയാണ് എഫ്ബിഐയും യുഎസ് ഡിപാർട്മെന്റ് ഓഫ് അഗ്രികൾചേഴ്സ് ആനിമൽ ആൻഡ് പ്ലാന്റ് ഹെൽത്ത് ഇൻസ്പെക്‌ഷൻ സർവീസ്(എപിഎച്ച്ഐഎസ്) വിഭാഗം. യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്‌ഷൻ വിഭാഗവും വിത്തിന്റെ ഉറവിടം തേടി അന്വേഷണം ആരംഭിച്ചു. ഒരു കാരണവശാലും വിത്തുകൾ നടരുതെന്ന് നിർദേശിച്ചിട്ടുമുണ്ട്.

ഹാനികരമല്ലാത്ത ഔഷധച്ചെടികളുടെയും പൂച്ചെടികളുടെയും പച്ചക്കറികളുടെയും പുല്ലിനങ്ങളുടെയും വിത്തുകളാണ് ഏറെയും. ആദ്യ കാഴ്ചയിൽ നിരുപദ്രവകാരിയായി തോന്നാമെങ്കിലും യുഎസിലെ ഓരോ പ്രദേശത്തെയും തനതു വിളകളെ പോലും നശിപ്പിക്കാൻ പോന്നതാകാം ഇവയിൽ പലതുമെന്നും സസ്യശാസ്ത്രജ്ഞർ മുന്നറിയിപ്പ് നല്‍കുന്നു. യുഎസിൽ ഏറ്റവും കൂടുതൽ ചോളം ഉൽപാദിപ്പിക്കുന്ന അയോവ സംസ്ഥാനത്താണ് വിത്തുപായ്ക്കറ്റുകളിൽ ഏറെയുമെത്തിയതെന്നും ആശങ്കപ്പെടുത്തുന്നു. ലോകത്തിൽ ഏറ്റവും കൂടുതൽ ചോളം ഉൽപാദിപ്പിക്കുന്ന രാജ്യമാണ് യുഎസ്. രണ്ടാം സ്ഥാനത്തു ചൈനയാണ്.

വിത്തിന്റെ പുറത്ത് പർപ്പിൾ നിറത്തിൽ പുരട്ടിയിരിക്കുന്ന ലേപനവും ഗവേഷകർ പരിശോധിക്കുന്നുണ്ട്. ഏതെങ്കിലും വിധത്തിലുള്ള കീടനാശിനിയോ വിത്ത് കേടുകൂടാതെ ഇരിക്കാൻ സഹായിക്കുന്ന വസ്തുവോ ആയിരിക്കാം അതെന്നാണു കരുതുന്നത്. മുൻകരുതലുകളില്ലാതെ ഇത്തരം വിത്തുകൾ കൃഷിയിടത്തിൽ ഉപയോഗിക്കുന്നത് വിളനാശത്തിനിടയാക്കുമെന്നും അയോവ സ്റ്റേറ്റ് സീഡ് കൺട്രോൾ ഉദ്യോഗസ്ഥനായ റോബിൻ പ്രൂസ്നർ മുന്നറിയിപ്പ് നൽകുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ആയിരത്തിലേറെ റിപ്പോർട്ടുകളും ഫോണ്‍കോളുകളുമാണ് ഇത്തരം വിത്തുപായ്ക്കറ്റുകളുമായി ബന്ധപ്പെട്ട് യുഎസിൽ ലഭിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7