കണക്കുകൂട്ടലുകള്‍ തെറ്റിച്ചു കോവിഡ് വ്യാപനം

തിരുവനന്തപുരം: കണക്കുകൂട്ടലുകള്‍ തെറ്റിച്ചു കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ രോഗം എളുപ്പത്തില്‍ കണ്ടെത്താനുള്ള ആന്റിജന്‍ ടെസ്റ്റുകള്‍ നടത്താന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് അനുമതി നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. നിലവില്‍ ആരോഗ്യവകുപ്പ് മാത്രമാണ് ആന്റിജന്‍ പരിശോധനകള്‍ നടത്തുന്നത്. കൂടുതല്‍ ടെസ്റ്റ് കിറ്റുകള്‍ വാങ്ങാനും സര്‍ക്കാര്‍ തീരുമാനിച്ചു.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ സ്വകാര്യ ആശുപത്രികള്‍ക്കും അനുമതി നല്‍കണമെന്ന നിര്‍ദേശം ആരോഗ്യവകുപ്പ് മുന്നോട്ടുവച്ചു. അന്തിമതീരുമാനം ഉടനുണ്ടാകും. നിലവില്‍ 1 ലക്ഷം ടെസ്റ്റ് കിറ്റുകളാണു സര്‍ക്കാരിന്റെ കൈവശമുള്ളത്. 1 ലക്ഷം കിറ്റുകള്‍ കൂടി ഉടന്‍ വാങ്ങും.

രോഗസ്ഥിരീകരണത്തിനു പിസിആര്‍ ടെസ്റ്റുകളോളം കൃത്യതയില്ലെങ്കിലും കൂടുതല്‍ വേഗത്തിലും കുറഞ്ഞ ചെലവിലും പരിശോധന നടത്താമെന്നതാണ് ആന്റിജന്‍ ടെസ്റ്റുകളുടെ മേന്മ. വിദേശയാത്രകള്‍ക്കുള്‍പ്പെടെ കോവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ ആന്റിജന്‍ ടെസ്റ്റ് സൗകര്യം വര്‍ധിപ്പിക്കണമെന്നാണു സര്‍ക്കാരിന്റെ നിലപാട്. ആരോഗ്യവകുപ്പിന്റെ നിലവിലെ സംവിധാനങ്ങളില്‍ ടെസ്റ്റിനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതു പ്രായോഗികമല്ല.

FOLLOW US: PATHRAM ONLINE

Similar Articles

Comments

Advertismentspot_img

Most Popular