കൊല്‍ക്കത്ത: ചെറുപ്പത്തില്‍ വീട്ടില്‍വച്ച് പ്രേതബാധയുമായി ബന്ധപ്പെട്ടുണ്ടായ അനുഭവം വിവരിച്ച് മുന്‍ ഇന്ത്യന്‍ നായകനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. ‘സ്‌പോര്‍ട്‌സ്‌ക്രീഡ’യുടെ ‘ഫ്രീ ഹിറ്റ്’ ചാറ്റ് ഷോയില്‍ സംസാരിക്കുമ്പോഴാണ് ചെറുപ്പത്തില്‍ വീട്ടില്‍വച്ച് പ്രേതബാധയുമായി ബന്ധപ്പെട്ടുണ്ടായ അനുഭവത്തെക്കുറിച്ച് ഗാംഗുലി വെളിപ്പെടുത്തിയത്. ഗാംഗുലിയുടെ 48–ാം ജന്മദിനത്തോട് അനുബന്ധിച്ചായിരുന്നു ചാറ്റ് ഷോ. അവതാരകരുടെ ഒരു ചോദ്യത്തോട് പ്രതികരിക്കുമ്പോഴാണ് വീട്ടില്‍ പ്രേതത്തെ കണ്ട അനുഭവവും ഗാംഗുലി പങ്കുവച്ചത്. അവതാരകര്‍ അവിശ്വസനീയതോടെ ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ ആ സംഭവം ഗാംഗുലി വിവരിച്ചു. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ.
‘ചെറുപ്പത്തില്‍ സ്വന്തം വീട്ടില്‍ പ്രേതത്തെ കണ്ട അനുഭവം എനിക്കുണ്ട്. അന്ന് എന്റെ വീട്ടില്‍ സഹായത്തിനായി ഒരു ചെറുപ്പക്കാരനുണ്ടായിരുന്നു. ഒരു ഞായറാഴ്ച ദിവസം വൈകുന്നേരം ഞാന്‍ കുടുംബാംഗങ്ങളോടൊപ്പം മുകളിലെ നിലയില്‍ ഇരിക്കുകയായിരുന്നു. അന്നെനിക്ക് പന്ത്രണ്ടോ പതിമൂന്നോ വയസ് പ്രായം കാണും. അപ്പോള്‍ അവര്‍ക്ക് ചായ വേണമെന്ന് തോന്നി. വീട്ടില്‍ സഹായത്തിനു നില്‍ക്കുന്ന പയ്യനോട് ചായയുണ്ടാക്കാന്‍ പറയാന്‍ എന്നെയാണ് ഏല്‍പ്പിച്ചത്.’
‘ഞാന്‍ നേരെ അടുക്കയില്‍ ചെന്നെങ്കിലും അയാളെ അവിടെ കണ്ടില്ല. ഇക്കാര്യം പറഞ്ഞപ്പോള്‍ മുകളില്‍ പോയി ടെറസിലുണ്ടോ എന്നു നോക്കാന്‍ പറഞ്ഞു. അവിടെ നോക്കിയപ്പോഴും കണ്ടില്ല. അന്ന് വീടിനു ചുറ്റും ഏതാനും കുടിലുകളുണ്ടായിരുന്നു. അവിടെ നോക്കാമെന്നു കരുതി പോകുമ്പോള്‍ ടെറസിന്റെ വക്കിലൂടെ അയാള്‍ അതിവേഗം ഓടുന്നതുകണ്ടു. ആറു നിലയുള്ള കെട്ടിടമായിരുന്നു അത്. അവിടെനിന്നെങ്ങാനും താഴെ വീണാല്‍ പൊടിപോലും കിട്ടില്ലെന്ന് ഉറപ്പ്.’
