മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് ലീഗ് കോഴിക്കോട് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് ലീഗ് കോഴിക്കോട് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചാണ് അക്രമാസക്തമായത്. പൊലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. അനേകം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.

മാര്‍ച്ചിന് നേരെ പോലീസ് ലാത്തി വീശി. പത്തിലധികം ഗ്രനേഡുകള്‍ പ്രയോഗിച്ചു. യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കലക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചിനെ കല്‌ക്ട്രേറ്റിന് മുന്നില്‍ വച്ച് പൊലീസ് തടഞ്ഞിരുന്നു. എന്നാല്‍ ബാരിക്കേഡ് തള്ളി അകത്ത് കയറാന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് കണ്ണീര്‍വാതകവും പ്രയോഗിച്ചു. രണ്ട് വട്ടം പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നാല്‍ പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാന്‍ തയ്യാറായില്ല. വിവിധ കേന്ദ്രങ്ങളില്‍ യുവജന സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം നടക്കുകയാണ്.

ആദ്യം പോലീസ് ലാത്തിചാര്‍ജ്ജും ജലപീരങ്കി പ്രയോഗവും നടത്തിയപ്പോള്‍ നാലു പേര്‍ക്ക് പരിക്കേറ്റിരുന്നു. പിന്നാലെ വീണ്ടും പ്രവര്‍ത്തകരെ പിരിച്ചു വിടാന്‍ പോലീസിന് ഇവ പ്രയോഗിക്കേണ്ടി വന്നു. പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ ആണ് രാവിലെ പ്രതിഷേധം ഉദ്ഘാടനം ചെയ്തത്. സംസ്ഥാന വ്യാപകമായി ഇന്ന് മുസ്ലീം ലീഗിന്റെ പ്രതിഷേധം നടക്കുകയാണ് വയനാടും കണ്ണൂരിലും മുസ്ലീംലീഗ് പ്രതിഷേധ മാര്‍ച്ച് നടത്തുകയാണ്.

കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസും യുവമോര്‍ച്ചയും പ്രതിഷേധ മാര്‍ച്ച് നടത്തി. ഷാഫി പറമ്പിലിന്റെ നേതൃത്വത്തിലാണ് കോണ്‍ഗ്രസിന്റെ പ്രതിഷേധ മാര്‍ച്ച്. പോലീസ് മുഖ്യമന്ത്രിയുടെ വീട്ടിലേക്കുള്ള പാതയില്‍ വെച്ച് മാര്‍ച്ച് തടഞ്ഞു. യുവമോര്‍ച്ചയും ശക്തമായ പ്രതിഷേധമാണ് നടത്തുന്നത്. ഇ പി ജയരാജന്റെ കാര്‍ പോലീസ് തടഞ്ഞു. കോട്ടയത്തും, തിരുവനന്തപുരത്തുമെല്ലാം പ്രതിഷേധം നടക്കുന്നു. സ്വര്‍ണ്ണക്കടത്ത കേസ് പ്രതി സന്ദീപിന്റെ നെടുമങ്ങാട്ടുള്ള കാര്‍ബണ്‍ ഡോക്ടര്‍ എന്ന സ്ഥാപനത്തിലേക്കാണ് തിരുവനന്തപുരത്ത് യുവമോര്‍ച്ച മാര്‍ച്ച് നടത്തുന്നത്. കോട്ടയത്ത് കളക്ട്രേറ്റിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞു. ബാരിക്കേഡിന് മുകളിലേക്ക് പ്രവര്‍ത്തകര്‍ ചാടിക്കയറി.

Follow us: pathram online to get latest news.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7