കോവിഡ്19 ന്റെ വ്യാപനം തടയുന്നതിന് വേണ്ടി ഇന്ത്യയില്‍ ആദ്യഘട്ടത്തില്‍ അതില്‍ നടപ്പാക്കിയ 68 ദിവസത്തെ ശക്തമായ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നാല് ലക്ഷത്തില്‍പരം കുട്ടികളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചതായി റിപ്പോര്‍ട്ട്. രാജ്യത്തെ 4.1 ലക്ഷം കുട്ടികളില്‍ പുതിയതായി ഭാരക്കുറവ് ഉണ്ടായതായി കണ്ടെത്തി. സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള കുടുംബങ്ങളില്‍ നിന്നുള്ള 3.93 ലക്ഷം കുട്ടികളില്‍ ഭാര കുറവ് മൂലം ക്ഷീണം ഉള്ളതായും കണ്ടെത്തിയിട്ടുണ്ട്.
ജയ്പൂരിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് മാനേജ്‌മെന്റ് റിസര്‍ച്ച്, ഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എക്കണോമിക് ഗ്രോത്ത്, യുഎസ് അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹാര്‍വാര്‍ഡ് സെന്റര്‍ ഫോര്‍ പോപ്പുലേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് സ്റ്റഡീസ് എന്നിവിടങ്ങളിലെ ഗവേഷകര്‍ സംയുക്തമായാണ് പഠനം നടത്തിയത്.ഏറ്റവും ഒടുവില്‍ നടത്തിയ ദേശീയ കുടുംബ ആരോഗ്യ സര്‍വേയിലെ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു പഠനം. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഇല്ലാതിരുന്ന സമയത്ത് പോലും ദിവസ വേതനം കൊണ്ട് കഴിയാന്‍ ബുദ്ധിമുട്ടിയിരുന്ന കുടുംബങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതോടെ ഭക്ഷണലഭ്യത ഗണ്യമായി കുറഞ്ഞതായും പഠന റിപ്പോര്‍ട്ട് പറയുന്നു.
അടുത്തിടെ സര്‍ക്കാര്‍ ഏജന്‍സികള്‍ നടത്തിയ പഠനങ്ങളിലും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് വിദഗ്ധസമിതി ശുപാര്‍ശ ചെയ്യുന്ന അളവില്‍ അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളില്‍ 78 ശതമാനത്തിനും പോഷകാംശം ലഭിക്കുന്നില്ല എന്ന് കണ്ടെത്തിയിരുന്നു.