ഒരു വോട്ട് പാവപ്പെട്ട സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിൽ ഒരു ലക്ഷം രൂപ ലഭിക്കുന്നതിനു തുല്യമാണെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ജൂൺ നാലിന് വോട്ടെണ്ണുമ്പോൾ കേന്ദ്രത്തിൽ ഇൻഡ്യ മുന്നണി അധികാരത്തിലെത്തുമെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. നാലാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണെന്നും ജൂൺ നാലിന് കേന്ദ്രത്തിൽ ഇൻഡ്യ മുന്നണി സർക്കാർ രൂപീകരിക്കുമെന്ന് ആദ്യ മൂന്ന് ഘട്ടങ്ങളിൽ നിന്ന് തന്നെ വ്യക്തമായിട്ടുണ്ടെന്നും രാഹുൽ പറഞ്ഞു.

വോട്ടിങ്ങിൻ്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ രാഹുൽ ​ഗാന്ധി ഓരോരുത്തരും അത് വിനിയോ​ഗിക്കണമെന്നും ആവശ്യപ്പെട്ടു. ഒരു വോട്ട് ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കുക മാത്രമല്ല, നിങ്ങളുടെ മുഴുവൻ കുടുംബത്തിൻ്റെയും വിധി മാറ്റുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ഒരു വോട്ട് യുവാക്കൾക്ക് പ്രതിവർഷം ഒരു ലക്ഷം രൂപ ഉറപ്പാക്കുന്ന ആദ്യ ജോലിക്ക് തുല്യമാണ്. ഒരു വോട്ട് പാവപ്പെട്ട സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിൽ പ്രതിവർഷം ഒരു ലക്ഷം രൂപ ലഭിക്കുന്നതിനു തുല്യമാണ്’- രാഹുൽ പറഞ്ഞു.

വോട്ടിന് കാര്യമായ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുമെന്ന് ആവർത്തിച്ച രാഹുൽ ​ഗാന്ധി, വൻതോതിൽ വോട്ട് ചെയ്ത് രാജ്യം ഇപ്പോൾ നേരിടുന്ന പ്രശ്നങ്ങളിൽ കൃത്യമായ മറുപടി നൽകണമെന്നും കൂട്ടിച്ചേർത്തു.

ആന്ധ്രാപ്രദേശിലെ 25, ബിഹാറിലെ അഞ്ച്, ജമ്മു കശ്മീരിലെ ഒന്ന്, ജാർഖണ്ഡിലെ നാല്, മധ്യപ്രദേശിലെയും പശ്ചിമബം​ഗാളിലേയും എട്ട്, മഹാരാഷ്ട്രയിലെ 11, ഒഡീഷയിലെ നാല്, തെലങ്കാനയിലെ 17, ഉത്തർപ്രദേശിലെ 13 എന്നിങ്ങനെ 96 ലോക്‌സഭാ മണ്ഡലങ്ങളിലാണ് നാലാം ഘട്ട വോട്ടെടുപ്പ് നടന്നത്. മൂന്ന് ഘട്ടങ്ങളിൽ 20 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലേതുമായി 283 പാർലമെൻ്റ് മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7