സ്വപ്‌നയ്ക്ക് രണ്ട് ഐപിഎസ് ഉന്നതരുമായും ഒരു റിട്ട. ഐപിഎസ് ഉദ്യോഗസ്ഥനുമായും ബന്ധം; ഒളിവില്‍ പോകാന്‍ ഉപദേശിച്ചത് പൊലീസ്‌

തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസില്‍ ഒളിവില്‍ പോയ സ്വപ്‌ന സുരേഷിന് 2 ഐപിഎസ് ഉന്നതരുമായും വിരമിച്ച ഒരു ഐപിഎസ് ഉദ്യോഗസ്ഥനുമായുള്ള ബന്ധം കസ്റ്റംസ് സ്ഥിരീകരിച്ചു.
കേസില്‍ നിര്‍ണായകമായ സിസിടിവി ദൃശ്യങ്ങള്‍ രണ്ടു ദിവസമായിട്ടും കസ്റ്റംസിനു പൊലീസ് നല്‍കിയില്ല. പ്രതി സരിത് കാര്‍ഗോ കോംപ്ലക്‌സിലെത്താന്‍ ഉപയോഗിച്ച കോണ്‍സുലേറ്റിന്റെ കാര്‍ വിവിധ റൂട്ടുകളില്‍ യാത്ര ചെയ്തതിന്റെ ദൃശ്യങ്ങളാണ് കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നത്.

കാര്‍ഗോ കോംപ്ലക്‌സിലെത്തുന്നതും മടങ്ങുന്നതുമായ റൂട്ടുകളിലെ കഴിഞ്ഞ 3 മാസത്തെ ദൃശ്യങ്ങള്‍ നല്‍കണമെന്ന് തീയതികള്‍ സഹിതം വ്യക്തമാക്കി ചൊവ്വാഴ്ച രാവിലെ കത്തുനല്‍കി. പൊലീസ് ഇതുവരെ ദൃശ്യങ്ങള്‍ കൈമാറുകയോ മറുപടി നല്‍കുകയോ ചെയ്തിട്ടില്ല.

കാര്‍ഗോ കോംപ്ലക്‌സില്‍ നിന്നു മടങ്ങുന്ന വഴിയില്‍, കോണ്‍സുലേറ്റിന്റെ ഔദ്യോഗിക വാഹനത്തില്‍ നിന്നു സ്വര്‍ണം സ്വകാര്യ കാറിലേക്കു മാറ്റിയിട്ടുണ്ടാകാമെന്നാണു കസ്റ്റംസ് കരുതുന്നത്. കള്ളക്കടത്തിനുപയോഗിച്ച സ്വകാര്യ കാര്‍, കേസില്‍ നിര്‍ണായകമായ തെളിവാണ്. കാര്‍ ഓടിച്ചത് ആരാണെന്നു കണ്ടെത്താനും കൂടുതല്‍ പ്രതികളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനും ദൃശ്യങ്ങള്‍ സഹായിക്കും.

അതേസമയം വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടിയ കസ്റ്റംസ് ഉദ്യോഗസ്ഥരെ ആദ്യം വിളിച്ചതു കൊച്ചി സ്വദേശിയായ ട്രേഡ് യൂണിയന്‍ നേതാവാണെന്ന് റിപ്പോര്‍ട്ട് ഉണ്ട്. പിടികൂടിയ പായ്ക്കറ്റിനു നയതന്ത്ര പരിരക്ഷയുള്ളതിനാല്‍ ‘പണിതെറിക്കു’മെന്നു ഭീഷണിപ്പെടുത്തിയിട്ടും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വഴങ്ങാതായതോടെ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെ നേരിട്ട് ഇടപെടുത്തിയതും ട്രേഡ് യൂണിയന്‍ നേതാവാണ്.

