പോണ്ടിങ്ങിനെക്കാളും മികച്ച ക്യാപ്റ്റനാണ് ധോണി; കാരണം വ്യക്തമാക്കി അഫ്രീദി

ഓസ്‌ട്രേലിയയുടെ റിക്കി പോണ്ടിങ്ങിനെക്കാളും മികച്ച ക്യാപ്റ്റനാണ് എം.എസ്. ധോണിയെന്നു പാക്കിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. ട്വിറ്ററില്‍ ആരാധകരോട് സംസാരിക്കുന്നതിനിടെയാണ് അഫ്രീദി ഇക്കാര്യത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. ധോണിയോ, പോണ്ടിങ്ങോ ആരാണ് മികച്ച ക്യാപ്റ്റനെന്ന് ഒരു ആരാധകന്‍ അഫ്രീദിയോട് ചോദിച്ചു. ഉത്തരം ധോണി തന്നെയാണെന്ന് അഫ്രീദി വളരെ പെട്ടെന്നു മറുപടിയും നല്‍കി.

യുവതാരങ്ങളെ വച്ച് പുതിയൊരു ടീമിനെ ധോണി ഉണ്ടാക്കിയെടുത്തു. പോണ്ടിങ്ങിനെക്കാളും മുകളിലാണ് ധോണിയെന്നാണു ഞാൻ കണക്കാക്കുന്നത്– ഷാഹിദ് അഫ്രീദി ട്വിറ്ററിൽ കുറിച്ചു. ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റൻമാരാണ് എം.എസ്. ധോണിയും റിക്കി പോണ്ടിങ്ങും. എന്നാൽ ഐസിസിയുടെ മൂന്ന് ടൂർണമെന്റുകളിലും കിരീടം നേടിയ ക്യാപ്റ്റൻ ധോണി മാത്രമാണ്. 2007 ട്വന്റി20 ലോകകപ്പ്, 2011 ഏകദിന ലോകകപ്പ്, 2013 ചാംപ്യൻസ് ട്രോഫി എന്നിങ്ങനെയാണ് ധോണിയുടെ കിരീട നേട്ടങ്ങൾ. ധോണിയുടെ നേതൃത്വത്തിൽ 2010 ൽ ഐസിസിയുടെ ടെസ്റ്റ് റാങ്കിങ്ങിലും ഇന്ത്യ ഒന്നാമതെത്തിയിരുന്നു.

ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകകപ്പിനു ശേഷം ക്രിക്കറ്റിൽനിന്നു വിട്ടുനിൽക്കുന്ന ധോണി ഐപിഎല്ലോടെ ക്രിക്കറ്റിൽ തിരിച്ചുവരവിനൊരുങ്ങുകയാണ്. ഇന്ത്യയെ 332 രാജ്യാന്തര മത്സരങ്ങളിൽ ധോണി നയിച്ചിട്ടുണ്ട്. അതിൽ 178 എണ്ണം ജയിച്ചപ്പോൾ തോൽവി 120 എണ്ണത്തിൽ മാത്രം. ധോണിയുടെ ക്രിക്കറ്റിലെ ആകെ വിജയശതമാനം 53.61 ആണ്. ഇന്ത്യൻ ക്യാപ്റ്റൻമാരിൽ ഏറ്റവും മികച്ച രണ്ടാമത്തെ വിജയശതമാനമാണിത്. നിലവിലെ ഇന്ത്യൻ ടീം ക്യാപ്റ്റൻ വിരാട് കോലിയാണ് ഇക്കാര്യത്തിൽ ഒന്നാമൻ. 64.64 ആണ് കോലിയുടെ വിജയ നിരക്ക്.

2003ലും 2007ലും ഓസ്ട്രേലിയയ്ക്ക് ഏകദിന ലോകകപ്പ് കിരീടം നേടിക്കൊടുത്ത ക്യാപ്റ്റനാണ് റിക്കി പോണ്ടിങ്. ക്രിക്കറ്റ് ചരിത്രത്തില്‍ വിജയ ശതമാനത്തിൽ മുൻനിരയിലുള്ള ക്യാപ്റ്റൻമാരിൽ ഒരാൾ. 324 മത്സരങ്ങളിൽ ഓസ്ട്രേലിയയെ നയിച്ചിട്ടുള്ള പോണ്ടിങ് 220 വിജയങ്ങൾ സ്വന്തമാക്കി. പരാജയപ്പെട്ടത് 77 മത്സരങ്ങൾ മാത്രം.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7