‘വക്കിലൂടെ ഓടാതെ ഇറങ്ങിവരാന്‍ ഞാന്‍ അലറി. ഫലമുണ്ടായില്ല. ഇതോടെ ഞാന്‍ ഓടി അങ്കിളിന്റെ അടുത്തെത്തി. അയാള്‍ക്ക് ഭ്രാന്തുപിടിച്ചെന്ന് തോന്നുവെന്ന് പറഞ്ഞു. ഞാന്‍ എല്ലാവരെയും കൂട്ടി തിരിച്ചെത്തിയെങ്കിലും അയാളെ കണ്ടില്ല. മുകളിലൂടെ ഓടുന്നതിനിടെ ഏതെങ്കിലും ഭാഗത്ത് വീണുപോയിരിക്കാമെന്ന് ഞങ്ങള്‍ ഊഹിച്ചു. വീണിട്ടുണ്ടെങ്കില്‍ മരിച്ചിട്ടുണ്ടാകുമെന്ന് എനിക്ക് ഉറപ്പായിരുന്നു. ഇതോടെ എവിടെയാണ് വീണുകിടക്കുന്നതെന്ന് ഞങ്ങള്‍ തിരഞ്ഞു.’
‘അന്ന് ഞങ്ങളുടെ വീടിനോടു ചേര്‍ന്ന് വലിയ പനകള്‍ കുറേ ഉണ്ടായിരുന്നു. തിരച്ചിലിനിടെ ഞങ്ങള്‍ നോക്കുമ്പോഴുണ്ട്, ആ പനകളിലൊന്നിന്റെ ഓലയില്‍ അയാള്‍ കിടക്കുന്നു. അന്ന് അയാള്‍ക്ക് ഏതാണ്ട് 30 വയസ്സോളം പ്രായമുണ്ടെന്ന് ഓര്‍ക്കണം’ – ഗാംഗുലി പറഞ്ഞു. ‘ഓലയിലോ’ എന്ന് അവതാരക ആവര്‍ത്തിച്ചു ചോദിച്ചപ്പോള്‍ അതെയെന്ന് ഗാംഗുലി ഉറപ്പിച്ചുപറഞ്ഞു.
‘ഉടന്‍തന്നെ അയാളെ താഴെയിറക്കാന്‍ ഫയല്‍ ഫോഴ്‌സിനെ വിളിച്ചു. ഞങ്ങളെല്ലാവരും താഴെയിറങ്ങാന്‍ അയാളെ നിര്‍ബന്ധിച്ചെങ്കിലും ഫലമുണ്ടായില്ല. അനുനയിപ്പിക്കാന്‍ കഴിയാതെ പോയതോടെ ഫയര്‍ ഫോഴ്‌സ് ജീവനക്കാര്‍ ഏണിവച്ച് പനയില്‍ കയറി. തുടര്‍ന്ന് കയറുകൊണ്ട് ബന്ധിച്ചാണ് അയാളെ താഴെയെത്തിച്ചത്. ഉടന്‍തന്നെ ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തു’ – ഗാംഗുലി വിവരിച്ചു. തൊട്ടടുത്ത ദിവസം അയാള്‍ തിരികെയെത്തിയപ്പോഴുണ്ടായ അനുഭവവും ഗാംഗുലി വിവരിച്ചു.
‘പിറ്റേന്ന് എന്തോ അവധി ദിനമായിരുന്നു. വൈകീട്ട് അഞ്ചു മണിയോടെ അയാള്‍ ആശുപത്രിയില്‍നിന്ന് തിരിച്ചെത്തി. അയാളെ കണ്ടതും എല്ലാവരും ഭയന്ന് ഓടാന്‍ തുടങ്ങി. ആരും ഓടരുതേയെന്ന് അയാള്‍ അപേക്ഷിച്ചു. ചില ദിവസങ്ങളില്‍ തന്റെ അമ്മ ഇങ്ങനെ ശരീരത്തില്‍ കയറിക്കൂടാറുണ്ടെന്ന് അയാള്‍ വിശദീകരിച്ചു. അങ്ങനെ ചെറുപ്പത്തില്‍ത്തന്നെ പ്രേതത്തെ കാണാന്‍ അവസരം കിട്ടിയ വ്യക്തിയാണ് ഞാന്‍’ – ഗാംഗുലി പറഞ്ഞു.
follow us: PATHRAM ONLINE