എറണാകുളത്ത് 40 വെന്റിലേറ്ററിൽ കൂടി

എറണാകുളം: ഗവ. മെഡിക്കൽ കോളേജിൽ അത്യാധുനിക സംവിധാനങ്ങളോടെ പുതിയ തീവ്ര പരിചരണ വിഭാഗം (ഐ സി യു) സജ്ജമായി.

യന്ത്ര സഹായത്തോടെ പ്രവർത്തിപ്പിക്കുന്നവ അടക്കം 40 കിടക്കകളാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. എല്ലാ ബെഡുകൾക്കും വെന്റിലേറ്റർ പിന്തുണ. തീവ്ര രോഗാവസ്ഥയിലുള്ള 40 രോഗികളെ വരെ ഒരേ സമയം വെന്റിലേറ്ററിൽ ചികിത്സിക്കാൻ കഴിയും. ഇതോടെ മെഡിക്കൽ കോളേജിലെ ആകെ വെന്റിലേറ്ററുകളുടെ എണ്ണം 75 ആയി.

ഇമേജ് ട്രാൻസ്ഫർ ചെയ്യുന്നതിന് പാക്സ് സംവിധാനം, രണ്ട് ഡയാലിസിസ് യൂണിറ്റുകൾ, രണ്ട് ബ്ലഡ് ഗ്യാസ് അനലൈസർ, 3 വീഡിയോ ലാറിങ്ങ് ഗോസ്കോപ്പ്, അൾട്രാ സൗണ്ട് , ഡിജിറ്റൽ എക്സ്റേ എന്നിവയും ഐസിയുവിൽ സജ്ജീകരിച്ചിട്ടുണ്ട്.

ആരോഗ്യ വകുപ്പിന്റെ ഇ ഹെൽത്ത് സോഫ്റ്റ് വെയറിലാണ് പ്രവർത്തനങ്ങളുടെ ഏകോപനം. കോവിഡ് പശ്ചാത്തലത്തിൽ സെൻട്രലൈസ്ഡ് എസി വിഛേദിച്ച് ടവർ എസിയിലും ഐ സി യു പ്രവർത്തിപ്പിക്കാൻ സംവിധാനമുണ്ട്. കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായി സിസിടിവി ക്യാമറ ശ്യംഖലയും ഒരുക്കിയിരിക്കുന്നു.

അണുബാധ തടയുന്നതിനായി വാതിലുകൾ ഹൈ ഗ്രേഡ് സ്റ്റെയിൻലെസ് സ്റ്റീൽ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. തറയിലും ചുവരുകളിലും വിട്രിഫൈഡ് ടൈലുകൾ പതിച്ചതും കോവിഡ് പ്രോട്ടോകോളിന്റെ ഭാഗമായാണ്.

പിഡബ്ല്യുഡി നവീകരിച്ച് പണിത കെട്ടിടത്തിലാണ് ഐ സി യു ബ്ലോക്ക് . അത്യാധുനിക സംവിധാനങ്ങൾ ഒരുക്കുന്നതിനായി
ജോൺ ഫെർണാണ്ടസ് എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരു കോടി രൂപയും ഹൈബി ഈഡൻ എംപിയുടെ ഫണ്ടിൽ നിന്ന് ഒരു കോടി രൂപയും ബിപിസിഎല്ലിന്റെ സാമൂഹ്യ പ്രതിബദ്ധതാ ഫണ്ടിൽ നിന്ന് ഒരു കോടി രൂപയും ലഭിച്ചു.

കോവിഡ് സാഹചര്യം മുൻകൂട്ടി കണ്ട് ജില്ലാ ഭരണകൂടവും ജനപ്രതിനിധികളും മെഡിക്കൽ കോളേജ് അധികൃതരും ഒത്തൊരുമിച്ച് നടത്തിയ പ്രവർത്തനമാണ് ഫലപ്രാപ്തിയിലെത്തിയിരിക്കുന്നത്. പ്രത്യേക ഐസിയു, കോവിഡ് രോഗ നിർണയത്തിനുള്ള ആർടിപിസിആർ ലാബറട്ടറി എന്നിവയോടെ കോവിഡ് ചികിത്സയിൽ സംസ്ഥാനത്തെ മുൻനിര കേന്ദ്രമായിരിക്കുകയാണ് എറണാകുളം മെഡിക്കൽ കോളേജ്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7