സ്വര്‍ണമെത്തിയ പാഴ്‌സല്‍ പൊട്ടിച്ചു പരിശോധിക്കും മുന്‍പു യുഎഇയിലേക്കു തിരികെ അയപ്പിക്കാന്‍ ശ്രമിച്ചതും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. ഇടപെടല്‍ ഇത്ര തകൃതിയായപ്പോഴാണ്, നയതന്ത്ര പാഴ്‌സലില്‍ സ്വര്‍ണം പോലെ അനധികൃതമായി എന്തോ ഉണ്ടെന്ന രഹസ്യവിവരം കസ്റ്റംസ് സ്ഥിരീകരിച്ചത്.

കള്ളക്കടത്തു പുറത്തറിഞ്ഞതോടെ സ്വപ്ന സുരേഷിനെ തിരുവനന്തപുരം വിടാന്‍ സഹായിച്ചതും ഈ ട്രേഡ് യൂണിയന്‍ നേതാവാണെന്നു സൂചനയുണ്ട്. നേതാവിന്റെ തിരുവനന്തപുരത്തെയും കൊച്ചിയിലെയും വീടുകള്‍ കസ്റ്റംസിന്റെ നിരീക്ഷണത്തിലാണ്. കള്ളക്കടത്തില്‍ സ്വപ്നയുടെ കൂട്ടാളി സന്ദീപ് നായര്‍ പലപ്പോഴും ഇദ്ദേഹത്തിന്റെ വീടു സന്ദര്‍ശിച്ചിരുന്നതായും അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്. ഉന്നത രാഷ്ട്രീയ ബന്ധമുള്ള നേതാവിനു കസ്റ്റംസ് ക്ലിയറന്‍സ് ഏജന്റുമാര്‍ക്കിടയിലും വലിയ സ്വാധീനമുണ്ട്.

തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിലേക്കു വരുന്ന മുഴുവന്‍ പാഴ്‌സലുകളും ഇദ്ദേഹത്തിന്റെ കൂടി മേല്‍നോട്ടത്തിലാണു പുറത്തു കടത്തിയിരുന്നത്. ട്രേഡ് യൂണിയന്‍ നേതാവ് സ്ഥിരമായി ഉപയോഗിച്ചിരുന്ന കാര്‍ സംഭവത്തിനു ശേഷം കാണാതായതും സംശയങ്ങള്‍ക്കു വഴിയൊരുക്കി. സ്വപ്നയോ സന്ദീപോ ഈ കാറില്‍ കടന്നിരിക്കാനുള്ള സാധ്യത അന്വേഷണ സംഘം തള്ളികളയുന്നില്ല.

സ്വര്‍ണക്കടത്തു കസ്റ്റംസിന്റെ കസ്റ്റഡിയിലായ ശേഷവും സരിത്തുമായി ഫോണില്‍ സ്വപ്ന സംസാരിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. തുടര്‍ന്നു കസ്റ്റംസ് എത്തിയപ്പോഴേക്കും അപകടം മണത്ത സ്വപ്ന കടന്നുകളയുകയായിരുന്നു.

ഇതിനിടെ, അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫിസിലേക്കു നീളാനുളള സാധ്യത തെളിഞ്ഞതോടെ സ്വപ്ന സുരേഷിന്റെ നിയമനം അടക്കമുള്ള വിഷയങ്ങളില്‍ ഏറ്റവും വിശ്വസ്തരായ ഉദ്യോഗസ്ഥരെ നിയമിച്ച് അന്വേഷണം പ്രഖ്യാപിക്കാനും സര്‍ക്കാര്‍ നീക്കമുണ്ട്.

