കോവിഡ് ; എറണാകുളം ജില്ലയില്‍ പൊതുഗതാഗത സംവിധാനത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി

കൊച്ചി: എറണാകുളം ജില്ലയില്‍ പൊതുഗതാഗത സംവിധാനത്തില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി കലക്ടറുടെ ഉത്തരവ്. കണ്ടക്ടര്‍മാര്‍ മാസ്‌കിന് പുറമേ ഫെയ്‌സ് ഷീല്‍ഡും കയ്യുറയും ധരിക്കണം. ഓട്ടോറിക്ഷ, ബസ്, ടാക്‌സി കാറുകള്‍ എന്നിവയില്‍ ഡ്രൈവര്‍മാരേയും യാത്രക്കാരേയും വേര്‍തിരിക്കുന്ന മറ നിര്‍ബന്ധം. 15 ദിവസത്തിനകം മറ സ്ഥാപിക്കണം. വാഹനങ്ങള്‍ എല്ലാ ദിവസവും അണുവിമുക്തമാക്കണം. നിബന്ധനകള്‍ പാലിക്കാത്തവരുടെ ലൈസന്‍സ് റദ്ദാക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

കോവിഡ് സമ്പര്‍ക്ക വ്യാപന തോത് ഉയര്‍ന്നതോടെ എറണാകുളം ജില്ലയില്‍ ജാഗ്രത ശക്തമാക്കിയിരുന്നു. എറണാകുളം മാര്‍ക്കറ്റില്‍ കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ കൊച്ചി നഗരത്തില കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. കോവിഡ് നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ കടുത്ത നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍ അറിയിച്ചു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ എറണാകുളത്ത് സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ചത് 16 പേര്‍ക്കാണ്. ഇതില്‍ 9 പേരും എറണാകുളം മാര്‍ക്കറ്റിലെ കടകളില്‍ ജോലിയെടുക്കുന്നവരും കുടുംബാംഗങ്ങളുമാണ്.

മാര്‍ക്കറ്റില്‍ നിന്ന് ഇന്നലെയും ഇന്നുമായി എഴുപതോളം പേരുടെ സാംപിളുകള്‍ പരിശോധനക്കയച്ചു. കൂടുതല്‍ ആളുകളിലേക്കു രോഗവ്യാപനവും ആരോഗ്യവകുപ്പ് പ്രതീക്ഷിക്കുന്നു. ഇതോടെയാണ് കൊച്ചി നഗരത്തില്‍ കോവിഡ് പരിശോധനയും, നിയന്ത്രണങ്ങളും കര്‍ശനമാക്കാനുള്ള തീരുമാനം. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ആളുകള്‍ പുറത്തിറങ്ങരുത്. കടകളിലും ഓഫിസുകളിലും സാമൂഹിക അകലം പാലിക്കണം. പനി, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണം.

എറണാകുളം മാര്‍ക്കറ്റില്‍ കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയിലെ മറ്റ് മാര്‍ക്കറ്റുകളിലും നിരീക്ഷണം ശക്തമാക്കി. മാര്‍ക്കറ്റുകളില്‍ അണുനശീകരണവും നടത്തും. ആരോഗ്യവകുപ്പും പൊലീസും സംയുക്തമായാണ് പരിശോധന നടത്തുക. ജില്ലയില്‍ കൂടുതല്‍ കോവിഡ് കെയര്‍ സെന്ററുകള്‍ കണ്ടെത്താന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7