തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ കസ്റ്റംസിന് ലഭിച്ചെന്ന് റിപ്പോര്‍ട്ട്. തിരുവനന്തപുരം വഴി സ്വര്‍ണം കടത്താന്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയത് സെക്രട്ടറിയേറ്റിന് തൊട്ടടുത്തുള്ള ഫെദര്‍ ടവര്‍ ഫ്‌ളാറ്റിലാണെന്ന് വിവരങ്ങള്‍.
അതേസമയം സെക്രട്ടറിയേറ്റിന് സമീപത്തെ ഹെതര്‍ ടവര്‍ ഫ്‌ളാറ്റില്‍ ഐ.ടി. സെക്രട്ടറി ശിവശങ്കറും താമസിച്ചിരുന്നതായി സുരക്ഷാ ജീവനക്കാരന്റെ വെളിപ്പെടുത്തല്‍. ദിവസവും അര്‍ധരാത്രി ഒരു മണിയോടെയാണ് ശിവശങ്കര്‍ ഫ്‌ളാറ്റില്‍ വന്നിരുന്നതെന്നും അവസാനമായി വന്നത് ജൂലായ് ആറാം തീയതി ആണെന്നും അന്ന് ഏഴ് മണിക്ക് വന്നതായും സുരക്ഷാ ജീവനക്കാരന്‍ പറഞ്ഞു.
ഔദ്യോഗിക കാറിലാണ് സ്ഥിരം വരാറുള്ളത്. കാര്‍ അകത്തേക്ക് കയറ്റാറില്ല. കഴിഞ്ഞ ദിവസം കസ്റ്റംസ് സംഘം ഫ്‌ളാറ്റില്‍ പരിശോധനയ്ക്ക് എത്തിയിരുന്നതായും സുരക്ഷാ ജീവനക്കാരന്‍ പറഞ്ഞു. കഴിഞ്ഞ ഒരു മാസമായി ഇവിടെ ജോലിചെയ്യുന്ന സുരക്ഷാ ജീവനക്കാരന്‍ ഇക്കാലയളവില്‍ ശിവശങ്കറിനൊപ്പം വേറെയാരും ഫ്‌ളാറ്റില്‍ വന്നിട്ടില്ലെന്നും പറഞ്ഞു.
സെക്രട്ടേറിയേറ്റിന് സമീപത്തെ ഫ്‌ളാറ്റില്‍വെച്ചാണ് സ്വപ്ന സുരേഷും സരിത്തും സന്ദീപും സ്വര്‍ണക്കടത്ത് ഇടപാടുകള്‍ ചര്‍ച്ച ചെയ്തിരുന്നതെന്ന് പ്രാഥമിക വിവരങ്ങളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ശിവശങ്കര്‍ താമസിച്ചതും ഇതേ ഫ്‌ളാറ്റിലാണെന്ന് കണ്ടെത്തിയത്.
പ്രതികളായ സ്വപ്ന സുരേഷും സന്ദീപും സരിത്തും ഫെദര്‍ ടവറിലെ എഫ് 6 ഫ്‌ളാറ്റില്‍ വെച്ച് ഇടപാടുകാരുമായി സ്വര്‍ണത്തിന്റെ വിലയടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുവെന്ന സുപ്രധാന വിവരങ്ങളാണ് കസ്റ്റംസ് കണ്ടെത്തിയത്. നേരത്തെ റീബില്‍ഡ് കേരളയുമായി ബന്ധപ്പെട്ട് ഇതേ ഫ്‌ളാറ്റില്‍ഓഫീസ് മുറി വാടകയ്‌ക്കെടുത്തതും വിവാദമായിരുന്നു.
മുന്‍ ഐടി സെക്രട്ടറിയായ ശിവശങ്കരന്‍ മൂന്ന് വര്‍ഷത്തോളം ഈ ഫ്‌ളാറ്റില്‍ താമസിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ കേസില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് നടക്കുമെന്നാണ് സൂചന.
നിലവില്‍ സരിത്ത് മാത്രമാണ് കേസില്‍ കസ്റ്റംസിന്റെ പിടിയിലുള്ളത്. മുന്‍ ഐടി സെക്രട്ടറി ശിവശങ്കറിന്റെ മൊഴിയെടുക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും ഇതിന്റെ നടപടി ക്രമങ്ങളിലേക്ക് കടന്നിട്ടില്ല. കഴിഞ്ഞ ഒരാഴ്ചയായ ഒളിവിലുള്ള സ്വപ്നയും സന്ദീപും എവിടെയന്നുള്ളതിന് യാതൊരു സൂചനയും ഇതുവരെ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല.
FOLLOW US: pathram online