പച്ചക്കറി മല്‍സ്യ മാര്‍ക്കറ്റുകള്‍ വൈറസ് ഹബ്ബായി മാറുന്നു ; സംസ്ഥാനത്ത് മല്‍സ്യ, പച്ചക്കറി മാര്‍ക്കറ്റുകള്‍ക്കു നിയന്ത്രണം

കൊച്ചി: കോവിഡ് സമ്പര്‍ക്ക രോഗികളുടെ എണ്ണം അനിയന്ത്രിതമായി വര്‍ധിക്കുന്നതിനിടെ സംസ്ഥാനത്ത് മല്‍സ്യ, പച്ചക്കറി മാര്‍ക്കറ്റുകള്‍ക്കു നിയന്ത്രണം. കാസര്‍കോട് എല്ലാ മാര്‍ക്കറ്റുകളും അടച്ചു. നാലു തൊഴിലാളികള്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണിത്. പത്തനംതിട്ട കുമ്പഴയില്‍ രണ്ടു പേര്‍ക്കു രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് മാര്‍ക്കറ്റ് അടച്ചു. അതിനിടെ, എറണാകുളം ആലുവ മാര്‍ക്കറ്റുകളില്‍നിന്നായി ഇതുവരെ 51 പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്.

കോവിഡ് നിയന്ത്രണങ്ങള്‍ കാറ്റില്‍പ്പറത്തി പ്രവര്‍ത്തിക്കുന്ന പച്ചക്കറി മല്‍സ്യ മാര്‍ക്കറ്റുകള്‍ വൈറസ് ഹബ്ബായി മാറുന്നുവെന്ന വിലയിരുത്തലിലാണ് സര്‍ക്കാര്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് സാധനങ്ങളുമായി ലോറികള്‍ ഇവിടെ എത്തുന്നു. ആര്‍ക്കൊക്കെയാണ് രോഗമുള്ളതെന്നു പോലും കണ്ടെത്താന്‍ കഴിയുന്നില്ല. സമ്പര്‍ക്കവഴി പോലും പലപ്പോഴും മനസിലാകാറില്ല. ഈ സാഹചര്യത്തിലാണ് കടുത്ത നിയന്ത്രണങ്ങളിലേക്ക് സര്‍ക്കാര്‍ നീങ്ങുന്നത്.

അതേസമയംചാവക്കാട് നഗരസഭ മല്‍സ്യമാര്‍ക്കറ്റില്‍ കോവിഡ് 19 മാനദണ്ഡങ്ങള്‍ കാറ്റിപ്പറത്തി മല്‍സ്യവില്‍പന. ഇവിടെയെത്തിയ 32 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കണ്ടെയിന്‍മെന്റ് സോണുകളില്‍നിന്നു പൊലീസിന്റെ കണ്ണുവെട്ടിച്ച് മീന്‍ വാഹനങ്ങള്‍ ബ്ലാങ്ങാട് മല്‍സ്യമാര്‍ക്കറ്റിലെത്തിച്ചായിരുന്നു വ്യാപാരം. രാവിലെ 4.30ന് സ്റ്റേഷന്‍ എസ്എച്ച്ഒ അനില്‍ കുമാര്‍ ടി. മേപ്പിടിയുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു.

പൊലീസ് എത്തുമ്പോള്‍ മാര്‍ക്കറ്റിനകത്തേയ്ക്ക് കടക്കാന്‍ സാധിക്കാത്ത വിധം വാഹനങ്ങളും കച്ചവടക്കാരും ഇവിടെ നിറഞ്ഞിരുന്നു. സാമൂഹിക അകലം പാലിക്കാതെയായിരുന്നു കച്ചവടം. പലരും മാസ്‌കും ഗ്ലൗസും ധരിക്കാതെയായിരുന്നു മീന്‍ വില്‍പന നടത്തിയത്. ഇതോടെയാണ് പൊലീസ് നടപടികളിലേയ്ക്ക് കടന്നത്. കഴിഞ്ഞ മാസം കണ്ടെയിന്‍മെന്റ് സോണാക്കിയ ചാവക്കാട് മല്‍സ്യമാര്‍ക്കറ്റ് 15 ദിവസം അടച്ചിട്ടിരുന്നു.

സംസ്ഥാന ഇന്റലിജന്‍സിന്റെ സന്ദേശത്തെ തുടര്‍ന്നാണ് ബ്ലാങ്ങാട് മാര്‍ക്കറ്റിലെ പൊലീസ് പരിശോധന. കണ്ടെയിന്‍മെന്റ് സോണായ പൊന്നാനി, കുന്നംകുളം ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ നിന്ന് മീന്‍വണ്ടികള്‍ ബ്ലാങ്ങാട് എത്തുന്നുണ്ടെന്നും ഇത് രോഗവ്യാപനത്തിന് വഴിവച്ചേക്കുമെന്നുമായിരുന്നു ഇന്റലിജന്‍സ് മുന്നറിയിപ്പ്.

അതിര്‍ത്തികള്‍ പൊലീസ് അടച്ചിട്ടുണ്ടെങ്കിലും ഊടുവഴികളിലൂടെ ആളുകള്‍ ഇങ്ങോട്ടെത്തുന്നുണ്ട്. പാലപ്പെട്ടി, പൊന്നാനി ഭാഗങ്ങളില്‍ നിന്നു ഇന്നലെ ബ്ലാങ്ങാട് മീന്‍ മാര്‍ക്കറ്റിലെത്തിയ രണ്ടു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഊടുവഴികളിലൂടെയാണ് എത്തിയതെന്ന് ഇവര്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. മല്‍സ്യമാര്‍ക്കറ്റിനകത്ത് മീനുമായെത്തുന്ന വണ്ടികള്‍ നിര്‍ത്തിയിടാന്‍ അനുവദിക്കുകയില്ലെന്ന് പൊലീസ് അറിയിച്ചു.

മാര്‍ക്കറ്റിനകത്തേയ്ക്ക് കടന്നു പോകുന്ന ഓരോ ആളെയും തെര്‍മല്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും പാലിക്കപ്പെട്ടില്ല. നഗരസഭയും നേരത്തെ നിര്‍ദേശം നല്‍കിയിട്ടും മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നാണ് ആക്ഷേപം. എസ്എച്ച്ഒയുടെ നേതൃത്വത്തില്‍ സിവല്‍ പൊലീസ് ഓഫിസര്‍മാരായ ജോഷി, ജിബിന്‍, ഷൈജു, അജയ് എന്നിവരാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളില്‍ പരിശോധന തുടരുമെന്ന് പൊലീസ് അറിയിച്ചു.

follow us pathramonline

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7