ന്യൂ!ഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) പ്രസിഡന്റ് സൗരവ് ഗാംഗുലി, ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി എന്നിവര്‍ക്കെതിരെ ഭിന്നതാല്‍പര്യ ആരോപണം ഉയരുന്നു. മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ അംഗമായ സഞ്ജീവ് ഗുപ്തയാണ് ക്യാപ്റ്റന്‍ വിരാട് കോലിക്കെതിരെ ആരോപണം ഉന്നയിച്ചത്. ബിസിസിഐ ഓംബുഡ്‌സ്മാന്‍ ഡി.കെ. ജയിനിന് ഇതുമായി ബന്ധപ്പെട്ട് സഞ്ജീവ് ഗുപ്ത പരാതിയും നല്‍കി. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിക്കെതിരെയും സമാനമായ ആരോപണം ഉയര്‍ന്നിട്ടുണ്ട്.
മുന്‍പ് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, വി.വി.എസ്. ലക്ഷ്മണ്‍, രാഹുല്‍ ദ്രാവിഡ്, കപില്‍ ദേവ് തുടങ്ങിയവര്‍ക്കെതിരെ ഭിന്നതാല്‍പര്യ വിഷയത്തില്‍ ആരോപണം ഉന്നയിച്ച വ്യക്തിയാണ് ഇത്തവണ വിരാട് കോലിക്കെതിരെ രംഗത്തു വന്നിരിക്കുന്ന സഞ്ജീവ് ഗുപ്ത. ഇയാള്‍ ഉയര്‍ത്തിയ ആരോപണത്തെ തുടര്‍ന്ന് ബിസിസിഐ ഇവര്‍ക്കെല്ലാം നോട്ടിസും അയച്ചിരുന്നു. ബിസിസിഐ ഉപദേശക സമിതി അധ്യക്ഷ സ്ഥാനത്തുനിന്ന് കപില്‍ ഒഴിഞ്ഞത് ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ്. രാഹുല്‍ ദ്രാവിഡിന് ഭിന്നതാല്‍പര്യ വിഷയത്തില്‍ ബിസിസിഐ നോട്ടിസ് അയച്ചത് വിവാദമാകുകയും ചെയ്തു.
follow us: PATHRAM ONLINE LATEST NEWS