കലക്ടർ, എസ്പി ക്വാറന്റീനിൽ; കോട്ടയത്ത് ആശങ്കയായി

കോട്ടയം: കോവിഡ് രോഗബാധിതരുടെ എണ്ണം വർധിച്ചതോടെ കോട്ടയം ജില്ലയിൽ ആശങ്ക വർധിക്കുന്നു. കോട്ടയം മെഡിക്കൽ കോളജിലെ രണ്ട് വനിതാ പിജി ഡോക്ടർമാർക്കും കെഎസ്ആർടിസി ഡ്രൈവർക്കും ഉൾപ്പെടെ 50 പേർക്കാണ് വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ കനത്ത ജാഗ്രതയാണ് പുലർത്തുന്നത്. വൈക്കം കെഎസ്ആർടിസി ഡിപ്പോ അടച്ചു. ജില്ലയിൽ നിലവിൽ 366 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ ഇതുവരെ ആകെ 737 പേര്‍ക്ക് രോഗം ബാധിച്ചു. 371 പേര്‍ രോഗമുക്തരായി.

ജില്ലയിൽ സമ്പർക്ക രോഗികളുടെയും ഉറവിടം അറിയാത്ത രോഗികളുടെയും എണ്ണവും വർധിക്കുകയാണ്. കൂടുതൽ ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിക്കുന്നത് ആരോഗ്യ മേഖലയിലെ ആശങ്ക വർധിപ്പിക്കുന്നു. ഗൈനക്കോളജി പതോളജി വിഭാഗത്തിലെ രണ്ട് പിജി ഡോക്ടർമാർക്കാണ് കോട്ടയം മെഡിക്കൽ കോളേജിൽ രോഗം സ്ഥിരീകരിച്ചത്. ആശുപത്രിയിൽ ചികിത്സ തേടിയ ഗർഭിണികൾ ഉൾപ്പെടെ അഞ്ച് പേർക്ക് കഴിഞ്ഞ ദിവസം രോഗം സ്വീകരിച്ചിരുന്നു. 15 ഡോക്ടർമാർ ഉൾപ്പെടെ 30 പേരാണ് ഇവരുടെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളത്.

രോഗം സ്ഥിരീകരിച്ച കോട്ടയം ഡിപ്പോയിലെ കുമരകം സ്വദേശിയായ കെഎസ്ആർടിസി ഡ്രൈവറുടെ ഉറവിടം വ്യക്തമല്ല. കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെട്ട വൈക്കം ഡിപ്പോയിൽ നിന്ന് സർവീസുകൾ ഒരാഴ്ചത്തേക്ക് നിർത്തിവച്ചു. വൈക്കത്തെ വ്യാപാര സ്ഥാപനങ്ങൾ 29 വരെ അടച്ചിടും. ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനം രാവിലെ ഏഴു മുതൽ ഏഴുവരെയാക്കി പരിമിതപ്പെടുത്തി.

കോട്ടയത്തെ കലക്ടർ, എസ്പി, എഡിഎം എന്നിവർ ഇപ്പോൾ ക്വാറന്റീനിലാണ്. കോവിഡ് ബാധിതന്റെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടതോടെയാണ് കലക്ടർ എം.അ‍ഞ്ജന, എഡിഎം അനിൽ ഉമ്മൻ എന്നിവർ ക്വാറന്റീനിൽ പ്രവേശിച്ചത്. കോവിഡ് പോസിറ്റീവായയാളുടെ ദ്വിതീയ സമ്പർക്കപ്പട്ടികയിൽ വന്നതോടെ ജില്ലാ പൊലീസ് മേധാവി ജി.ജയ്ദേവ് ക്വാറന്റീനിൽ പ്രവേശിച്ചു. കലക്ടറും എസ്പിയും ഔദ്യോഗിക വസതികളിൽ ഇരുന്നാണ് ചുമതലകൾ വഹിക്കുന്നത്. വിഡിയോ കോൺഫറൻസിലൂടെയാണ് കലക്ടർ ജില്ലയിലെ കോവിഡ് പ്രതിരോധ–ചികിത്സാ സംവിധാനങ്ങളുടെ നടപടികൾ സ്വീകരിക്കുന്നത്.

എസ്പി ജി.ജയ്ദേവിന്റെ ഭാര്യയും മെഡിക്കൽ കോളജിലെ പിജി വിദ്യാര്‍ഥിനിയുമായ ഗോപിക മേനോനും ക്വാറന്റീനിലാണ്. മെ‍ഡിക്കൽ കോളജിൽ കോവിഡ് സ്ഥിരീകരിച്ച രണ്ടു പിജി ഡോക്ടർമാരുമായി സമ്പർക്കം വന്നതിനു പിന്നലെയാണ് ഗോപികയും ക്വാറന്റീനിലായത്. പിജി റേഡിയോ ഡയഗ്‌നോസിസ് വിദ്യാർഥിനിയാണ് ഗോപിക.
കോവിഡ് ക്ലസ്റ്ററായ ചങ്ങനാശേരി, പാറത്തോട് എന്നിവിടങ്ങളിൽ കൂടുതൽ പേർ കോവിഡ് പോസിറ്റീവായി. സമ്പർക്കം മുഖേന ചിങ്ങവനത്തും വൈക്കത്തും കൂടുതൽ പോസിറ്റീവ്. ചങ്ങനാശേരിയിൽ വെള്ളിയാഴ്ച 3 പേർ കൂടി പോസിറ്റീവായി. ഇതോടെ 7 ദിവസം കൊണ്ട് 79 പേരാണു ചങ്ങനാശേരി–പായിപ്പാട് മേഖലകളിൽ പോസിറ്റീവായത്. പാറത്തോട്ടിൽ 12 പേരാണ് ഇന്നലെ പോസിറ്റീവായത്. 10 ദിവസം കൊണ്ട് ഈ മേഖലയിൽ 39 പേർ പോസിറ്റീവായി. ചിങ്ങവനത്തു കോവിഡ് പോസിറ്റീവായ ആളുടെ സമ്പർക്കപ്പട്ടികയിലുള്ള 9 പേർക്കു കൂടി വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ 30 പേരാണു സമ്പർക്കപ്പട്ടികയിൽ പോസിറ്റീവായത്. വൈക്കം മേഖലയിൽ സമ്പർക്കം വഴി 5 പേർ കൂടി ഇന്നലെ പോസിറ്റീവായി.

Follow us on pathram online

Similar Articles

Comments

Advertismentspot_img

Most Popular