ദുബായ് : തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിനെ യുഎഇ പോലീസ് ചോദ്യം ചെയ്തതായി റിപ്പോര്‍ട്ട്. ഫൈസലിന് യുഎഇ യാത്രാവിലക്ക് ഏര്‍പ്പെടുത്തി. ഇയാളെ നാടുകടത്തലിന് യുഎഇ ഉടന്‍ നടപടിയെടുക്കുമെന്നാണു സൂചന.
ഫൈസല്‍ ഫരീദിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കിയതായി വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. വിവരം ആഭ്യന്തര മന്ത്രാലയത്തെയും ഇമിഗ്രേഷന്‍ ബ്യൂറോയെയും യുഎഇ സര്‍ക്കാരിനെയും അറിയിച്ചിട്ടുണ്ട്. ഇപ്പോള്‍ ദുബായിലുള്ള പ്രതിയെ ഇന്ത്യയിലെത്തിക്കാനാണ് നടപടി.
ഫൈസലിനെതിരേ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) നേരത്തേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. കുറ്റവാളികളെ കൈമാറാന്‍ ഇന്ത്യയും യുഎഇയും തമ്മില്‍ 1999 ല്‍ ഒപ്പുവച്ച ഉടമ്പടിയുണ്ടെങ്കിലും കാലതാമസം വരാം. എന്നാല്‍, നാടുകടത്താന്‍ ഇന്ത്യ അഭ്യര്‍ഥിച്ചാല്‍ യുഎഇ വേഗത്തില്‍ നടപടിയെടുക്കാറുണ്ട്.
യുഎഇ കോണ്‍സുലേറ്റിലെ ഭരണച്ചുമതലയുണ്ടായിരുന്ന ഷാര്‍ഷ് ദ് അഫയ്ര്‍ റാഷിദ് ഖമീസ് അലി മുസാഖിരി അല്‍ ഷെമെയ്‌ലി ദുബായിലേക്കു മടങ്ങി. യുഎഇ എംബസിയുടെ നിര്‍ദേശപ്രകാരം തിരുവനന്തപുരത്തു നിന്നു ചൊവ്വാഴ്ച ഡല്‍ഹിയിലെത്തിയ അദ്ദേഹം അവിടെ നിന്നാണ് ഇന്ത്യ വിട്ടത്. കസ്റ്റംസ് പിടികൂടിയ സ്വര്‍ണമടങ്ങിയ നയതന്ത്ര ബാഗേജ് ഷെമെയ്‌ലിയുടെ വിലാസത്തിലാണ് എത്തിയത്. എന്നാല്‍ ഫോണ്‍ നമ്പര്‍ കോണ്‍സുലേറ്റ് മുന്‍ പിആര്‍ഒയും കേസിലെ ഒന്നാം പ്രതിയുമായ പി.എസ്. സരിത്തിന്റേതായിരുന്നു.
സ്വര്‍ണം പിടികൂടിയ ദിവസം ഉള്‍പ്പെടെ ഷെമെയ്‌ലി, കേസിലെ പ്രതി സ്വപ്ന സുരേഷിനെ ഫോണില്‍ വിളിച്ചിരുന്നു. സ്വര്‍ണക്കടത്തില്‍ ഷെമെയ്‌ലിക്കു പങ്കുണ്ടെന്നു പ്രതി സന്ദീപ് നായര്‍ കസ്റ്റംസിന്റെയും എന്‍ഐഎയുടെയും ചോദ്യം ചെയ്യലില്‍ പറയുകയും ചെയ്തു. ഇതേസമയം, ഭക്ഷ്യസാധനങ്ങള്‍ അയയ്ക്കാനാണ് ആവശ്യപ്പെട്ടതെന്നും സ്വര്‍ണത്തെക്കുറിച്ച് അറിയില്ലെന്നും വ്യക്തമാക്കിയ ഷെമെയ്‌ലി, അന്വേഷണവുമായി സഹകരിക്കുമെന്നു പ്രഖ്യാപിച്ചു തിരുവനന്തപുരത്തു തുടരുകയായിരുന്നു. യുഎഇ നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായി ഷെമെയ്‌ലിയെ ചോദ്യം ചെയ്യും.
follow us pathramonline