മുംബൈ: ജന്മദിനമാഘോഷിക്കുന്ന മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയെ ആദ്യമായി കണ്ടപ്പോഴുള്ള അനുഭവം വിവരിച്ച് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. തന്റെ യുട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് ധോണിയുമായുള്ള ആദ്യ കൂടിക്കാഴ്ച ചോപ്ര ഓര്‍ത്തെടുത്തത്. സ്വര്‍ണനിറമുള്ള മുടി നീട്ടിവളര്‍ത്തി, മുഖത്ത് ക്രീമും തേച്ചുപിടിപ്പിച്ച്, ബ്രാന്‍ഡഡ് കണ്ണടയും ധരിച്ചുവരുന്ന അന്നത്തെ ധോണിയെ കണ്ടാല്‍ ഇതു ബോളിവുഡ് സെറ്റല്ല, ക്രിക്കറ്റ് ഗ്രൗണ്ടാണെന്ന് ആരും പറഞ്ഞുപോകുമായിരുന്നുവെന്ന് ചോപ്ര വെളിപ്പെടുത്തി. ആദ്യ കാഴ്ചയില്‍ മനസ്സില്‍ തെളിഞ്ഞ ചിത്രം ഇതാണെങ്കിലും ഒറ്റ സംസാരം കൊണ്ടുതന്നെ ഇതൊന്നുമല്ല ധോണിയെന്ന് ബോധ്യമായെന്നും ചോപ്ര പറഞ്ഞു.
2004ല്‍ സിംബാബ്!വെയിലും കെനിയയിലും പര്യടനത്തിനു പോയ ഇന്ത്യ എ ടീമില്‍ അംഗങ്ങളായിരുന്നു ടെസ്റ്റ് ടീം ഓപ്പണറായിരുന്ന ആകാശ് ചോപ്രയും അന്ന് രാജ്യാന്തര ക്രിക്കറ്റിലേക്ക് പിച്ചവച്ചു തുടങ്ങിയ ധോണിയും. ആ പരമ്പരയില്‍ തന്റെ റൂംമേറ്റായിരുന്നു ധോണിയെന്ന് ചോപ്ര വെളിപ്പെടുത്തി.
‘രണ്ടു പതിറ്റാണ്ടിലധികം നീണ്ട ക്രിക്കറ്റ് കരിയറില്‍ ഞാന്‍ ഒട്ടേറെ ക്രിക്കറ്റ് താരങ്ങളെ കണ്ടിട്ടുണ്ട്. ചിലരെ വളരെ അടുത്തും മറ്റു ചിലരെ അത്ര അടുത്തല്ലാതെയും പരിചയപ്പെട്ടിട്ടുമുണ്ട്. അവരില്‍ ചിലര്‍ക്ക് കളിയില്‍ മാത്രമായിരുന്നു ശ്രദ്ധ. മറ്റു ചിലര്‍ക്ക് പ്രശസ്തിയിലും. അവരില്‍ ചിലര്‍ വിജയത്തിന്റെ ചവിട്ടുപടികള്‍ കയറിപ്പോയപ്പോള്‍, മറ്റു ചിലര്‍ വഴിയില്‍ വീണുപോയി. ചിലര്‍ക്ക് ക്രിക്കറ്റ് മാത്രമായിരുന്നു ജീവവായു. മറ്റു ചിലര്‍ക്ക് ഫാഷനും. പക്ഷേ, ആ താരങ്ങളില്‍നിന്നെല്ലാം വ്യത്യസ്തനായിരുന്നു ധോണി’ – ‘ആകാശ് വാണി’ എന്ന തന്റെ യുട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ ചോപ്ര വിവരിച്ചു.
‘ആദ്യമായി കാണുമ്പോള്‍ നീളമുള്ള സ്വര്‍ണത്തലമുടിയായിരുന്നു ധോണിക്ക്. മുഖത്ത് ക്രീം പുരട്ടിയിരിക്കും. ഇതിനു പുറമെ വിലയേറിയ ഒരു ബ്രാന്‍ഡ് കണ്ണടയും ധരിക്കും. പരിചയമില്ലാത്ത ഒരാള്‍ അദ്ദേഹത്തെ കണ്ടാല്‍, ‘ഇത് ബോളിവുഡ് സെറ്റല്ല, ക്രിക്കറ്റ് ഗ്രൗണ്ടാണ്. മാറിനില്‍ക്കൂ’ എന്ന് പറഞ്ഞുപോകും. പക്ഷേ, പിന്നീടങ്ങോട്ട് നമുക്കു മുന്നില്‍ ഇതള്‍വിരിയുന്നത് സര്‍െ്രെപസുകളുടെ ഒരു നിരയാണ്. അദ്ദേഹത്തിന്റെ റൂംമേറ്റായിരുന്നു എനിക്കു സംഭവിച്ചതുപോലെ തന്നെ’ – ചോപ്ര പറഞ്ഞു.
