വിവാഹബന്ധം പിരിഞ്ഞ ശേഷം നക്ഷത്ര ഹോട്ടലുകളിലെ പാര്‍ട്ടികളില്‍ സ്ഥിരം സാന്നിധ്യം ; സ്വപ്‌ന സുരേഷിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

തിരുവനന്തപുരം : സ്വര്‍ണക്കടത്തുകേസില്‍ കസ്റ്റംസ് തിരയുന്ന സ്വപ്ന സുരേഷ് ഐടി വകുപ്പില്‍ ജോലി ചെയ്തത് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിലെ പ്രതിയെന്ന വിവരം മറച്ചുവച്ച്. യുഎഇ കോണ്‍സുലേറ്റ് മുന്‍ പിആര്‍ഒ സരിത്തിനെ ചോദ്യം ചെയ്തപ്പോഴാണ് സുഹൃത്തു കൂടിയായ സ്വപ്നയുടെ പങ്കിനെക്കുറിച്ച് സൂചന ലഭിച്ചത്. അതിനു മുന്‍പ് എയര്‍ ഇന്ത്യ സാറ്റ്‌സില്‍ 6 മാസത്തോളം ട്രെയിനര്‍ ആയിരുന്ന സ്വപ്നയ്‌ക്കെതിരെ അവിടെ വ്യാജരേഖ ചമച്ച കേസില്‍ െ്രെകംബ്രാഞ്ച് അന്വേഷണം നടക്കുകയാണ്.

എയര്‍ ഇന്ത്യ ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് വിഭാഗത്തിലെ ഓഫിസര്‍ എല്‍.എസ്. ഷിബുവിനെ കള്ളക്കേസില്‍ കുടുക്കിയതിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സ്വപ്നയെ 2 തവണ ചോദ്യം ചെയ്തിരുന്നു. ഷിബുവിനെതിരെ കള്ളപ്പരാതി തയാറാക്കിയതും എയര്‍ ഇന്ത്യ എന്‍ക്വയറി കമ്മിറ്റിക്കു മുന്‍പില്‍ വ്യാജപ്പേരില്‍ പെണ്‍കുട്ടിയെ ഹാജരാക്കിയതും സ്വപ്ന സമ്മതിച്ചിരുന്നു. കഴിഞ്ഞ മാസം വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെങ്കിലും അവര്‍ എത്തിയില്ല. ചോദ്യം ചെയ്യല്‍ സമയത്തൊന്നും ഇവര്‍ ഐടി വകുപ്പില്‍ ജോലി ചെയ്യുന്ന വിവരം ക്രൈംബ്രാഞ്ചിനെയും അറിയിച്ചില്ല. ചോദ്യം ചെയ്യലിനിടെ തന്നെ ഇവരെ വിട്ടയ്ക്കണമെന്നാവശ്യപ്പെട്ട് ഉന്നതതലസമ്മര്‍ദം പൊലീസിനു മേലുണ്ടായിരുന്നു.

സ്വപ്ന സുരേഷ് ജനിച്ചതും വളര്‍ന്നതും അബുദാബിയിലാണ്. തിരുവനന്തപുരം ബാലരാമപുരം സ്വദേശിയായ പിതാവിന് അവിടെയായിരുന്നു ജോലി. സ്വപ്ന അബുദാബി വിമാനത്താവളത്തിലെ പാസഞ്ചര്‍ സര്‍വീസ് വിഭാഗത്തില്‍ ജോലി ചെയ്തിരുന്നു. വിവാഹിതയായെങ്കിലും പിന്നീടു ബന്ധം വേര്‍പിരിഞ്ഞു. അതിനുശേഷമാണു മകളുമായി തിരുവനന്തപുരത്തെത്തിയത്.

2 വര്‍ഷം ട്രാവല്‍ ഏജന്‍സിയില്‍ ജോലി ചെയ്തു. 2013 ലാണ് എയര്‍ ഇന്ത്യ സാറ്റ്‌സില്‍ ജോലിയില്‍ കയറിയത്. 2016 ല്‍ ക്രൈംബ്രാഞ്ച് കേസിനാസ്പദമായ സംഭവത്തിനു തൊട്ടുപിന്നാലെ അബുദാബിയിലേയ്ക്കു മടങ്ങി. പിന്നെ യുഎഇ കോണ്‍സുലേറ്റില്‍ കോണ്‍സുലേറ്റ് ജനറലിന്റെ സെക്രട്ടറിയായി ജോലിയില്‍ പ്രവേശിച്ചു. കഴിഞ്ഞവര്‍ഷം ജോലി വിട്ടു. ക്രമക്കേടുകളെത്തുടര്‍ന്ന് ഇവരെ പുറത്താക്കുകയായിരുന്നുവെന്നും സൂചനയുണ്ട്.

കോണ്‍സുലേറ്റില്‍ ജോലി ചെയ്യുമ്പോഴാണ് തലസ്ഥാനത്തെ ഉന്നതരുമായി ബന്ധം സ്ഥാപിക്കുന്നത്. നക്ഷത്ര ഹോട്ടലുകളിലെ പാര്‍ട്ടികളില്‍ സ്ഥിരം സാന്നിധ്യമായി. നഗരത്തില്‍ കോടികള്‍ ചെലവുവരുന്ന വീടിന്റെ നിര്‍മാണം തുടങ്ങിയെന്നും വിവരമുണ്ട്. അറബിക് ഉള്‍പ്പെടെയുള്ള ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യാന്‍ കഴിയുന്ന സ്വപ്ന കേരളം സന്ദര്‍ശിച്ച അറബ് നേതാക്കളുടെ സംഘത്തില്‍ പലപ്പോഴും അംഗമായിരുന്നു.

follow us: PATHRAM ONLINE

Similar Articles

Comments

Advertismentspot_img

Most Popular