ഒരാള്‍ക്ക് കോവിഡ് പോസിറ്റീവ് ആയാല്‍ ഇവിടെ 44 ടെസ്റ്റുകള്‍ നടത്തുന്നു; ലോകത്ത് തന്നെ മരണനിരക്ക് ഏറ്റവും കുറവാണ് കേരളത്തില്‍: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളം ടെസ്റ്റുകള്‍ നടത്തുന്ന കാര്യത്തില്‍ മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് ബഹുദൂരം മുന്നിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു കോവിഡ് പോസിറ്റീവ് കേസിന് 44 ടെസ്റ്റുകളാണ് കേരളം നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തില്‍ ഇതുവരെ മൂന്നുലക്ഷത്തിലേറെ സാമ്പിളുകള്‍ പരിശോധനക്കായി അയച്ചുവെന്നും കോവിഡ് 19 വ്യാപനം വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ടെസ്റ്റുകളുടെ എണ്ണവും ടെസ്റ്റിങ് കേന്ദ്രങ്ങളുടെ എണ്ണവും വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് അവലോകനയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ടെസ്റ്റുകളില്‍ കേരളം ബഹുദൂരം മുന്നിലാണ്. ഒരു കോവിഡ് പോസിറ്റീവ് കേസിന് 44 ടെസ്റ്റുകളാണ് കേരളം നടത്തുന്നത്. മഹാരാഷ്ട്രയില്‍ ഇത് അഞ്ചും ഡല്‍ഹിയില്‍ ഏഴും തമിഴ്‌നാട്ടില്‍ പതിനൊന്നും കര്‍ണാടകയില്‍ പതിനേഴും ഗുജറാത്തില്‍ പതിനൊന്നുമാണ്. കേരളം ടെസ്റ്റുകളുടെ കാര്യത്തില്‍ പിറകിലാണെന്ന് പറയുന്നവര്‍ നോക്കുന്നത് കേവലം ടെസ്റ്റുകളുടെ എണ്ണം മാത്രമാണ്. അത് ശാസ്ത്രീയമായ രീതിയല്ല. ഒരു പോസിറ്റീവ് കേസിന് ആനുപാതികമായി എത്ര ടെസ്റ്റുകള്‍ നടത്തുന്നു എന്നതാണ് പ്രധാനം. ഐസിഎംആറിലെ പ്രധാനശാസ്ത്രജ്ഞനായ രാമന്‍ ഗംഗംഖേദ്കര്‍ കേരളം കൈക്കൊണ്ടരീതിയെ കുറിച്ച് എടുത്തുപറയുകയും എന്തുകൊണ്ട് അത് അംഗീകരിക്കപ്പെടേണ്ടതാണെന്ന് വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. കോവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ നാം കാണിച്ച കരുതലിന്റെയും ജാഗ്രതയുടെയും ഗുണഫലമാണ് രാജ്യം മുഴുവന്‍ രോഗം നാശം വിതക്കുമ്പോഴും കേരളത്തിലെ മെച്ചപ്പെട്ട സ്ഥിതിക്ക് കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ കോവിഡ് ടെസ്റ്റിനെ കുറിച്ച് പറയുകയാണെങ്കില്‍ പരിശോധന ആരംഭിച്ചത് ഒരു ടെസ്റ്റിങ് സെന്ററിലാണ്. ഇപ്പോള്‍ സര്‍ക്കാര്‍ മേഖലയില്‍ 59ും സ്വകാര്യമേഖലയില്‍ 51ഉം ടെസ്റ്റിങ് കേന്ദ്രങ്ങള്‍ ഉണ്ട്.ആദ്യം പിസിആര്‍ ടെസ്റ്റ് മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ ആന്റിബോഡി, ആന്റിജന്‍, ട്രൂനാറ്റ്, ജീന്‍ എക്‌സ്‌പേര്‍ട്ട്, ഇമ്യൂണോഅസെ തുടങ്ങിയ ടെസ്റ്റുകള്‍ ഉണ്ട്’ മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ ഇതുവരെ 3,08,348 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതില്‍ 7410 സാമ്പിളുകളുടെ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്‍ സര്‍വയലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,00,942 സാമ്പിളുകള്‍ ശേഖരിച്ചു. ഇതില്‍ 96,544 സാമ്പിളുകള്‍ നെഗറ്റീവാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ലോകത്ത് തന്നെ മരണനിരക്ക് ഏറ്റവും കുറഞ്ഞ പ്രദേശങ്ങളില്‍ ഒന്നാണ് കേരളം. കേരളത്തിലെ മരണനിരക്ക് 0.33 ശതമാനമാണ്. നൂറുപേരില്‍ 0.33 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. അതേസമയം ഡല്‍ഹിയില്‍ ഇത് മൂന്നുശതമാനമാണ്. തമിഴ്‌നാട്ടില്‍ 1.5,മഹാരാഷ്ട്രയില്‍ 3.8, ഗുജറാത്തില്‍ 4.4, കര്‍ണാടകയില്‍ 2.1 ശതമാനം എന്നിങ്ങനെയാണ് ഇതരസംസ്ഥാനങ്ങളിലെ മരണനിരക്ക്.

കഴിഞ്ഞദിവസം തമിഴ്‌നാട്ടില്‍ 4985 പുതിയ കോവിഡ് കേസുകളും 70മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കര്‍ണാടകയില്‍ 3648 കേസുകളും 72മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഈ സമയത്തും ജനസാന്ദ്രതയും വയോജന സാന്ദ്രതയും ഹൃദ്രോഗം വളരെ കൂടുതലുളളതുമായ നമ്മുടെ സംസ്ഥാനത്ത് ഇത്ര കുറഞ്ഞ മരണങ്ങള്‍ മാത്രമുണ്ടാകുന്നത് സൂചിപ്പിക്കുന്നത് കേരളം ഉയര്‍ത്തിയ പ്രതിരോധത്തിന്റെ മികവ് തന്നെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

follow us: PATHRAM ONILNE

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7