ബ്രിട്ടിഷ് പൗരനെ ഒഴിവാക്കി വിമാനം പുറപ്പെട്ടു: വിമാനത്താവളം അടച്ചിടേണ്ട സാഹചര്യമില്ല

കൊച്ചി: കൊറോണ രോഗബാധയെ തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ബ്രിട്ടിഷ് പൗരന്‍ കയറിയ വിമാനം യുകെ സംഘത്തെ ഒഴിവാക്കി ബാക്കി യാത്രക്കാരുമായി പുറപ്പെട്ടു. രോഗബാധിതനെയും ഭാര്യയെയും ആശുപത്രിയിലേക്കു മാറ്റി. 19 അംഗ സംഘത്തിലെ മറ്റുള്ളവര്‍ നിരീക്ഷണത്തിലാണ്. രോഗബാധിതന്‍ കയറിയതിനെ തുടര്‍ന്ന് വിമാനത്തിലെ മുഴുവന്‍ യാത്രക്കാരെയും പുറത്തിറക്കിയെന്നായിരുന്നു ആദ്യം ലഭ്യമായ വിവരം. അതു ശരിയല്ലെന്ന് സിയാല്‍ അധികൃതര്‍ പിന്നീട് അറിയിച്ചു. വിമാനത്താവളം അടച്ചിടേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തല്‍.

19 അംഗ സംഘം ഒഴികെയുള്ള യാത്രക്കാരെ കൊണ്ടുപോകാന്‍ വിമാനക്കമ്പനി തയാറാകുകയായിരുന്നു. ഒരു യാത്രക്കാരന്‍ സ്വമേധയാ യാത്രയില്‍ നിന്നൊഴിവായി. ബ്രിട്ടിഷ് പൗരന്‍ പോയവഴികളും വിമാനത്താവളവും അണുവിമുക്തമാക്കുന്ന നടപടികള്‍ പൂര്‍ത്തിയായി. ജില്ലാ കലക്ടര്‍ എസ്. സുഹാസ്, മന്ത്രി സുനില്‍ കുമാര്‍ എന്നിവര്‍ എത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

മൂന്നാറില്‍ അവധി ആഘോഷത്തിനെത്തിയ 19 അംഗ സംഘത്തിലുള്‍പ്പെട്ടയാളാണു യുകെ പൗരന്‍. രോഗലക്ഷണങ്ങളെ തുടര്‍ന്ന് ഇയാള്‍ നിരീക്ഷണത്തിലായിരുന്നു. ക്വാറന്റീനില്‍ ആയിരുന്ന ഇയാള്‍ അധികൃതരെ അറിയിക്കാതെയാണ് സംഘത്തോടൊപ്പം നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയത്. ഇന്ന് രാവിലെ കൊച്ചിയില്‍നിന്നു ദുബായിലേക്കുള്ള വിമാനമായിരുന്നു ലക്ഷ്യം. ഇയാള്‍ നിരീക്ഷണത്തിലുള്ളയാളാണെന്നു തിരിച്ചറിയാതെ അധികൃതര്‍ വിമാനത്തില്‍ കയറ്റിവിടുകയും ചെയ്തു.

സ്രവപരിശോധനാ ഫലത്തില്‍ ഇയാളുടേത് പോസിറ്റീവാണെന്നു കണ്ടെത്തി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇയാള്‍ വിമാനത്തില്‍ കയറിയെന്നു കണ്ടെത്തിയത്. തുടര്‍ന്ന് തിരിച്ചിറക്കി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular