സ്വപ്‌ന സുരേഷുമായി മുഖ്യമന്ത്രിയുടെ ഓഫിസിന് അവിഹിത ബന്ധമെന്ന് കെ. സുരേന്ദ്രന്‍; മറുപടിയുമായി മുഖ്യമന്ത്രി

കോഴിക്കോട്: യു.എ.ഇ. കോണ്‍സുലേറ്റിലേക്ക് ഭക്ഷണസാധനമെന്ന പേരില്‍ പാഴ്‌സലായി കടത്താന്‍ ശ്രമിച്ച 30 കിലോയോളം സ്വര്‍ണം തിരുവനന്തപുരം വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടിയ സംഭവത്തില്‍ മുഖ്യകണ്ണിയെന്ന് സംശയിക്കുന്ന സ്വപ്‌ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസുമായി അവിഹിത ബന്ധമുണ്ടെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.

സംസ്ഥാന ഐ.ടി. വകുപ്പിലെ ഉദ്യോഗസ്ഥയും മുന്‍ കോണ്‍സുലേറ്റ് ജീവനക്കാരിയുമായ സ്വപ്‌ന സുരേഷ് എയര്‍ ഇന്ത്യയുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന വ്യാജരേഖ കേസില്‍ പ്രതി ചേര്‍ക്കാനിരിക്കുന്ന വ്യക്തിയാണ്. രണ്ട് തവണ ഇവരെ ചോദ്യം ചെയ്തതുമാണ്. ഇത് ആഭ്യന്തര വകുപ്പിനും മുഖ്യമന്ത്രിയുടെ ഓഫീസിനും അറിയാം. എന്നിട്ടും എങ്ങനെയാണ് മുഖ്യമന്ത്രിക്ക് കീഴിലെ ഒരു വകുപ്പില്‍ സുപ്രധാന സ്ഥാനത്ത് ഇവര്‍ എത്തിയതെന്നും കെ.സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.

വിമാനത്താവളത്തില്‍നിന്ന് സ്വര്‍ണം പിടിക്കപ്പെട്ടപ്പോള്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് ആദ്യം വിളി വന്നത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണ്. പ്രതികളെ രക്ഷപ്പെടുത്താനാണ് ശ്രമം നടന്നത്. ഐ.ടി. വകുപ്പ് സെക്രട്ടറിയുടെ അടക്കം ഫോണ്‍ രേഖകള്‍ പരിശോധിച്ചാല്‍ ഇവരുമായുള്ള മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അവിഹിതബന്ധം പുറത്ത് വരുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഐ.ടി. സെക്രട്ടറിയുമായി ബന്ധമുള്ള മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥന്റെ ഒത്താശയോടെയെയാണ് ഇവര്‍ ഐ.ടി. വകുപ്പിന് കീഴിലെ പ്രധാന ചുമതലയില്‍ ഇരുന്നത്. കെ. ഫോണ്‍ അടക്കമുള്ളവയുടെ ചുമതല അവര്‍ക്കായിരുന്നു. യു.എ.ഇ. കോണ്‍സുലേറ്റില്‍ നിന്ന് നിരവധി ആരോപണങ്ങള്‍കൊണ്ട് പുറത്താക്കപ്പെട്ട ഒരാള്‍ എങ്ങനെയാണ് ഐ.ടി. വകുപ്പിന്റെ ഉന്നത സ്ഥാനത്ത് വന്നത്. ആരാണ് നിയമനം നല്‍കിയത്. ഏത് മാനദണ്ഡത്തിന്റെ പേരിലാണ് അവര്‍ വന്നതെന്നും അതിന് മുഖ്യമന്ത്രി മറുപടി നല്‍കണമെന്നും കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ ഓഫീസിന് അധോലോക, സ്വര്‍ണക്കടത്ത്, മാഫിയാ ബന്ധങ്ങളുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ തന്നെ കള്ളക്കടത്ത് സംഘത്തെ സഹായിക്കുന്ന ആളുകള്‍ ഉണ്ടെങ്കില്‍ അത് രാജ്യസുരക്ഷയെ അടക്കം ബാധിക്കുന്ന പ്രശ്‌നമാണ്. നിരവധി ആരോപണങ്ങളില്‍പെട്ടയാല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ കറങ്ങി നടക്കുന്നുവെന്ന സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ കണ്ടെത്തല്‍ എങ്ങനെ അവഗണിക്കപ്പെട്ടുവെന്നും സുരേന്ദ്രന്‍ ചോദിച്ചു. ഉമ്മന്‍ചാണ്ടിയുടെ കാലത്ത് സരിതയായിരുന്നുവെങ്കില്‍ ഇന്ന് സ്വപ്‌നയാണെന്ന വ്യത്യാസമേയുള്ളൂ. എന്നാല്‍ ജനങ്ങള്‍ സ്വപ്‌നലോകത്തല്ല എന്ന് മനസ്സിലാക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

പിന്നാലെ കെ. സുരേന്ദ്രന് മുഖ്യമന്ത്രി മറുപടി നല്‍കി. എന്ത് അസംബന്ധവും വിളിച്ചു പറയുന്ന രീതി ശരിയല്ല. തെറ്റുകാരെ സംരക്ഷിക്കുന്ന ലാവണമല്ല മുഖ്യമന്ത്രിയുടെ ഓഫീസ്. ഏത് കേസ് വന്നാലും മുഖ്യമന്ത്രിയുടെ ഓഫീസിനെ ബന്ധപ്പെടുത്താൻ ശ്രമം. സ്വർണക്കടത്ത് കേസിൽ ശരിയായ രീതിയിൽ അന്വേഷണം നടക്കുന്നു. ആരെങ്കിലും രക്ഷപ്പെടുന്ന സ്ഥിതി ഉണ്ടാവില്ല.

ഐടി വകുപ്പിലെ സ്വപ്നയുടെ നിയമത്തെക്കുറിച്ച് അറിവില്ല. തന്റെ അറിവോടെയല്ല നിയമനം എന്ന് മുഖ്യമന്ത്രി പറഞ്ഞു.

follow us: PATHRAM ONLINE

Similar Articles

Comments

Advertismentspot_img

Most Popular