കോവിഡില്‍നിന്നു രക്ഷ നേടിയെങ്കിലും പലര്‍ക്കും അദൃശ്യമായ ഒരു വൈകല്യം ജീവിതകാലം മുഴുവന്‍ തുടരുമെന്നു ഫ്രാന്‍സില്‍നിന്നുള്ള റിപ്പോര്‍ട്ട്. ‘മകനെ ചുംബിക്കുമ്പോള്‍ അവന്റെ ഗന്ധം ലഭിക്കുന്നില്ല. ഭാര്യയുടെ ഗന്ധവും നഷ്ടമായിരിക്കുന്നു.’ ഫ്രാന്‍സിലെ ജീന്‍ മൈക്കല്‍ മൈലാര്‍ഡിന്റെ വിലാപമാണിത്. ഇത്തരക്കാരെ സഹായിക്കാന്‍ രൂപീകരിച്ച എനോസ്മി ഡോട്ട് ഓര്‍ഗ് എന്ന സംഘടനയുടെ പ്രസിഡന്റാണ് ജീന്‍.
ഘ്രാണശക്തി നഷ്ടമാകുന്ന എനോസ്മിയ എന്ന അവസ്ഥയാണ് പലര്‍ക്കും കോവിഡിനു പിന്നാലെ ഉണ്ടാകുന്നതെന്നും ഇതിനു കൃത്യമായ ചികിത്സയില്ലെന്നും ജീന്‍ പറയുന്നു. കോവിഡ് ഭേദമായ പലരും ഇപ്പോള്‍ ഈ പരാതി ഉന്നയിക്കുന്നുണ്ട്. രോഗമുക്തി നേടി ഏറെ നാള്‍ കഴിഞ്ഞിട്ടും ഗന്ധം തിരിച്ചറിയാനുള്ള ശേഷി ലഭിച്ചിട്ടില്ല. ജീവിതത്തിന്റെ ഗന്ധങ്ങളില്‍നിന്നു നിങ്ങളെ അകറ്റിനിര്‍ത്തുകയാണ് എനോസ്മിയ ചെയ്യുന്നത്. വല്ലാത്ത അവസ്ഥയാണിതെന്നും ജീന്‍ പറയുന്നു.
ദിവസത്തിന്റെ ആദ്യം ലഭിക്കുന്ന ചൂടു കാപ്പിയുടെ ഗന്ധം നിങ്ങള്‍ക്ക് ആസ്വദിക്കാനാവില്ല. കുളി കഴിഞ്ഞ് ഒരു മീറ്റിങ്ങിനു പോകുമ്പോള്‍ ആത്മവിശ്വാസം നല്‍കുന്ന സോപ്പിന്റെ ഗന്ധവും അറിയാനാവില്ല. ഘ്രാണശക്തി നഷ്ടമാകുമ്പോഴാണ് അതിന്റെ വില അറിയുന്നതെന്നും ജീന്‍ പറഞ്ഞു. ഇതിനു പുറമേ, തീ പടരുന്നതിന്റെയും ഗ്യാസ് ചോരുന്നതിന്റെയും ഗന്ധം അറിയാന്‍ കഴിയാത്തത് വലിയ പ്രശ്‌നമാണെന്നും ജീന്‍ പറഞ്ഞു. ഗന്ധം ആസ്വദിക്കാതെ വേണം ഭക്ഷണം കഴിക്കാന്‍.
പ്രമേഹം, അല്‍ഷിമേഴ്‌സ്, പാര്‍ക്കിന്‍സണ്‍സ് തുടങ്ങി പല കാരണങ്ങള്‍ കൊണ്ട് എനോസ്മിയ ഉണ്ടാകുന്നുണ്ട്. കോവിഡും ആ പട്ടികയിലേക്ക് എത്തിയിരിക്കുകയാണെന്ന് ഡോ. അലൈന്‍ കോര്‍ പറഞ്ഞു. ഇതുമൂലം ചിലര്‍ക്കു വിഷാദരോഗം പോലും ഉണ്ടാകുന്നുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു. ഈ അവസ്ഥയ്ക്കു കൃത്യമായ ചികിത്സയില്ല. കോവിഡ് ബാധിച്ച 80 ശതമാനം പേര്‍ക്കും രോഗമുക്തിക്കു ശേഷം ഘ്രാണശക്തി തിരിച്ചു കിട്ടിയിട്ടുണ്ട്. എന്നാല്‍ ചിലര്‍ക്ക് ഗന്ധം തിരിച്ചറിയുന്ന ഒല്‍ഫാക്ടറി ന്യൂറോണിനെ വൈറസ് ബാധിക്കുന്നുണ്ട്.
മൂക്കിന്റെ പിറകുവശത്തുള്ള ന്യൂറോണുകള്‍ പുനരുജ്ജീവിക്കുമെന്നത് ആശ്വാസകരമാണെന്നു ഡോ. അലൈന്‍ പറഞ്ഞു. രോഗമുക്തി നേടിയവര്‍ അടുക്കളയില്‍ കറുവാപ്പട്ട ഉള്‍പ്പെടെ ഇഷ്ടപ്പെട്ട സുഗന്ധവ്യഞ്ജനങ്ങള്‍ ദിവസവും രണ്ടു പ്രാവശ്യമെങ്കിലും മണത്തുനോക്കണം. ആ വസ്തുവില്‍ നോക്കിക്കൊണ്ടുവേണം ശ്വാസം ഉള്ളിലേക്ക് എടുക്കാന്‍.
മാര്‍ച്ച് മുതല്‍ സമാനമായ പ്രശ്‌നം ചൂണ്ടിക്കാട്ടി നിരവധി ഫോണ്‍ കോളുകളാണ് എത്തുന്നതെന്ന് നാഷനല്‍ സെന്റര്‍ ഫോര്‍ സയന്റിഫിക് റിസര്‍ച്ച് ഡയറക്ടര്‍ ഹിരാക് ഗുര്‍ഡെന്‍ പറഞ്ഞു. ഇവര്‍ക്കായി ഒരു പുനര്‍ വിദ്യാഭ്യാസ പദ്ധതി രൂപീകരിച്ചിട്ടുണ്ട്. ഇവിടെ ചികിത്സ തേടിയ ജീന്‍ മൈക്കല്‍ മൈലാര്‍ഡിന് ഇപ്പോള്‍ പത്തു ഗന്ധങ്ങള്‍ വരെ ആസ്വദിക്കാനുള്ള ശേഷി തിരികെ ലഭിച്ചിട്ടുണ്ട്. മീന്‍, സിഗരറ്റ്, റോസ് വാട്ടര്‍, ഒരു പെര്‍ഫ്യൂം തുടങ്ങിയവയുടെ ഗന്ധം തിരിച്ചറിഞ്ഞു തുടങ്ങിയതായി ജീന്‍ പറഞ്ഞു.
FOLLOW US: pathram online