തിരുവനന്തപുരം: ആരോഗ്യപ്രവര്‍ത്തകര്‍ കോവിഡ് ബാധിതരാകുന്നതില്‍ ആശങ്ക പങ്കുവച്ച് ആരോഗ്യവകുപ്പ്. ഇന്നലെ വരെ 435 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 221 പേര്‍ ഡോക്ടര്‍മാരും നഴ്‌സുമാരുമാണ്. 98 പേര്‍ ആശുപത്രി ജീവനക്കാരാണ്. 52 പേര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരാണ്. ആശ വൊളന്റിയര്‍മാര്‍ 36. പൊലീസ് ഉള്‍പ്പെടെയുള്ള വകുപ്പുകളിലെ 26 പേരും 2 സന്നദ്ധപ്രവര്‍ത്തകരും കോവിഡ് പോസിറ്റീവ് ആയവരില്‍ ഉള്‍പ്പെടുന്നു.
ഇന്നലെ മുഖ്യമന്ത്രിയുടെ അവലോകനയോഗത്തിലാണ് ഈ കണക്ക് ആരോഗ്യ സെക്രട്ടറി രാജന്‍ ഖൊബ്രഗഡെ അവതരിപ്പിച്ചത്. ഏറ്റവും കൂടുതല്‍ കോവിഡ് പോസിറ്റീവ് തിരുവനന്തപുരം ജില്ലയിലാണ് 94 പേര്‍. ഇതില്‍ 49 പേര്‍ ഡോക്ടര്‍മാരും നഴ്‌സുമാരുമാണ്.
ആരോഗ്യപ്രവര്‍ത്തകര്‍ കോവിഡ് പോസിറ്റീവ് ആകുന്നത് ചികിത്സാ സംവിധാനത്തെ മുഴുവന്‍ ബാധിക്കുമെന്നതാണ് സര്‍ക്കാരിനെ ആശങ്കയിലാക്കുന്നത്. പോസിറ്റീവ് ആകുന്നവരുമായി ബന്ധപ്പെട്ടവരെല്ലാം ക്വാറന്റീനില്‍ പോകുന്നത് പല ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു.
കോവിഡ് ആശുപത്രികള്‍ അല്ലാത്ത മറ്റു ചികിത്സാകേന്ദ്രങ്ങളിലെ ആരോഗ്യപ്രവര്‍ത്തകരും ഇക്കൂട്ടത്തിലുണ്ടെന്നത് രോഗവ്യാപനത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ഇവരില്‍ പലരുടെയും രോഗസ്രോതസ് കണ്ടെത്താനും കഴിഞ്ഞിട്ടില്ല. കോവിഡ് തിരിച്ചറിയാത്ത പലരും മറ്റു രോഗങ്ങളുമായി ആശുപത്രികളിലെത്തുന്നുണ്ടെന്നാണ് നിഗമനം. തുടക്കത്തില്‍ പ്രതിരോധമാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നതിലെ പാളിച്ചകളാണ് കോവിഡ് ബാധയ്ക്കു കാരണമായതെങ്കിലും ഇപ്പോള്‍ ആ പ്രശ്‌നം പരിഹരിക്കപ്പെട്ടിട്ടുണ്ട്.
FOLLOW US PATHRAMONLINE