ഇതാണ് മുഖ്യമന്ത്രി… വന്‍ സ്രാവുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ പുറത്തു വരട്ടെ, അന്വേഷണം എന്റെ ഓഫിസില്‍ എത്തുന്നുണ്ടെങ്കില്‍ എത്തട്ടെയെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘സ്വര്‍ണക്കടത്തു സംഭവത്തില്‍ വന്‍ സ്രാവുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ പുറത്തു വരട്ടെ, അന്വേഷണം എന്റെ ഓഫിസില്‍ എത്തുന്നുണ്ടെങ്കില്‍ എത്തട്ടെ, ഞാന്‍ നേരത്തെ പറഞ്ഞതാണ് അക്കാര്യത്തില്‍ വിഷമമില്ലെന്ന്’– മുഖ്യമന്ത്രി പറഞ്ഞു.

സ്വപ്ന സുരേഷിന്റെ നിയമനത്തെക്കുറിച്ച് അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറിയെയും ധനകാര്യ അഡീ.ചീഫ് സെക്രട്ടറിയെയും ചുമതലപ്പെടുത്തി. എന്‍ഐഎയുടെ അന്വേഷണ നടപടികളെ പരോക്ഷമായി എതിര്‍ക്കുന്നത് ശരിയല്ല. അന്വേഷിച്ച് വിവരങ്ങള്‍ പുറത്തു കൊണ്ടുവരാന്‍ അവര്‍ക്കു സമയം കൊടുക്കണം. വമ്പന്‍മാരും കൊമ്പന്‍മാരും പിന്നിലുണ്ടെങ്കില്‍ പുറത്തു വരട്ടെ. ചിലര്‍ക്ക് നെഞ്ചിടിപ്പുണ്ട്. അതു ശമിപ്പിക്കാന്‍ മാധ്യമങ്ങള്‍ സഹായിക്കരുത്.

എന്‍ഐഎ കേസ് ഫലപ്രദമായി അന്വേഷിക്കുന്നുണ്ട്. ലഭിക്കുന്ന സൂചനകള്‍ അനുസരിച്ച് കൃത്യമായ അന്വേഷണമാണ് നടക്കുന്നത്. കുറ്റവാളികളും കുറ്റകൃത്യത്തില്‍ പങ്കുള്ളവരും പുറത്തു വരട്ടെ. അതില്‍ വേവലാതിപ്പെടേണ്ട കാര്യമില്ല. നല്ല വേഗത്തിലാണ് എന്‍ഐഎ അന്വേഷിക്കുന്നത്. ഓരോ ആളും തീരുമാനിക്കുന്ന മുറയ്ക്ക് അന്വേഷണം നടത്താന്‍ കഴിയില്ല. എന്തുസഹായം വേണമെങ്കിലും എന്‍ഐഎയ്ക്കു സര്‍ക്കാര്‍ നല്‍കും.

സ്പീക്കറെ അനാവശ്യമായി വിവാദത്തില്‍പെടുത്തുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാസങ്ങള്‍ക്കു മുന്‍പ് ക്ഷണിച്ച പരിപാടിക്കാണ് സ്പീക്കര്‍ പോയത്. നയതന്ത്ര കാര്യാലയത്തിലെ ഉദ്യോഗസ്ഥയാണ് ക്ഷണിച്ചത്. ആ ചടങ്ങില്‍ പോകേണ്ടതില്ലെന്ന് ഒരു ഏജന്‍സിയും മുന്നറിയിപ്പ് നല്‍കിയിട്ടില്ല. അന്ന് അവര്‍ കുറ്റവാളിയാണെന്ന് ആര്‍ക്കും അറിയില്ല, വിവാദവും ഉണ്ടായിട്ടില്ല.

വിവാദ വനിതയുമായി അടുപ്പമുള്ളതിനാലാണ് ശിവശങ്കറിനെ മാറ്റി നിര്‍ത്തിയതെന്നു മുഖ്യമന്ത്രി പറഞ്ഞു. അതിനപ്പുറമുള്ള കാര്യം വന്നാല്‍ ആ സമയത്ത് കര്‍ശന നടപടിയിലേക്കു പോകും. ഓരോരുത്തരുടെയും സങ്കല്‍പ്പത്തിനനുസരിച്ച് നടപടി എടുക്കാന്‍ കഴിയുമോയെന്നു മുഖ്യമന്ത്രി ചോദിച്ചു. ശിവശങ്കര്‍ വിവാദ സ്ത്രീയുമായി ബന്ധപ്പെടാന്‍ പാടില്ലായിരുന്നു.

അങ്ങനെ വന്നപ്പോള്‍ അദ്ദേഹത്തെ മാറ്റി നിര്‍ത്തി. അന്വേഷണത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കും. തെറ്റു ചെയ്തവരെ സംരക്ഷിക്കില്ല. ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്യണമെങ്കില്‍ അതിനുള്ള കാര്യങ്ങള്‍ വേണം. മറ്റു പരാതി ഉണ്ടെങ്കില്‍ അത് അന്വേഷണത്തിന്റെ ഭാഗമായി തെളിഞ്ഞു വരട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.

FOLLOW US PATHRAMONLINE

Similar Articles

Comments

Advertismentspot_img

Most Popular