ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് സമൂഹ വ്യാപനമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍. മന്ത്രിമാരുമായുള്ള യോഗത്തിനു ശേഷമാണു കേന്ദ്രമന്ത്രി ഇക്കാര്യം പറഞ്ഞത്. ഇന്ത്യയില്‍ സമൂഹ വ്യാപനമില്ലെന്നാണു വിദഗ്ധരുമായി നടത്തിയ ചര്‍ച്ചയില്‍ അറിയിച്ചത്. ചില ചെറിയ പ്രദേശങ്ങളില്‍ വ്യാപനം കൂടുതലായിരിക്കാം. എന്നാല്‍ രാജ്യം എന്ന നിലയില്‍ സമൂഹ വ്യാപനമുണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
കോവിഡ് രോഗം ഏറ്റവും മോശമായി ബാധിച്ച ലോകത്തെ മൂന്നാമത്തെ രാജ്യമാണ് ഇന്ത്യയെന്നാണ് ടിവിയില്‍ കാണിക്കുന്നത്. കാര്യങ്ങള്‍ ശരിയായ രീതിയില്‍ കാണേണ്ടതു പ്രധാനമാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രണ്ടാമത് രാജ്യമാണ് ഇന്ത്യ. ഇവിടെ പത്തുലക്ഷത്തില്‍ 538 എന്ന രീതിയിലാണു രോഗികള്‍.
എന്നാല്‍ ലോകത്തിലാകെ ശരാശരി 1,453 ആണെന്നും ഹര്‍ഷവര്‍ധന്‍ വ്യക്തമാക്കി. ഇന്ത്യയിലെ നിലവിലെ കോവിഡ് കേസുകളില്‍ 90 ശതമാനവും എട്ട് സംസ്ഥാനങ്ങളിലാണു റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. മരണങ്ങളില്‍ 86 ശതമാനവും ആറ് സംസ്ഥാനങ്ങളിലാണ്. മരണ നിരക്ക് 2.75 ശതമാനം.
രാജ്യത്ത് സാംപിള്‍ പരിശോധനയും വര്‍ധിച്ചു വരികയാണ്. ജൂലൈ എട്ടു വരെ 1,07,40,832 സാംപിളുകള്‍ പരിശോധിച്ചതായി ഐസിഎംആര്‍ അറിയിച്ചു. ബുധനാഴ്ച മാത്രം 2,67,061 സാംപിളുകളാണു പരിശോധിച്ചത്. 24 മണിക്കൂറിനിടെ രാജ്യത്ത് 24,879 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 487 പേര്‍ മരിച്ചു. 2,69,789 പേരാണു നിലവില്‍ രോഗം ബാധിച്ചു ചികിത്സയിലുള്ളത്. ആകെ രോഗികളായവര്‍ 7,67,296. രാജ്യത്തെ ആകെ മരണ സംഖ്യ 21,129.
follow us: PATHRAM ONLINE