അതേസമയം നയതന്ത്ര പാഴ്‌സലില്‍ കോടികളുടെ സ്വര്‍ണം കടത്തിയ കേസില്‍ കസ്റ്റംസ് തിരയുന്ന സ്വപ്ന സുരേഷ് ഒളിവില്‍ തന്നെയാണ്. കേരള പൊലീസിനെ അറിയിക്കാതെ ഇന്റലിജന്‍സ് ബ്യൂറോയുടെ സഹായത്തോടെയാണ് അന്വേഷണ സംഘം ഇവരെ തിരയുന്നത്. കസ്റ്റംസിന്റെ 2 സംഘങ്ങള്‍ തിരുവനന്തപുരത്തും മറ്റു സ്ഥലങ്ങളിലും 3 ദിവസം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

സാധാരണ ഇത്തരം കേസുകളില്‍ കസ്റ്റംസ് അധികൃതര്‍ കേരള പൊലീസിന്റെ സഹായം തേടാറുണ്ട്. എന്നാല്‍ സ്വപ്നയ്ക്ക് ഏതാനും ഐപിഎസ് ഉന്നതരുമായി അടുത്ത ബന്ധമുള്ള പശ്ചാത്തലത്തില്‍ വിവരങ്ങള്‍ ചോരുന്നതു തടയാന്‍ കേരള പൊലീസിനെ മാറ്റിനിര്‍ത്തിയാണു കസ്റ്റംസിന്റെ അന്വേഷണം. പൊലീസാകട്ടെ, സ്വപ്നയെക്കുറിച്ചോ അറസ്റ്റിലായ സരിത്തിനെക്കുറിച്ചോ ഒരു അന്വേഷണത്തിനും തയാറായിട്ടില്ല.

ഇതിനിടെ, സ്വപ്നയുടെ അടുത്ത സുഹൃത്തും ബിസിനസ് പാര്‍ട്ണറുമായ സന്ദീപ് നായരുടെ ഭാര്യ സൗമ്യയെ കസ്റ്റംസ് ചോദ്യം ചെയ്തു വിട്ടയച്ചു. തിരുവനന്തപുരം അരുവിക്കരയിലെ വീട്ടില്‍ നിന്നു ചൊവ്വാഴ്ച രാത്രിയാണ് സൗമ്യയെ കൊച്ചിയിലേക്കു കൊണ്ടുപോയത്. ചോദ്യം ചെയ്യലിനു ശേഷം ഇന്നലെ വൈകിട്ട് വിട്ടയച്ചു. കേസില്‍ സൗമ്യയെ സാക്ഷിയാക്കുന്നതും ആലോചനയിലാണ്.

സ്വപ്ന ഒളിവില്‍ പോയ സമയം തന്നെ സന്ദീപും ഒളിവില്‍ പോയി. കള്ളക്കടത്തില്‍ സ്വപ്നയുടെ കൂട്ടാളിയാണ് സന്ദീപ് എന്നാണ് അന്വേഷകരുടെ നിഗമനം. 2014 ല്‍ സ്വര്‍ണം കടത്തിയതിന് സന്ദീപ് 26 ദീവസം ജയിലായിരുന്നു എന്നും സൂചനയുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. സന്ദീപും സ്വപ്നയും ഒളിവില്‍ ഒരുമിച്ചാണോയെന്നും സംശയമുണ്ട്.

സന്ദീപ് നായരുടെ കട ഉദ്ഘാടനത്തിന്റെ ചടങ്ങിലാണ് ഈയിടെ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പങ്കെടുത്തത്. ഇതേ ചടങ്ങില്‍ പങ്കെടുത്ത കോഴിക്കോട്ടെ വസ്ത്രവ്യാപാരിയും സന്ദീപിന്റെ അടുത്ത കൂട്ടാളിയാണ്. സ്വപ്നയെയും സന്ദീപിനെയും കണ്ടെത്താന്‍ വസ്ത്രവ്യാപാരിയെ കസ്റ്റംസ് ഇന്നലെ ചോദ്യം ചെയ്തു. വ്യാപാരിയുടെ ചില രാഷ്ട്രീയ ബന്ധങ്ങളും സംശയ നിഴലിലാണ്.

FOLLOW US: pathram online

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7