ആലപ്പുഴയില്‍ മരിച്ച ദമ്പതികളില്‍ ഭാര്യയ്ക്ക് കോവിഡ് ; പത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ ക്വാറന്റീനില്‍

ആലപ്പുഴ: കഴിഞ്ഞ ദിവസം ചെന്നിത്തലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നവദമ്പതികളില്‍ ഭാര്യയ്ക്ക് കോവിഡ് ഉണ്ടായിരുന്നെന്നു സ്ഥിരീകരിച്ചു. മാവേലിക്കര വെട്ടിയാര്‍ തുളസി ഭവനില്‍ ദേവിക ദാസിനാണ് (20) രോഗം കണ്ടെത്തിയത്. ഭര്‍ത്താവ് പന്തളം കുരമ്പാല ഉനംകോട്ടുവിളയില്‍ ജിതിനു (30) രോഗമില്ല. ദേവികയുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.

ദമ്പതികളെ ചൊവ്വാഴ്ച വാടകവീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പെയിന്റിങ് തൊഴിലാളിയായ ജിതിന്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു. ദേവിക കട്ടിലില്‍ മരിച്ചു കിടക്കുന്ന നിലയിലും. ഇവര്‍ നാലു മാസമായി ചെന്നിത്തല മഹാത്മ സ്‌കൂളിനു സമീപത്തെ വീട്ടില്‍ വാടകയ്ക്കു താമസിക്കുകയായിരുന്നു. രണ്ട് വര്‍ഷം മുന്‍പ് ജിതിനോടൊപ്പം ദേവിക ദാസ് പോയതിനു കുറത്തികാട് പൊലീസ് ജിതിനെതിരെ പോക്‌സോ കേസ് എടുത്തിട്ടുണ്ട്. പിന്നീട് ദേവിക ആലപ്പുഴ മഹിളാ മന്ദിരത്തില്‍ താമസിക്കുകയായിരുന്നു.

പ്രായപൂര്‍ത്തിയായ ശേഷം വീണ്ടും ദേവിക ജിതിനോടൊപ്പം പോകുകയും മാര്‍ച്ച് 18ന് ചെന്നിത്തലയില്‍ വാടകയ്ക്ക് താമസം തുടങ്ങുകയും ചെയ്തു. ജിതിന്‍ ജോലിക്ക് എത്താത്തതിനാല്‍ അന്വേഷിച്ചെത്തിയ പെയിന്റിങ് കരാറുകാരനാണു മൃതദേഹങ്ങള്‍ കണ്ടത്. 2 ആത്മഹത്യാ കുറിപ്പുകള്‍ പൊലീസ് കണ്ടെടുത്തു. ജീവിത നൈരാശ്യത്തെപ്പറ്റിയും സാമ്പത്തിക പ്രശ്‌നങ്ങളെപ്പറ്റിയും പറയുന്നുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട പത്തോളം പൊലീസ് ഉദ്യോഗസ്ഥരോടു ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശിച്ചു. ചെങ്ങന്നൂര്‍ ആര്‍ഡിഒയും സംഭവ സ്ഥലത്ത് എത്തിയിരുന്നു.

follow us: PATHRAM ONLINE

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7