കോഴിക്കോട്: മന്ത്രി കെ.ടി.ജലീൽ വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചതാണ് പ്രശ്നമെന്നും സംഭാവനയുടെ മുകളിലാണോ താഴെയാണോ സക്കാത്ത് എന്നതല്ല ഇപ്പോഴത്തെ പ്രശ്നമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ.മജീദ്. ചട്ടലംഘനം നടത്തിയ മന്ത്രി സമുദായത്തിന്റെ പേരുപറഞ്ഞ് വഴിതിരിക്കാനാണു ശ്രമിക്കുന്നത്. വിദേശ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ കോൺസുലേറ്റുമായി ബന്ധപ്പെടാൻ സംസ്ഥാന മന്ത്രിക്ക് അധികാരമില്ല എന്നതാണ് പ്രശ്നം.
തനിക്ക് സംഭവിച്ച തെറ്റുകൾ മൂടിവെക്കാൻ ഇതിനുമുൻപും ഖുർആൻ സൂക്തങ്ങളും നബിവചനങ്ങളുമായി ഈ മന്ത്രി ഇറങ്ങിട്ടുണ്ട്. തെറ്റു പറ്റിയാൽ അത് സമ്മതിക്കാനുള്ള മാന്യത കാണിക്കണം. രാഷ്ട്രീയ വിഷയങ്ങളെ രാഷ്ട്രീയമായി നേരിടണം. വിഷയം സാമുദായികവൽക്കരിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം വിലപ്പോകില്ലെന്നും കെ.പി.എ. മജീദ് പറഞ്ഞു. സക്കാത്തിന്റെ അവകാശികൾ ആരൊക്കെയാണെന്നതിന് ഇസ്‍ലാം കൃത്യമായ മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്.
യുഎഇ കോൺസുലേറ്റിന്റെ സക്കാത്ത് വിഹിതമെന്നു പറയുന്ന കിറ്റുകൾ ആരുമറിയാതെ പാർട്ടി ഓഫീസിലാണ് മന്ത്രി വിതരണം ചെയ്തത്. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ കോൺസുലേറ്റുമായുള്ള ഇടപാടുകൾക്കു വിവാദ വനിത സ്വപ്ന സുരേഷിനെ ഉപയോഗിക്കുകയും വിദേശ നാണ്യ വിനിമയ ചട്ടം ലംഘിച്ച് ഫണ്ട് സ്വീകരിക്കുകയും ചെയ്തു. സക്കാത്തെന്ന നിർബന്ധിത ദാന കർമത്തെ വലിച്ചിഴയ്ക്കാനാണ് ജലീൽ ശ്രമിക്കുന്നതെന്നും കെ.പി.എ.മജീദ് പറഞ്ഞു.
Follow us: pathram online