ക്വാറന്റീനിൽ കഴിഞ്ഞു പുറത്തിറങ്ങി 12 ദിവസങ്ങൾക്കു ശേഷം കോവിഡ് പോസിറ്റീവ്

പത്തനാപുരം: വിദേശത്തു നിന്ന് എത്തി ക്വാറന്റീനിൽ കഴിഞ്ഞു പുറത്തിറങ്ങി 12 ദിവസങ്ങൾക്കു ശേഷം കുണ്ടയം സ്വദേശിക്കു കോവിഡ് 19 പോസിറ്റീവ് ആയി. 62 വയസ്സുള്ള ഇദ്ദേഹത്തിന്റെ ഉറവിടം വ്യക്തമല്ല. സമ്പർക്ക പട്ടിക സങ്കീർണമാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. 42 ദിവസം മുൻപാണ് ഇദ്ദേഹം സൗദി അറേബ്യയിൽ നിന്നും എത്തുന്നത്. 28 ദിവസം ക്വാറന്റീനിൽ കഴിഞ്ഞ ശേഷമാണ് പുറത്തിറങ്ങുന്നത്.

വിവിധ സ്ഥലങ്ങൾ സന്ദർശിച്ച ഇദ്ദേഹത്തിന്റെ സമ്പർക്ക പട്ടികയിലുള്ള പത്തനാപുരം സെന്റ് ജോസഫ് ആശുപത്രി, കുണ്ടയം അക്ഷയ കേന്ദ്രം, ടൗൺ ചന്തയിലെ രണ്ട് കടകൾ, ഇദ്ദേഹത്തിന്റെ തന്നെ ഉടമസ്ഥതയിലുളള മൂലക്കടയിലെ ബാർബർ ഷോപ്പ് എന്നിവ താൽക്കാലികമായി അടയ്ക്കാൻ നിർദേശിച്ചു. താലൂക്ക് ആശുപത്രിയിലെ ഒരു ഡോക്ടറെയും രണ്ട് ജീവനക്കാരെയും നിരീക്ഷണത്തിലയച്ചു.

ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്നു കഴിഞ്ഞ വ്യാഴം മുതൽ പത്തനാപുരത്തെയും കൊട്ടാരക്കരയിലെയും വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് സംശയം തോന്നി സ്രവ പരിശോധന നടത്തിയത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7