സ്വപ്‌നയെ മന്ത്രി കെ.ടി. ജലീല്‍ പലവട്ടം വിളിച്ചു; സ്വര്‍ണം വന്ന ദിവസമടക്കം സരിത്ത് നിരവധി തവണ എം. ശിവശങ്കറിനെ വിളിച്ചു; ഫോണ്‍ കോള്‍ രേഖകള്‍ പുറത്ത്

സ്വര്‍ണക്കടത്ത് കേസ് പ്രതി സരിത്തിന്റേയും സ്വപ്നയുടേയും ഫോണ്‍ രേഖ പുറത്ത്. ഫോണ്‍ രേഖകളുടെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക്‌ ലഭിച്ചു. സരിത്ത് പലതവണ എം.ശിവശങ്കറിനെ വിളിച്ചു. സ്വപ്ന മന്ത്രി കെ.ടി.ജലീലിനെ പലവട്ടം വിളിച്ചതിന്‍റെയും ഫോണ്‍ രേഖകള്‍ പുറത്തുവന്നു. തന്നെ വിളിച്ചിരുന്നതായി മന്ത്രി സ്ഥിരീകരിക്കുകയും ചെയ്തു. കിറ്റ് വിതരണത്തിന്‍റെ കാര്യം പറയാനാണ് വിളിച്ചതെന്നാണ് വിശദീകരണം. മന്ത്രിയുടെ പഴ്സണല്‍ സ്റ്റാഫംഗത്തിന്റെ നമ്പറും വിളിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

സ്വര്‍ണം വന്ന ദിവസവും ശിവശങ്കറിനെ പലവട്ടം വിളിച്ചു. സ്വപ്നയും സരിത്തും മുന്‍ ഐടി സെക്രട്ടറിയെ വിളിച്ചു. ഏപ്രില്‍ 20ന് ശേഷമുള്ള പട്ടികയാണ് പുറത്തുവന്നത്. മിനിറ്റുകള്‍‌ നീളുന്ന സംസാരമാണ് പുറത്തുവന്നത്.

ജൂൺ മാസം മാത്രം 9 തവണയാണ് സ്വപ്ന സുരേഷും കെടി ജലീലും ഫോണിൽ സംസാരിച്ചത്. ജൂണിൽ തന്നെ സ്വപ്ന മന്ത്രിയുടെ ഫോണിലേക്ക് എസ് എം എസും അയച്ചിട്ടുണ്ട്. സ്വപ്ന സുരേഷ് ഒരു തവണ മാത്രമാണ് മന്ത്രിയെ വിളിച്ചത്. മന്ത്രി തിരികെ 8 തവണ സ്വപ്നയെ വിളിച്ചു.

9847797000 എന്ന ശിവശങ്കരൻ്റെ നമ്പറിലേക്ക് പലതവണ സരിത്ത് വിളിച്ചിട്ടുണ്ട്. ഏപ്രിൽ, മെയ് മാസങ്ങളിലാണ് സരിത്ത് ശിവശങ്കരനെ വിളിച്ചത്. ഏപ്രിൽ 28ന് രണ്ട് തവണ വിളിച്ചിട്ടുണ്ട്. പിറ്റേന്ന് ഒരു തവണ വിളിച്ചു. മെയ് അഞ്ചിനും ആറിനും സരിത്ത് വിളിച്ചിട്ടുണ്ട്. ഏതാണ് ഒൻപതിലധികം തവണയാണ് ഇവർ തമ്മിൽ സംസാരിച്ചത്. 9526274534 എന്ന നമ്പരിൽ നിന്നാണ് സരിത്ത് കോൾ ചെയ്തത്. അര മണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ ദൈർഘ്യമേറിയ കോളുകളായിരുന്നു ഇത്.

അതേസമയം മുന്‍ ഐടി സെക്രട്ടറിയും മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായ എം. ശിവശങ്കറിനെ പരിചയപ്പെട്ടതു സ്വപ്ന വഴിയാണെന്ന് സരിത്. ശിവശങ്കറിന്റെ ഫ്‌ലാറ്റില്‍ സ്വര്‍ണക്കടത്തു സംബന്ധിച്ച ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിലും അതില്‍ അദ്ദേഹം പങ്കെടുത്തിട്ടില്ലെന്നും സ്വര്‍ണക്കടത്തിനെ പറ്റി ശിവശങ്കറിന് അറിയില്ലെന്നും സരിത് മൊഴി നല്‍കി. ഇതേ ഫ്‌ലാറ്റില്‍ പാര്‍ട്ടികള്‍ നടത്താറുണ്ടെന്നും മൊഴിയിലുണ്ട്.