‘2004ലെ ഒരു സംഭവം പറയാം. അന്നത്തെ ഇന്ത്യ എ ടീമിന്റെ സിംബാബ്!വെ, കെനിയ പര്യടനം. ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ഓപ്പണറായിരുന്ന ഞാനും ജൂനിയര്‍ താരമായ ധോണിയും ഒരു റൂമിലായിരുന്നു. എന്താണ് കഴിക്കാന്‍ വേണ്ടതെന്ന് ഞാന്‍ ചോദിക്കുമ്പോള്‍, ഇഷ്ടമുള്ളതു പറഞ്ഞോളൂ എന്നായിരിക്കും ധോണിയുടെ മറുപടി. എപ്പോഴാണ് ഉറങ്ങുന്നത് എന്നു ചോദിച്ചാല്‍, താങ്കള്‍ എപ്പോള്‍ ലൈറ്റ് ഓഫ് ചെയ്താലും അപ്പോള്‍ ഉറങ്ങുമെന്ന് മറുപടി നല്‍കും’ – ചോപ്ര വിവരിച്ചു.
<ു>‘നീട്ടിവളര്‍ത്തിയ സ്വര്‍ണത്തലമുടിക്കാരനില്‍നിന്ന് ഞാന്‍ പ്രതീക്ഷിച്ച മറുപടി ഇതൊന്നുമായിരുന്നില്ല എന്നതാണ് സത്യം. ഭക്ഷണത്തിന്റെ കാര്യം ചോദിക്കുമ്പോള്‍, ‘അതു വിട്ടേയ്ക്കൂ, എനിക്കു വേണ്ടത് ഞാന്‍ ഓര്‍ഡര്‍ ചെയ്‌തോളാം’ എന്ന മറുപടിയാണ് ഞാന്‍ പ്രതീക്ഷിച്ചത്. ഉറക്കത്തിന്റെ കാര്യത്തില്‍, ‘ഞാന്‍ ഉറങ്ങാന്‍ വൈകും, നിങ്ങള്‍ ഉറക്കം വരുമ്പോള്‍ പുതപ്പുകൊണ്ട് മുഖംമൂടി കിടന്നോളൂ’ എന്നും പറയുമെന്ന് കരുതി. പക്ഷേ സംഭവിച്ചതോ? ലാളിത്യത്തില്‍നിന്നാണ് ഉയര്‍ച്ചയുടെ തുടക്കം എന്നു പറയുന്നത് ഇതുകൊണ്ടാണ്. ലളിതമായ ജീവിതം, ഉയര്‍ന്ന ചിന്താഗതി’ – ചോപ്ര പറഞ്ഞു.
‘ലാളിത്യം എന്നു പറയുമ്പോള്‍ അതിനെ ആത്മവിശ്വാസമില്ലായ്മയായി തെറ്റിദ്ധരിക്കരുത്. അങ്ങനെയല്ല. നമ്മള്‍ മഹേന്ദ്രസിങ് ധോണിയുടെ കാര്യമാണ് സംസാരിക്കുന്നത്. കാഴ്ചയില്‍ നമുക്കു മുന്നില്‍ വരുന്ന ധോണിയേ ആയിരുന്നില്ല അടുത്തറിയുന്ന ധോണി’ – ചോപ്ര വിവരിച്ചു.
ക്രിക്കറ്റ് കളിക്കാരനെന്ന നിലയില്‍ ആളുകള്‍ ഗൗരവത്തിലെടുക്കാന്‍ അക്കാലത്ത് മുടിവെട്ടാന്‍ താന്‍ ധോണിയെ ഉപദേശിച്ച കാര്യവും ചോപ്ര അനുസ്മരിച്ചു. ‘ഈ മുടിയും വച്ച് ആളുകള്‍ താങ്കളെ ക്രിക്കറ്റ് താരമെന്ന നിലയില്‍ അത്ര ഗൗരവത്തിലെടുക്കില്ലെന്ന് ഞാന്‍ സ്‌നേഹപൂര്‍വം ഉപദേശിക്കുമായിരുന്നു. ‘ഞാനെന്തായാലും മുടി വെട്ടുന്നില്ല. എന്റെ മുടി കണ്ട് ആളുകള്‍ മുടി വളര്‍ത്തട്ടെ’ എന്നായിരുന്നു അന്ന് ധോണിയുടെ മറുപടി’ – ചോപ്ര പറഞ്ഞു.
‘പിന്നീട് പാക്കിസ്ഥാന്‍ പ്രസിഡന്റായിരുന്ന ജനറല്‍ പര്‍വേസ് മുഷറഫ് പോലും ധോണിയോട് മുടി മുറിക്കരുതെന്ന് ആവശ്യപ്പെട്ട സംഭവമുണ്ടായി. ധോണിയുടെ ആ വാക്കുകളെയും ആത്മവിശ്വാസത്തെയും നാം നമിച്ചേ മതിയാകൂ. ഇന്ന് രാജ്യത്തിന്റെ മുക്കിലും മൂലയിലും ധോണിയുടെ സ്‌റ്റൈല്‍ അനുകരിക്കുന്നവരെ കാണാം’ – ചോപ്ര ചൂണ്ടിക്കാട്ടി.
FOLLOW US: pathram online