24 മണിക്കൂറിനിടെ 37,148 പേര്‍ക്കുകൂടി രോഗം; ഒറ്റദിവസത്തിനിടെ 587 മരണങ്ങളും

രാജ്യത്ത് കൊറോണവൈറസ് മഹാമാരി സ്ഥിരീകരിച്ചവരുടെ എണ്ണം 11,55,191 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 37,148 പേര്‍ക്കുകൂടി രോഗം സ്ഥിരികരിച്ചതോടെയാണിത്.

587 കോവിഡ് മരണങ്ങളും ഒറ്റദിവസത്തിനിടെയുണ്ടായി. ഇതോടെ ഇന്ത്യയില്‍ ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 28,084 ആയിട്ടുണ്ട്.

4,02,529 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 7,24,578 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. മഹാരാഷ്ട്രയില്‍ മാത്രം 3.18 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 12,030 പേര്‍ മരിക്കുകയും ചെയ്തു.

1.23 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഡല്‍ഹിയില്‍ 3663 മരണങ്ങളുണ്ടായി. 49,353 പേര്‍ക്ക് രോഗം സ്ഥിരികരിച്ച ഗുജറാത്തില്‍ 2162 മരണവും റിപ്പോര്‍ട്ട് ചെയ്തു.

തമിഴ്‌നാട്ടില്‍ 1.75 ലക്ഷം പേര്‍ക്കാണ് ആകെ രോഗം കണ്ടെത്തിയിട്ടുള്ളത്. 2552 പേര്‍ മരിച്ചു. യുപിയില്‍ 1192 ഉം പശ്ചിമബംഗാളില്‍ 1147 ഉം കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അതിനിടെ കോവിഡ് പ്രതിരോധത്തിന് ജനങ്ങള്‍ വാല്‍വ് ഘടിപ്പിച്ച എന്‍95 മാസ്‌കുകള്‍ ഉപയോഗിക്കുന്നത് വിലക്കണമെന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട് കേന്ദ്രം. ഇത്തരം മാസ്‌കുകള്‍ വൈറസിനെ പുറത്തേക്കു വിടുന്നതിനെ പ്രതിരോധിക്കില്ലെന്നും രോഗപ്രതിരോധത്തെ പ്രതികൂലമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്.

പൊതുജനങ്ങള്‍ വാല്‍വ് ഘടിപ്പിച്ച എന്‍95 മാസ്‌കുകള്‍ തെറ്റായ വിധത്തില്‍ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് ആരോഗ്യപ്രവര്‍ത്തകര്‍ക്കുവേണ്ടിയുള്ളതാണെന്നും ആരോഗ്യമന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു.

ധരിച്ചിരിക്കുന്ന ആളില്‍നിന്ന് വൈറസ് പുറത്തേയ്ക്ക് പോകുന്നത് തടയാന്‍ ഈ മാസ്‌കുകള്‍ക്ക് സാധിക്കില്ല. വൈറസിനെ പ്രതിരോധിക്കുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ക്ക് ഗുണകരമല്ല ഇത്തരം മാസ്‌കുകളെന്നും അറിയിപ്പില്‍ ചൂണ്ടിക്കാട്ടുന്നു

പൊതുജനങ്ങള്‍ വീടുകളിലുണ്ടാക്കുന്ന തുണികൊണ്ടുള്ള മാസ്‌കുകള്‍ ഉപയോഗിക്കാനും എന്‍95 മാസ്‌കുകളുടെ ഉപയോഗം ആരോഗ്യപ്രവര്‍ത്തകര്‍ക്കു മാത്രമായി നിയന്ത്രിക്കാനും നിര്‍ദേശത്തില്‍ പറയുന്നു.

FOLLOW US: PATHRAM ONLINE

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7