രാഷ്ട്രീയക്കാരും ജനപ്രതിനിധികളും 55-ാം വയസില്‍ വിരമിക്കണമെന്നു ഫെയ്‌സ്ബുക്കില്‍ പ്രതികരിച്ച ചെങ്ങന്നൂര്‍ എം.എല്‍.എ. സജി ചെറിയാന്‍ പുലിവാല്‍ പിടിച്ചു. ഒരുദിവസത്തിനുശേഷം പോസ്റ്റ് പിന്‍വലിച്ച് ഖേദം പ്രകടിപ്പിച്ചെങ്കിലും സി.പി.എം. സംസ്ഥാനസമിതിയംഗം കൂടിയായ സജിയുടെ അഭിപ്രായപ്രകടനം പാര്‍ട്ടിയില്‍ വിവാദമായി.
ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണു സജി വിവാദപ്രസ്താവന നടത്തിയത്. എല്ലാ പാര്‍ട്ടികളും ഈ അഭിപ്രായം പരിഗണിക്കണമെന്നും തന്റെ പാര്‍ട്ടിതന്നെ ആദ്യം ആലോചിക്കുമെന്നാണു പ്രതീക്ഷയെന്നും സജി കുറിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ച 27-ാം വിവാഹവാര്‍ഷികമാഘോഷിച്ച സജിക്ക് 55 വയസായി.
രാഷ്ട്രീയത്തില്‍നിന്നു സ്വയം വിരമിക്കാനുള്ള സന്നദ്ധതയാണ് അദ്ദേഹം പ്രകടിപ്പിച്ചതെന്നായിരുന്നു അദ്യത്തെ അഭ്യൂഹം. തദ്ദേശതെരഞ്ഞെടുപ്പ് അടുത്തിരിക്കേ, ചെങ്ങന്നൂരിലെ ചില മുതിര്‍ന്നനേതാക്കളെ ലക്ഷ്യമിട്ടാണു കുറിപ്പെന്നും വിമര്‍ശനമുയര്‍ന്നു. ആലപ്പുഴ ജില്ലയിലെ ചില മുതിര്‍ന്ന മന്ത്രിമാര്‍ക്കെതിരായ ഒളിയമ്പാണെന്നും ചര്‍ച്ചകള്‍ കൊഴുത്തതോടെ സജി ഇന്നലെ പോസ്റ്റ് പിന്‍വലിച്ചു.
ഉത്തരവാദപ്പെട്ട നേതാവെന്ന നിലയില്‍ ഇത്തരം അഭിപ്രായങ്ങള്‍ സി.പി.എം. വേദികളില്‍ ഉന്നയിക്കുന്നതായിരുന്നു ഉചിതമെന്ന അഭിപ്രായമാണു പ്രമുഖനേതാക്കള്‍ പ്രകടിപ്പിച്ചത്. 2018-ലെ മഹാപ്രളയവേളയില്‍ തന്റെ മണ്ഡലത്തിലെ ആയിരക്കണക്കിനാളുകള്‍ മുങ്ങിമരിക്കുമെന്നു പറഞ്ഞ് സജി മാധ്യമങ്ങള്‍ക്കു മുന്നില്‍ പൊട്ടിക്കരഞ്ഞതും സി.പി.എം. നേതൃത്വത്തിന്റെ അതൃപ്തിക്കിടയാക്കിയിരുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റ് ചിലരെങ്കിലും തെറ്റിദ്ധരിച്ചതിനാല്‍ പിന്‍വലിക്കുന്നുവെന്നാണു സജിയുടെ വിശദീകരണം.
ജനപ്രതിനിധികളാകുന്നവര്‍ ഒരുഘട്ടം കഴിയുമ്പോള്‍ പാര്‍ട്ടി ചുമതലകള്‍ ഏറ്റെടുത്ത് പ്രവര്‍ത്തിക്കണമെന്നാണ് ഉദ്ദേശിച്ചത്. ഇക്കാര്യത്തില്‍ പാര്‍ട്ടിക്കു വ്യക്തമായ രൂപരേഖയുണ്ട്. മുതിര്‍ന്നവരുടെ അനുഭവസമ്പത്തും പുതുതലമുറയുടെ ഊര്‍ജസ്വലതയും ഒന്നിച്ച് മുന്നോട്ടുകൊണ്ടുപോകുന്ന നിലപാടാണു സി.പി.എമ്മിന്റേത്.
അതു കാലാകാലങ്ങളില്‍ കര്‍ശനമായി നടപ്പാക്കണമെന്നാണ് ഉദ്ദേശിച്ചത്. കൂടുതല്‍പ്പേര്‍ക്കും പാര്‍ലമെന്ററി പ്രവര്‍ത്തനത്തോടാണു താത്പര്യം. അതു കുറയ്ക്കാന്‍ പാര്‍ട്ടി ചില നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാര്‍ട്ടി പദവികള്‍ക്കു പ്രായപരിധി നിശ്ചയിച്ചതുപോലെ പാര്‍ലമെന്ററി രംഗത്തും ആലോചിക്കണമെന്നാണ് ഉദ്ദേശിച്ചത്. അതു ചിലര്‍ തെറ്റായി വ്യാഖ്യാനിച്ചതിനാല്‍ പോസ്റ്റ് പിന്‍വലിക്കുന്നു. ആരെങ്കിലും തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കില്‍ ഖേദിക്കുന്നുവെന്നും സജി ഫെയ്‌സ്ബുക്കില്‍ വ്യക്തമാക്കി.
”രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കും ജനപ്രതിനിധികള്‍ക്കും നിശ്ചിതപ്രായം ഉറപ്പാക്കണം. എന്നാല്‍, അവര്‍ക്കു പൊതുപ്രവര്‍ത്തനം എത്രകാലംവരെയും തുടരാം. അങ്ങനെയെങ്കില്‍ നാമൊക്കെത്തന്നെ മാതൃകയാകണം. ഒരു പൊതുതീരുമാനം വരുത്താന്‍ എന്റെ പാര്‍ട്ടി ആദ്യംതന്നെ ആലോചിക്കുമെന്നു പ്രതീക്ഷിക്കാം. എല്ലാ പാര്‍ട്ടികളും ഇതു പരിഗണിക്കണം. എന്റെ അഭിപ്രായം 55 വയസ്. അത് എന്റെ പ്രായംകൊണ്ടുതന്നെ. പുതിയതലമുറ വരട്ടെ”.
FOLLOW US: pathram online