സ്വര്‍ണക്കടത്ത് ഗൂഢാലോചന നടന്ന ഫ്‌ലാറ്റിന്റെ ഉടമ എന്ന നിലയില്‍ എം. ശിവശങ്കറിനെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ചോദ്യം ചെയ്യും. സ്വപ്ന വഴിയാണു സന്ദീപിനെ സരിത്തിനു പരിചയം. സന്ദീപ് നായരാണു കേരളത്തില്‍ സംഘത്തിന്റെ പ്രധാന കണ്ണിയെന്നു വെളിപ്പെടുത്തിയ സരിത്, തനിക്കും സ്വപ്നയ്ക്കുമായി ഒരു കടത്തിനു ലഭിക്കുന്നത് 10 ലക്ഷത്തോളം രൂപയാണെന്നും പറഞ്ഞു. പ്രതിഫലത്തിന്റെ തുടക്കം പതിനായിരങ്ങളിലായിരുന്നു.

പ്രതിഫലമായി കിട്ടിയ പണം ആഡംബര ഹോട്ടലുകളിലും മറ്റും ചെലവിട്ടുവെന്നും സമ്പാദ്യമില്ലെന്നും സാമ്പത്തിക പ്രശ്‌നങ്ങളുണ്ടെന്നും സരിത് ഉദ്യോഗസ്ഥരോടു പറഞ്ഞു. ഫരീദിനെ പരിചയപ്പെട്ടതു സന്ദീപ് വഴിയാണെന്നും മൊഴിയിലുണ്ട്. റമീസ് അടക്കം വില്‍പനക്കാരുമായി സന്ദീപിനു ബന്ധമുണ്ടെന്നും പലരുടെയും പേരറിയില്ലെന്നും എന്നാല്‍ കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുമെന്നും സരിത് പറഞ്ഞിട്ടുണ്ട്.

അതേസമയം തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്തു കണ്ടെത്താന്‍ സ്ഥാപിച്ചിട്ടുള്ള സ്‌കാനറുകളുടെ കണ്ണുവെട്ടിക്കാനുള്ള സാങ്കേതിക തന്ത്രം പ്രതികള്‍ പ്രയോഗിച്ചതായി എന്‍ഐഎ പറയുന്നു. വിമാനത്താവളത്തില്‍ സ്ഥാപിച്ചിട്ടുള്ള സ്‌കാനറുകളുടെ സാങ്കേതിക പ്രത്യേകതകള്‍ മനസ്സിലാക്കിയാണു പ്രതികള്‍ സ്വര്‍ണം ഒളിപ്പിച്ച പാഴ്‌സലുകള്‍ പൊതിഞ്ഞിരുന്നതെന്നും അന്വേഷണ സംഘം കോടതിയെ വാക്കാല്‍ അറിയിച്ചു. ഇതു സംബന്ധിച്ചു സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ പരിശോധന നടത്തും.

അതേസമയം സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരെ സഹായിച്ച എസ് ഐയ്‌ക്കെതിരെ പരാതി നല്‍കി. സന്ദീപ് നായരെ മുന്‍പ് പല കേസുകളിലും സഹായിച്ച പോലീസ് അസോസിയേഷന്‍ ജില്ലാ നേതാവിനെതിരെയാണ് പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്ത് എത്തിയിരിക്കുന്നത്. കണ്‍ട്രോള്‍ റൂം എസ്.ഐ കെ.എ ചന്ദ്രശേഖരനെതിരെയാണ് പരാതി നല്‍കിയത്. മുഖ്യമന്ത്രി, ഡി.ജി.പി, സിറ്റി പോലീസ് കമ്മീഷണര്‍ എന്നിവര്‍ക്കാണ് പരാതി നല്‍കിയത്.

രണ്ടാഴ്ച മുന്‍പ് ആഡംബര കാറില്‍ മദ്യപിച്ച് അബോധാവസ്ഥയില്‍ റോഡില്‍ കിടന്നിരുന്ന സന്ദീപിനെ നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി സ്‌റ്റേഷനിലേക്ക് കൊണ്ടുപോയിരുന്നു. ഇതറിഞ്ഞ് സ്‌റ്റേഷനിലെത്തിയ ഗ്രേഡ് എസ്.ഐ ചന്ദ്രശേഖരന്‍ എത്തി സന്ദീപിനെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ ഇറക്കിക്കൊണ്ടുപോയി എന്നും ആരോപണമുണ്ട്.

FOLLOW US: pathram online

Similar Articles

Comments

Advertismentspot_img

Most Popular