തിരുവനന്തപുരം: എഞ്ചിനീയറിങ് പ്രവേശന പരീക്ഷ എഴുതിയ ഒരു വിദ്യാര്‍ഥിക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് പരീക്ഷ എഴുതിയ കൊല്ലം അഞ്ചല്‍ സ്വദേശിനിക്കാണ് രോഗം കണ്ടെത്തിയത്.
കൈമനം മന്നം മെമ്മോറിയല്‍ സ്‌കൂളിലാണ് വിദ്യാര്‍ഥിനി പരീക്ഷ എഴുതിയത്. വിദ്യാര്‍ഥിനിക്കൊപ്പം കാറില്‍ യാത്ര ചെയ്ത അമ്മയ്ക്കും ബന്ധുവിനും രോഗ ബാധയില്ല.
19-മുതല്‍ വിദ്യാര്‍ഥിനി ചികിത്സയിലാണ്. എന്നാല്‍ ആരോഗ്യ വകുപ്പ് ഇക്കാര്യം മറച്ചുവെച്ചെന്ന ആക്ഷേപം ഉയര്‍ന്നുവരുന്നുണ്ട്. 16-ാം തിയതിയാണ് പരീക്ഷ നടന്നത്. 18-ന് ശാരീരിക അസ്വസ്ഥകളുണ്ടാകുകയും പരിശോധനകള്‍ നടത്തിയ ശേഷം 19-ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. എന്നാല്‍ ജില്ലാ ആരോഗ്യ വകുപ്പ് ഇതുസംബന്ധിച്ച് വിവരം പുറത്തുവിട്ടിരുന്നില്ല.
കൊല്ലം ജില്ലയില്‍ രോഗവിവരങ്ങള്‍ മറച്ചുവെക്കുന്നതില്‍ നേരത്തെയും ആരോഗ്യ വകുപ്പിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും തമ്മിലുള്ള പ്രശ്‌നങ്ങളാണ് ഇതിന് പിന്നിലെന്നാണ് സൂചന.
സംസ്ഥാനത്ത് എഞ്ചിനീയറിങ് പ്രവേശന പരീക്ഷ എഴുതിയ നാല് വിദ്യാര്‍ഥികള്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് രണ്ടും കോഴിക്കോട് ഒരു വിദ്യാര്‍ഥിക്കും കോവിഡ് ബാധിച്ചതായി കണ്ടെത്തിയിരുന്നു.
അതേസമയം പ്രവേശന പരീക്ഷ എഴുതിയവര്‍ക്ക് കോവിഡ് ബാധിച്ചതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ചിത്രം മറ്റൊരു സ്‌കൂളിന്റേതാണെന്ന് വ്യക്തമാക്കി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തി.
ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല. കരമനയിലെ സെന്ററില്‍ പരീക്ഷയെഴുതിയ കരകുളം സ്വദേശിയായ കുട്ടി നിരീക്ഷണത്തിലായിരുന്നതിനാല്‍ പ്രത്യേകം സജ്ജീകരിച്ച ക്ലാസ് മുറിയിലാണ് പരീക്ഷയെഴുതിയത്.
തൈക്കാട് സെന്ററില്‍ ഇപ്പോള്‍ കോവിഡ് സ്ഥിരീകരിച്ച പൊഴിയൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയോടൊപ്പം പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികളെ കണ്ടെത്തി നിരീക്ഷണത്തിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. മറ്റുള്ള കുട്ടികള്‍ക്ക് രോഗം പകര്‍ന്നിട്ടുണ്ടാകാന്‍ സാധ്യത ഇല്ലെങ്കിലും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ആശങ്കപെടേണ്ട സാഹചര്യമില്ല.
വസ്തുതകള്‍ ഇങ്ങനെ ആണെന്നിരിക്കെ, തിരുവനന്തപുരം നഗരത്തിലെ മറ്റൊരു പരീക്ഷാ കേന്ദ്രത്തിന്റെ മുന്‍ വശത്തെ കവാടത്തില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി സാമൂഹിക അകലം വേണ്ടത്ര പാലിക്കാതെ രക്ഷിതാക്കളും കുട്ടികളും പുറത്തേക്ക് വരുന്ന ചിത്രം ഉപയോഗിച്ച് സമൂഹത്തില്‍ ഭീതി പരത്താന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്ന കൂട്ടത്തില്‍ പെട്ടവരാണ് അവര്‍. നാട്ടില്‍ രോഗവ്യാപനം നടന്നിട്ട് സര്‍ക്കാരിനെ കുറ്റപ്പെടുത്തി ആത്മനിര്‍വൃതിയടയണമെന്ന് ആഗ്രഹിക്കുന്നവരാണ് അവര്‍. അവരുടെ അധമമായ ചിന്താഗതിയും, ദുഷ്പ്രചാരണവും പൊതുസമൂഹം തിരിച്ചറിയുക തന്നെ ചെയ്യും.
follow us: PATHRAM ONLINE