അധ്യയന വര്‍ഷം നഷ്ടമാകാതെ കേരള സിലബസ് വെട്ടിക്കുറച്ചേക്കും

തിരുവനന്തപുരം: സ്കൂൾ തുറക്കൽ അനിശ്ചിതമായി നീളുന്ന സാഹചര്യത്തിൽ പത്താം ക്ലാസ് വരെയുള്ള കേരള സിലബസ് വെട്ടിക്കുറയ്ക്കാൻ സർക്കാർ ആലോചിക്കുന്നു. ഇതും പരീക്ഷകൾ, പാഠ്യേതരപ്രവർത്തനങ്ങൾ എന്നിവയുടെ ഘടനാമാറ്റം ഉൾപ്പെടെയുള്ള മാർഗങ്ങളും ആലോചിക്കാൻ കരിക്കുലം കമ്മിറ്റിയുടെ വിഡിയോ യോഗം 8ന് ചേരും.

എൻസിഇആർടി മാർഗനിർദേശങ്ങൾ കൂടി പരിഗണിച്ചായിരിക്കും തീരുമാനം. ഇക്കാര്യങ്ങളെക്കുറിച്ചു പഠിച്ചു റിപ്പോർട്ട് തയാറാക്കാൻ വിദഗ്ധസമിതിയെ നിയോഗിക്കാനും ആലോചനയുണ്ട്.

വിദ്യാർഥികൾക്ക് അധ്യയനവർഷം നഷ്ടമാകാതെയുള്ള നടപടികൾക്കായിരിക്കും പ്രധാന പരിഗണന. പ്ലസ് ടു വിദ്യാർഥികൾക്കു നീറ്റ് ഉൾപ്പെടെ ദേശീയതലത്തിലുള്ള പരീക്ഷകളുള്ളതിനാൽ കേന്ദ്രനിർദേശങ്ങൾ പ്രകാരം തീരുമാനമെടുക്കും.

സ്കൂൾ എന്നു തുറക്കാനാകുമെന്ന കാര്യത്തിൽ ഇതുവരെ ധാരണയൊന്നുമില്ല. ഇനിയും മാസങ്ങളോളം അടഞ്ഞു കിടന്നേക്കാം. ശരാശരി 200 അധ്യയനദിവസമാണു വേണ്ടത്. വിഎച്ച്എസ്ഇക്ക് 220.

പ്രൈമറിക്ക് 800 മണിക്കൂർ, സെക്കൻഡറി, ഹയർ സെക്കൻഡറി–1000 മണിക്കൂർ, വിഎച്ച്എസ്ഇ–1200 മണിക്കൂർ. ഓഗസ്റ്റ് 15 വരെ സ്കൂൾ അടഞ്ഞുകിടക്കുമെന്നു കണക്കാക്കിയാൽ ശരാശരി 56 ദിവസമുള്ള ആദ്യടേം പൂർണമായി നഷ്ടമാകും. ആകെയുള്ളതിന്റെ 25 ശതമാനത്തിലേറെ.

പരിഗണനയിലുള്ള മാര്‍ഗങ്ങള്‍ ഇവയാണ്. സ്‌കൂളുകള്‍ക്ക് ശനിയാഴ്ചകളിലും ക്ലാസ് നടത്തുക. ഉത്സവ അവധിദിനങ്ങള്‍ (ഓണം, ക്രിസ്മസ്) കുറയ്ക്കുക. പാദ, അര്‍ധവാര്‍ഷിക പരീക്ഷകള്‍ ഒഴിവാക്കി ഒറ്റ വാര്‍ഷികപ്പരീക്ഷ മാത്രം, അല്ലെങ്കില്‍ പരീക്ഷയുടെ ഘടനാമാറ്റം. കല, കായികോത്സവങ്ങള്‍ അധ്യയനം നഷ്ടപ്പെടാതെ മാത്രം നടത്തുക. പാഠ്യേതരപ്രവര്‍ത്തനങ്ങള്‍, ലബോറട്ടറി, ലൈബ്രറി എന്നിവ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലാക്കുക.

സിബിഎസ്ഇയുടെ 9 മുതല്‍ 12 വരെ ക്ലാസുകളിലെ സിലബസ് 30% കുറയ്ക്കാന്‍ നയപരമായ തീരുമാനമെടുത്തതായി ഡയറക്ടര്‍ (അക്കാദമിക്) ജോസഫ് ഇമ്മാനുവല്‍ അറിയിച്ചിട്ടുണ്ട്. ഒന്നു മുതല്‍ 8 വരെ ക്ലാസുകളില്‍ എന്‍സിഇആര്‍ടി നേരത്തേ പ്രഖ്യാപിച്ച സിലബസ് ഇളവു പ്രകാരമായിരിക്കും ക്ലാസുകള്‍. പാഠ്യഭാഗങ്ങള്‍ കുറച്ച്, ആശയങ്ങള്‍ കൂടുതല്‍ വിപുലീകരിക്കുന്ന രീതിയിലാകും ഇത്. 2021ലെ പരീക്ഷ സാധാരണ പോലെ നടത്താനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം അടുത്ത വര്‍ഷത്തെ ഐസിഎസ്ഇ (10), ഐഎസ്സി (12) പരീക്ഷകള്‍ക്കുള്ള പാഠഭാഗങ്ങള്‍ 25% കുറയ്ക്കുമെന്നു കൗണ്‍സില്‍ ഫോര്‍ ദി ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍സ് (സിഐഎസ്‌സിഇ) കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

FOLLOW US: pathram online

Similar Articles

Comments

Advertismentspot_img

Most Popular