വാട്‌സാപ് പണിമുടക്കുന്നത് പതിവാകുന്നു; മെസേജുകള്‍ അയക്കാനും സ്വീകരിക്കാനും കഴിയാതെ ഉപയോക്താക്കള്‍

ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് ആപ്പായ വാട്‌സാപ് പണിമുടക്കുന്നത് പതിവായിരിക്കുകയാണ്. ബുധനാഴ്ച രാവിലെയും ഇന്ത്യയിലെയും മറ്റു ചില രാജ്യങ്ങളിലെയും കോടിക്കണക്കിന് ഉപയോക്താക്കള്‍ക്ക് മെസേജുകള്‍ അയക്കാനും സ്വീകരിക്കാനും കഴിയാതെ വന്നു. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് വാട്‌സാപ് തകരാര്‍ ആരംഭിച്ചതെന്ന് ഡൗണ്‍ടെക്റ്റര്‍ പറയുന്നു. പുലര്‍ച്ചെ 3 മണി വരെ ഇത് തുടര്‍ന്നു. ഉപയോക്താക്കള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത പ്രശ്‌നം വാട്‌സാപ്പിലേക്ക് കണക്റ്റുചെയ്യാന്‍ കഴിയാത്തതായിരുന്നു. സന്ദേശങ്ങള്‍ അയയ്ക്കാനോ സ്വീകരിക്കാനോ കഴിയാത്തതിന്റെ പ്രശ്നങ്ങളും നിരവധി ഉപയോക്താക്കള്‍ റിപ്പോര്‍ട്ടുചെയ്തു.

വാട്‌സാപ് ആപ്ലിക്കേഷനിലെ സംഭവവികാസങ്ങള്‍ ട്രാക്കുചെയ്യുന്ന ടെക് വിദഗ്ധരുടെ റിപ്പോര്‍ട്ട് പ്രകാരം ഈ സമയത്ത് സെര്‍വര്‍ പ്രവര്‍ത്തനരഹിതമായിരുന്നു എന്നാണ്. തകരാറിനിടെ കുറച്ചുപേര്‍ക്ക് വാട്‌സാപ്പില്‍ ലോഗിന്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. ഇന്ത്യയെ കൂടാതെ യുഎസ്, യുകെ എന്നി രാജ്യങ്ങളിലുള്ളവരെയാണ് ഏറ്റവുമധികം ബാധിക്കപ്പെട്ടത്. എന്നാല്‍, ഇപ്പോള്‍ വാട്‌സാപ് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഔട്ട്ഡേജ് മോണിറ്റര്‍ പോര്‍ട്ടല്‍ ഡൗണ്‍ ഡിറ്റക്ടര്‍ പറയുന്നതനുസരിച്ച്, വാട്‌സാപ് ഡൗണ്‍ റിപ്പോര്‍ട്ടുകളില്‍ 66 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട് എന്നാണ്. ആന്‍ഡ്രോയിഡ്, ഐഒഎസ് വാട്‌സാപ് ഉപയോക്താക്കളെല്ലാം പ്രശ്നങ്ങള്‍ ട്വിറ്ററിലൂടെ അപ്‌ഡേറ്റ് ചെയ്തിരുന്നു.

ജൂണ്‍ 16 ന്, ഫെയ്‌സ്ബുക്, മെസഞ്ചര്‍, ഇന്‍സ്റ്റാഗ്രാം എന്നിവയ്ക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തകരാറുകള്‍ സംഭവിച്ചിരുന്നു. ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കള്‍ക്ക് നേരിട്ടുള്ള സന്ദേശങ്ങള്‍ പോസ്റ്റുചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന വാട്‌സാപ് ഫെയ്‌സ്ബുക് വാങ്ങിയതോടെയാണ് തുടര്‍ച്ചയായി പ്രശ്‌നങ്ങള്‍ കണ്ടു തുടങ്ങിയത്.

follow us pathramonline

Similar Articles

Comments

Advertismentspot_img

Most Popular