തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് എയര്‍ ഇന്ത്യ സാറ്റ്‌സ് മുന്‍ വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബിന്റെ ഡ്രൈവറെ കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്തതോടെ 2 ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ കുരുക്കു വീണ്ടും മുറുകുന്നു. എയര്‍ ഇന്ത്യ സാറ്റ്‌സിലെ അഴിമതി സംബന്ധിച്ചു കേന്ദ്ര സര്‍ക്കാരിനും വിജിലന്‍സ് കമ്മിഷനും പരാതി നല്‍കിയതിനെ തുടര്‍ന്നാണ് എയര്‍ ഇന്ത്യ ഓഫിസര്‍മാരുടെ സംഘടനാ നേതാവായ എല്‍.എസ്. സിബുവിനെ കള്ളക്കേസില്‍ കുടുക്കാന്‍ ഗൂഢാലോചന നടന്നത്. സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് അക്കാലത്താണു സാറ്റ്‌സില്‍ നിയമിക്കപ്പെടുന്നത്.
തുടര്‍ന്നു 16 വനിതാ ജീവനക്കാരുടെ പേരില്‍ വ്യാജ പരാതി സ്വപ്ന നല്‍കി. ഇതിനെതിരെ സിബു പൊലീസില്‍ പരാതിപ്പെട്ടെങ്കിലും ആദ്യ അന്വേഷണം സ്വപ്നയ്ക്ക് അനുകൂലമായിരുന്നു. എന്നാല്‍ പിന്നീടു ഹൈക്കോടതിയുടെ നിയന്ത്രണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയെങ്കിലും സ്വപ്നയെ സഹായിക്കുന്ന നിലപാടായിരുന്നു ഉദ്യോഗസ്ഥര്‍ക്ക്. സ്വപ്നയെ ചോദ്യം ചെയ്യാന്‍ വിളിച്ച ദിവസങ്ങളില്‍ ഡിജിപി റാങ്കിലെ ഉദ്യോഗസ്ഥനും മുന്‍ ഡിജിപിയും സ്വപ്നയ്ക്കു വേണ്ടി ക്രൈംബ്രാഞ്ച് ഉന്നതരെ നിരന്തരം ഫോണില്‍ വിളിച്ചത് എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോള്‍ ഗത്യന്തരമില്ലാതെയാണു കഴിഞ്ഞ ദിവസം സ്വപ്നയെ ഈ കേസില്‍ പ്രതിയാക്കിയത്.
ഇപ്പോഴത്തെ സാഹചര്യത്തില്‍ സാറ്റ്‌സില്‍ ഇവരുടെ കാലത്തു നടന്ന നിയമനങ്ങളും മറ്റും എന്‍ഐഎ വിശദമായി പരിശോധിക്കുമെന്നാണു സൂചന. അതിനു പുറമേയാണ് ജയഘോഷിനെ ഗണ്‍മാനായി നിയമിച്ചതും നിയമനം നീട്ടി നല്‍കിയതും കുരുക്കായത്. സ്വര്‍ണക്കടത്തില്‍ ജയഘോഷിനു പങ്കുണ്ടോയെന്നു കസ്റ്റംസും എന്‍ഐഎയും പരിശോധിച്ചുവരികയാണ്. സ്വപ്നയും സരിത്തുമായി ജയഘോഷിന് അടുത്ത ബന്ധമുണ്ടായിരുന്നതായും സ്വര്‍ണമടങ്ങിയ ബാഗ് കസ്റ്റംസ് പിടിച്ചുവച്ചപ്പോള്‍ വാങ്ങാന്‍ പോയ വാഹനത്തില്‍ ഇരുവര്‍ക്കുമൊപ്പം ജയഘോഷും ഉണ്ടായിരുന്നതായും എന്‍ഐഎ കണ്ടെത്തി.
follow us pathramonline