ഇന്റര്‍നെറ്റ് ചരിത്രത്തില്‍ നാഴികക്കല്ലായേക്കാവുന്ന ഒരു നീക്കത്തില്‍ തങ്ങളുടെ രാജ്യത്തെ വാര്‍ത്താ പ്രസിദ്ധീകരണങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ഫെയ്‌സ്ബുക്കോ, ഗൂഗിളോ ഉപയോഗിക്കുന്നുണ്ടെങ്കില്‍ മാധ്യമ സ്ഥാപനങ്ങള്‍ക്ക് പണം നല്‍കണമെന്ന് അവശ്യപ്പെടുന്ന നിയമം കൊണ്ടുവരാന്‍ പോകുകയാണ് ഓസ്‌ട്രേലിയ.
കുറച്ചു കാലമായി പല രാജ്യങ്ങളും പരിഗണിക്കുന്ന ഒരു കാര്യമാണിതെങ്കിലും അത് ആദ്യമായി നടപ്പാക്കുന്ന രാജ്യമായിരിക്കുകയാണ് ഓസ്‌ട്രേലിയ. മാധ്യമങ്ങള്‍ക്ക് അവകാശധനത്തിന്റെ (royatly) രീതിയില്‍ പൈസ നല്‍കാനാണ് നിര്‍ദ്ദേശം. ഇത് ഈ വര്‍ഷം നിയമമാകുമെന്ന് ഓസ്‌ട്രേലിയുടെ ട്രഷറര്‍ ജോഷ് ഫ്രൈഡന്‍ബര്‍ഗ് പറഞ്ഞു. ഇത് ഓസ്‌ട്രേലിയന്‍ വാര്‍ത്താ മാധ്യമങ്ങള്‍ക്ക് ഗുണകരമാകുമെന്നു കരുതുന്നു.
കൂടാതെ, വാര്‍ത്താ രംഗത്ത് കൂടുതല്‍ മത്സരം ഉണ്ടാകാനും സഹായിക്കുമെന്നു കരുതുന്നു. ഗൂഗിള്‍, ഫെയ്‌സ്ബുക് തുടങ്ങിയ കമ്പനികള്‍ വാര്‍ത്താ മാധ്യമങ്ങളുടെ കണ്ടെന്റ് തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിലൂടെ നല്‍കുക വഴി, മാധ്യമങ്ങള്‍ക്ക് കിട്ടേണ്ട വരുമാനമോ, ശ്രദ്ധയോ ലഭിക്കാതെ പോകുന്നു. പലരും ഗൂഗിളിലും ഫെയ്‌സ്ബുക്കിലും തളച്ചിടപ്പെടുന്നു. വാര്‍ത്താ മാധ്യമങ്ങളുടെ വളര്‍ച്ച ഓരോ രാജ്യത്തിനും ജനാധിപത്യത്തിന്റെ നിലനില്‍പ്പിനും അത്യന്താപേക്ഷിതമാണ്.
കൂടുതല്‍ രാജ്യങ്ങള്‍ ഇതിന്റെ ചുവടുപിടിച്ചു നിയമങ്ങള്‍ കൊണ്ടുവന്നേക്കും. ടെക്‌നോളജി കമ്പനികള്‍ ലോകമെമ്പാടും നേരിടുന്ന എതിര്‍പ്പിന്റെ ഭാഗമായും ഇതിനെ കാണാം. തങ്ങളുടെ മേധാവിത്വം എങ്ങനെ ഊട്ടിയുറപ്പിക്കാമെന്ന കാര്യത്തിലാണ് ഇത്തരം കമ്പനികള്‍ക്ക് ശ്രദ്ധ എന്ന ആരോപണം തന്നെയാണ് കഴിഞ്ഞ ദിവസം അമേരിക്കന്‍ കോണ്‍ഗ്രസിനു മുന്‍പാകെ ടെക് ഭീമന്മാര്‍ നേരിട്ടതും.
തങ്ങളടെ മാധ്യമസ്ഥാപനങ്ങള്‍ നേരിടുന്ന പ്രതിസന്ധി ഇങ്ങനെ മുന്നോട്ടു കൊണ്ടുപോകാനാവില്ല. അവരുമായി ചര്‍ച്ച നടത്തണമെന്നാണ് കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയ ഗൂഗിളിനോടും ഫെയ്‌സ്ബുക്കിനോടും ആവശ്യപ്പെട്ടത്. എന്നാല്‍, അവര്‍ യാതൊരു ശുഷ്‌കാന്തിയും ഇക്കാര്യത്തില്‍ കാണിക്കാത്തതിനാലാണ് രാജ്യം നേരിട്ട് നിയമം കൊണ്ടുവരുന്നത്. എന്നാല്‍, തങ്ങള്‍ മൂലം ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ക്കു ലഭിക്കുന്ന കോടിക്കണക്കിനു ഹിറ്റുകള്‍ പരിഗണിക്കാതെയാണ് പുതിയ നിയമം കൊണ്ടുവരുന്നതെന്നാണ് ഗൂഗിള്‍ ഇതേക്കുറിച്ചു പ്രതികരിച്ചത്. ഇത് ഉല്‍കണ്ഠയുളവാക്കുന്നതാണെന്ന് അവര്‍ പറയുന്നു. ഇത് അടിസ്ഥാന പ്രശ്‌നത്തിന് ഒരു പരിഹാരമല്ലെന്നും ഗൂഗിള്‍ നിരീക്ഷിക്കുന്നു. ഫെയ്‌സ്ബുക് ഇതേക്കുറിച്ച് പ്രതികരിക്കാനിരിക്കുന്നതേയുള്ളു.
പരസ്യ വരുമാനം ഇടിയുന്ന മാധ്യമ സ്ഥാപനങ്ങള്‍ അമേരിക്കന്‍ കമ്പനികളെ ഇങ്ങനെ നിര്‍ബാധം പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്നു പറഞ്ഞ് സർക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയതിന്റെ ഫലമാണ് പുതിയ നിയമമെന്നും പറയുന്നു. ലോകത്തെ പല രാജ്യങ്ങളും ടെക് ഭീമന്മാരുടെ കടന്നുകയറ്റം ശരിയല്ലെന്നു പറഞ്ഞു ഇരിക്കുമ്പോള്‍ ഓസ്‌ട്രേലിയ നടപടി എടുത്തിരിക്കുകയാണ് എന്നാണ് ന്യൂസ് കോര്‍പ് ഓസ്‌ട്രേലിയയുടെ മൈക്കിള്‍ മില്ലര്‍ പ്രതികരിച്ചത്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ 3,000 ജേണലിസം ജോലികള്‍ ഓസ്‌ട്രേലിയയില്‍ ഇല്ലാതായി. പരമ്പരാഗത വാര്‍ത്താ കമ്പനികളില്‍ നിന്ന് പരസ്യ വരുമാനം ഗൂഗിളും ഫെയ്‌സ്ബുക്കും തട്ടിയെടുക്കുകയായിരുന്നു എന്നാണ് ആരോപണം. പരസ്യത്തിനായി ചെലവഴിക്കപ്പെടുന്ന ഓരോ 100 ഡോളറിന്റെയും മൂന്നിലൊന്ന് ഗൂഗിളും ഫെയ്‌സ്ബുക്കും വിഴുങ്ങുന്നുവെന്നും പറയുന്നു. ജര്‍മനി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളും ഇത്തരം നിയമം പാസാക്കിയേക്കും.